മദ്റസാധ്യാപകൻ റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് കയറി വെട്ടിക്കൊന്ന കേസിൽ വിധി പറയുന്നത് മാറ്റിവെച്ചു
കാസര്‍കോട്: മദ്റസാധ്യാപകനെ പള്ളിയിലെ കിടപ്പുമുറിയിൽ കയറി ആർ.എസ്.എസ് പ്രവർത്തകർ വെട്ടിക്കൊന്ന കേസിൽ വിധിപ്രസ്താവിക്കുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി. ചൂരിയിലെ മദ്റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി(27)യെ വെട്ടിക്കൊന്ന കേസിൽ ഇന്ന് വിധി പറയാനിരുന്നതായിരുന്നു. എന്നാൽ കേസ് പരിഗണിക്കുന്ന കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണൻ അവധിയിലായതിനാൽ വിധി പറയുന്നത് മാറ്റിവെക്കുകയായിരുന്നു. നീണ്ട ഏഴുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയുമെന്ന് പ്രതീക്ഷിച്ചിരുന്നത്.
2017 മാര്‍ച്ച് 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുലര്‍ച്ചെ പഴയചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറി റിയാസ് മൗലവിയെ ആർ.എസ്.എസുകാരായ പ്രതികൾ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യം നടന്ന് മൂന്ന് ദിവസത്തിനകം തന്നെ പിടിയിലായ പ്രതികള്‍ ഏഴ് വര്‍ഷമായി ജയിലിലാണ്.
റിയാസ് മൗലവി വധക്കേസ് പ്രതികളായ ആർ.എസ്.എസ് പ്രവർത്തകർ
2019ലാണ് കേസിന്റെ വിചാരണ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ ആരംഭിച്ചത്. ജഡ്ജിമാരുടെ സ്ഥലം മാറ്റവും കോവിഡും കാരണം പലതവണ മാറ്റിവെച്ച കേസ് ഇതുവരെ ഏഴ് ജഡ്ജിമാരാണ് പരിഗണിച്ചത്. കേസിന്‍റെ വിചാരണയും അന്തിമവാദവും തുടർ നടപടികളും കോടതി പൂര്‍ത്തിയാക്കിയിരുന്നു.
ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഡി.എന്‍.എ പരിശോധന ഫലമടക്കം 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 97 സാക്ഷികളെ കോടതി വിസ്തരിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക