യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി; കോൺഗ്രസ് 16 സീറ്റിൽ മത്സരിക്കും,ലീഗിന് മൂന്നാം സീറ്റിന് പകരം രാജ്യസഭ

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിന് മൂന്നാം സീറ്റില്ല. രാജ്യസഭാ സീറ്റ് പകരമായി മുസ്‍ലിം ലീഗിന് നൽകും. മുസ്‍ലിം ലീഗ് മലപ്പുറത്തും, പൊന്നാനിയിലും മത്സരിക്കും. കോൺഗ്രസ് 16 സീറ്റിൽ മത്സരിക്കും. ഇത്തവണ രാജ്യസഭാ സീറ്റ് ലീഗിനു നൽകുന്നതിനു പകരമായി, പിന്നീട് വരുന്ന രാജ്യസഭാ സീറ്റ് കോൺഗ്രസ് എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

യുഡിഎഫ് ഭരണത്തിലെത്തുമ്പോൾ മൂന്ന് രാജ്യസഭാ സീറ്റ് കോൺഗ്രസിനും രണ്ടു സീറ്റ് മുസ്‍ലിം ലീഗിനുമാണ് ഉണ്ടാകാറുള്ളത്. അത് ഉറപ്പു വരുത്തും. ലീഗ് നേതാക്കളും പ്രവർത്തകരും ലോക്സഭയിലേക്ക് മൂന്നാം സീറ്റ് ചോദിച്ചിരുന്നു. കൊടുക്കണമെന്ന് കോൺഗ്രസിന് ആഗ്രമുണ്ടായെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുണ്ടായതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. മൂന്നാം സീറ്റിന് ലീഗിന് അർഹതയുണ്ട്. സാധാരണ പ്രതിപക്ഷത്തുള്ളപ്പോൾ ലീഗിന് ഒരു രാജ്യസഭാ സീറ്റാണ് ഉണ്ടാകാറുള്ളത്. എന്നാൽ, രണ്ടു വർഷം മുൻപ് തന്നെ രണ്ടു രാജ്യസഭാ സീറ്റ് ലീഗിന് ലഭിച്ചു. സീറ്റ് വിഭജനം ദേശീയ നേതൃത്വവുമായി ആലോചിച്ച് എടുത്ത തീരുമാനമാണ്.

കോൺഗ്രസ് സ്ഥാനാർഥി ചർച്ചകളിലേക്ക് ഇന്ന് കടക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്ര നേതൃത്വവുമായി സംസാരിച്ച് തീരുമാനം പ്രഖ്യാപിക്കും. കോൺഗ്രസ് സ്ഥാനാർഥി ചർച്ചകൾ വൈകിയിട്ടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. 5 ദിവസം മുൻപാണ് എല്‍ഡിഎഫ് സ്ഥാനാർഥി ചർച്ച പൂർത്തിയാക്കിയത്. ആദ്യം കോൺഗ്രസിന്റെ സ്ക്രീനിങ് കമ്മിറ്റി യോഗം ചേരും. ഇവിടുത്തെ ചർച്ചകൾ കമ്മിറ്റിയെ അറിയിക്കും. പിന്നീട് സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ചേരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ടി.പി കൊലപാതക കേസിൽ നിയമപോരാട്ടം തുടരുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. കൊലയിൽ സിപിഎമ്മിന് പങ്കില്ലെന്ന വാദം പൊളിഞ്ഞു. ഗൂഢാലോചന നടത്തിയ മുഴുവൻ പേരെയും പിടികൂടണം. ടി.പി കേസിലെ പ്രതികൾക്ക് പരോൾ ലഭിക്കുന്നത് സർക്കാർ സഹായത്തോടെയാണെന്ന് കോടതിക്ക് മനസിലായി. ടി.പി കേസിലെ പ്രതികളുടെ വാലാട്ടി നിൽക്കുന്ന ഉദ്യോഗസ്ഥരാണ് ജയിലുകളിലുള്ളത്. പാർട്ടി ഭരിക്കുമ്പോൾ പ്രതികൾക്ക് സുഖജീവിതം ലഭിക്കുമെന്ന് കണ്ടതിനാലാണ് കോടതി ശിക്ഷ വർധിപ്പിച്ചതും പരോൾ ഒഴിവാക്കണമെന്ന് നിർദേശിച്ചതും. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം തിരഞ്ഞെടുപ്പിൽ പ്രചാരണവിഷയമാകും. മുഖ്യമന്ത്രിയടക്കം രക്തദാഹിയാണെന്നും കെ.സുധാകരൻ പറഞ്ഞു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!