ഫലസ്തീൻ സർക്കാർ രാജിവെച്ചു; അമേരിക്കൻ പിന്തുണയോടെ പുതിയ സർക്കാരിന് നീക്കം

ഫലസ്തീനിലെ തൻ്റെ സർക്കാർ രാജിവെച്ചതായി ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യ പറഞ്ഞു. അധിനിവേശ പ്രദേശത്ത് വർദ്ധിച്ചുവരുന്ന അക്രമങ്ങളും ഗാസയ്‌ക്കെതിരായ യുദ്ധവും കാരണം അധിനിവേശ വെസ്റ്റ് ബാങ്കിൻ്റെ ചില ഭാഗങ്ങൾ ഭരിക്കുന്ന തൻ്റെ സർക്കാർ രാജിവെക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

വെസ്റ്റ് ബാങ്കിലെയും ജറുസലേമിലെയും അഭൂതപൂർവമായ വർദ്ധനയുടെയും ഗാസ മുനമ്പിലെ യുദ്ധത്തിൻ്റെയും വംശഹത്യയുടെയും പട്ടിണിയുടെയും വെളിച്ചത്തിലാണ് രാജിവെക്കാനുള്ള തീരുമാനം. തിങ്കളാഴ്ച ഫലസ്തീൻ അതോറിറ്റി (പിഎ) പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസിന് രാജിക്കത്ത് സമർപ്പിച്ചതായും  അദ്ദേഹം അറിയിച്ചു.

എന്നാൽ ഫലസ്തീൻ അതോറിറ്റിയെ ഇളക്കി മറിക്കാനും, യുദ്ധത്തെത്തുടർന്ന് ഫലസ്തീൻ രാഷ്ട്രത്തെ ഭരിക്കാനും കഴിയുന്ന ഒരു രാഷ്ട്രീയ സംവിധാനത്തിൻ്റെ പ്രവർത്തനം ആരംഭിക്കാൻ പ്രസിഡണ്ടിന് മേലുള്ള അമേരിക്കയുടെ സമ്മർദ്ദം വർദ്ധിക്കുന്നതിനിടയിലാണ് രാജിയും പ്രധാനമന്ത്രിയുടെ പ്രസ്താവനകളുമെന്നത് ശ്രദ്ധേയമാണ്.

“പാശ്ചാത്യ പിന്തുണയോടെ ഫലസ്തീൻ അതോറിറ്റിയെ പുനരുജ്ജീവിപ്പിക്കാൻ ഫലസ്തീൻ നേതൃത്വം ആഗ്രഹിക്കുന്നുണ്ട്. യുദ്ധം അവസാനിച്ചാൽ ഗസ്സയുടെ ഭരണം പരിഷ്കരിച്ച ഫലസ്തീൻ അതോറിറ്റിയെ ഏൽപ്പിക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. എന്നാൽ ആ ആഗ്രഹം യാഥാർത്ഥ്യമാക്കുന്നതിന് നിരവധി തടസ്സങ്ങളുണ്ട്. അടുത്ത ഘട്ടത്തിനും അതിൻ്റെ വെല്ലുവിളികൾക്കും ഗാസ മുനമ്പിലെ പുതിയ യാഥാർത്ഥ്യം കണക്കിലെടുത്ത് പുതിയ സർക്കാരും രാഷ്ട്രീയ ക്രമീകരണങ്ങളും ആവശ്യമാണ്.” – പ്രധാനമന്ത്രി ഒരു മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു.

എന്നാൽ രാജി സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യം പ്രസിഡണ്ട് ഇത് വരെ തീരുമാനിച്ചിട്ടില്ല. ഫലസ്തീൻ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ചെയർമാൻ മുഹമ്മദ് മുസ്തഫയെ പ്രധാനമന്ത്രിയായി അബ്ബാസ് തിരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്. വെടിനിർത്തൽ കരാറിലെത്തിയാലും ആക്രമണം ആരംഭിച്ചാൽ ആഴ്ചകൾക്കുള്ളിൽ ഗാസ പ്രദേശമായ റഫയിൽ സമ്പൂർണ വിജയം കൈവരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഫലസ്തീൻ സർക്കാരിൻ്റെ രാജി.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!