ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിനേഴുകാരി ആത്മഹത്യ ചെയ്തതാണെന്ന പൊലീസ് വാദം തള്ളി കുടുംബം; വീട്ടുകാർക്ക് നേരെ ചോദ്യമുയർത്തി സോഷ്യൽ മീഡിയ

മലപ്പുറം∙ എടവണ്ണപ്പാറ ചാലിയാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വിദ്യാർഥിനി ആത്മഹത്യ ചെയ്തതാണെന്ന പൊലീസ് വാദം തള്ളി കുടുംബം. പെൺകുട്ടി ആത്മഹത്യ ചെയ്യില്ലെന്നാണു കുടുംബത്തിന്റെ നിലപാട്. പെൺകുട്ടി മാനസിക ധൈര്യമുള്ള ആളാണെന്നും ആത്മഹത്യയ്ക്ക് എതിരെ ബോധവൽക്കരണം നടത്തുന്ന പെൺകുട്ടി സ്വയം മരിക്കുമെന്നു വിശ്വസിക്കുന്നില്ലെന്നും സഹോദരി മാധ്യമങ്ങളോട് പറ‍ഞ്ഞു.

എന്നാൽ കാണാതാവുന്ന ദിവസം താൻ നേരിടുന്ന മാനസിക സമ്മർദം വ്യക്തമാക്കി 17 വയസ്സുകാരി സഹോദരിക്ക് വാട്‌സാപ് സന്ദേശം അയച്ചതായി പൊലീസ് പറയുന്നു. മാനസിക സമ്മർദത്തെ അതിജീവിക്കാനാകുന്നില്ലെന്നും ഇങ്ങനെ ജീവിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു തിങ്കളാഴ്ച സഹോദരിക്ക് പെൺകുട്ടി അയച്ച സന്ദേശം. ഈ സമയം സഹോദരി വീട്ടിലുണ്ടായിരുന്നില്ലെന്നും തുടർന്ന് ഇവർ മറ്റു കുടുംബാംഗങ്ങളെ വിവരം അറിയിച്ചെന്നുമാണു പൊലീസ് പറയുന്നത്.

തിങ്കളാഴ്ച വൈകിട്ട് ആറിന് പെൺകുട്ടി ചാലിയാറിന്റെ തീരത്തെത്തി. രണ്ടുമണിക്കൂറിന് ശേഷം പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണു മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹത്തിൽ മേൽവസ്ത്രം ഉണ്ടായിരുന്നില്ല. എന്നാൽ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും അത്മഹത്യ എന്നാണ് കണ്ടെത്തലെന്ന് പൊലീസ് പറയുന്നു. കരാട്ടെ പരിശീലന കേന്ദ്രത്തില്‍ പഠിച്ച കൂടുതല്‍ പേരുടെ മൊഴിയെടുക്കുന്നുണ്ട് പൊലീസ്. കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്.

സംഭവത്തിൽ ഊർക്കടവ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ വി.സിദ്ദീഖ് അലിയെ (43) പോക്സോ നിയമപ്രകാരം വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ കരാട്ടെ പരിശീലകൻ നിരന്തരം പീഡിപ്പിച്ചിരുന്നതായാണു കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ഇയാൾക്കെതിരെ പോക്സോ കേസ് നൽകാനിരിക്കെയാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ ചാലിയാറിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പരാതി.
എന്നാൽ പെണ്കുട്ടി മരിക്കാനിടയായ സാഹചര്യമുണ്ടായതിൽ വീട്ടുകാർക്കും പങ്കുണ്ടെന്നാണ് സോഷ്യൽ മീഡിയ വഴി പലരും ഉയർത്തുന്ന വാദങ്ങൾ. ഒരിക്കൽ പോക്സോ കേസിൽ റിമാൻ്റ് ശിക്ഷ അനുഭവിച്ച ഒരാളുടെ കീഴിൽ കരാട്ടെ അഭ്യസിക്കാൻ പെണ്കുട്ടിയെ വീട്ടുകാർ പറഞ്ഞയക്കാൻ പാടില്ലായിരുന്നു. നാല് വർഷത്തോളം സിദ്ദീഖ് അലി എന്ന പ്രതി പെണ്കുട്ടിയെ പീഡിപ്പിച്ചുവെന്ന് കുട്ടിയുടെ സഹോദരിമാർ തന്നെ പറയുന്നു. എങ്കിൽ എന്തിനാണ് വീണ്ടും പെണ്കുട്ടിയെ അയാളുടെ അടുത്തേക്ക് തന്നെ പറഞ്ഞയച്ചതെന്നും സമൂഹമാധ്യമങ്ങളിൽ നിരവധി പേർ സംശയമുന്നയിച്ചു’.
‘പീഡിപ്പിക്കപ്പെടുന്നതായി മനസിലായാൽ അന്നത്തോടെ ആ ബന്ധം അവസാനിപ്പിക്കാൻ കുടുംബം തയ്യാറാകേണ്ടിയിരുന്നു. ഇതെല്ലാം വിളിച്ച് പറയാൻ പെണ്കുട്ടി മരിക്കുന്നത് വരെ കാത്തിരുന്നതിൽ  സംശയമുണ്ട്. നേരത്തെ ഇയാൾക്കെതിരെ പരാതി നൽകിയെങ്കിലും പിന്നീട് ആ കേസുമായി മുന്നോട്ട് പോകാൻ കുടുംബം തയ്യാറാകാതിരുന്നത് എന്ത് കൊണ്ടാണ്. മൊഴി കൊടുക്കാൻ കഴിയുന്ന മാനസിക സാഹചര്യത്തിലായിരുന്നില്ല കുട്ടി എന്നാണ് വീട്ടുകാരുടെ വാദം. ആ സാഹചര്യം മാറിയപ്പോഴെങ്കിലും കേസിൻ്റെ തുടർ നടപടികളിലേക്ക് പോകാതിരുന്നത് എന്ത് കൊണ്ട്.  മറ്റെന്തോ നീക്ക് പോക്ക് ആ കേസിൽ സംഭവിച്ചിട്ടുണ്ട് എന്ന്  ന്യായമായും സംശയിക്കാം. കുടുംബത്തിൻ്റെ വിശദീകരണം പൂർണമായും വ്യക്തതയില്ലാത്തതാണ്….’  എന്നിങ്ങിനെ നിരവധിയാണ് കുടുംബത്തിനെതിരെ സമൂഹമാധ്യമങ്ങളിലെ കമൻ്റുകൾ.

 

 

Share
error: Content is protected !!