മൂന്നാം സീറ്റ്: കോൺഗ്രസ്‌ നിലപാട് മയപ്പെടുത്തുന്നു? മുസ്ലീം ലീഗിന് ശുഭപ്രതീക്ഷ !

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറാകാതെ മുസ്‌ലിം ലീഗ്. ലീഗിൻ്റെ ആവശ്യം ന്യായമാണെന്നും അതിൽ അയവ് വരുത്തകയില്ലെന്നും ലീഗ് നേതൃത്വം ആവർത്തിച്ചു വ്യക്തമാക്കി. ലീഗ് നിലപാട് കടുപ്പിച്ചതോടെ ആശങ്കയിലാണ് കോണ്ഗ്രസ്. ലീഗിനെ പിണക്കാതെ കൂടെ നിർത്താനുള്ള ശ്രമം ഒരു വശത്ത് നടക്കുന്നുണ്ട്. അതേ സമയം ലീഗിൻ്റെ ആവശ്യം പരിഗണിക്കാമെന്ന നിലപാടിലേക്ക് കോണ്ഗ്രസ് നേതൃത്വം എത്തിയാതായാണ് സൂചന. ലീഗിൻ്റെ ആവശ്യം തെറ്റെല്ലെന്നും മൂന്നാം സീറ്റ് ചോദിക്കാനുള്ള അവകാശം മുസ്ലീം ലീഗിനുണ്ടെന്നും കോണ്ഗ്രസ് നേതാവ് കെ.സി വേണുഗോപാലും വ്യക്തമാക്കി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത്  നാളെ ചേരാൻ നിശ്ചയിച്ചിരുന്ന യു.ഡി.എഫ് യോഗം മാറ്റുകയും കോൺഗ്രസ്-ലീഗ് ഉഭയകക്ഷി ചർച്ചയാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. മൂന്നാം സീറ്റ് കാര്യത്തിൽ നാളത്തെ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകണമെന്നാണ് ലീഗിൻ്റെ ആവശ്യം.

നാളെ എറണാകുളത്തു വച്ചാണ് കോൺഗ്രസ്, ലീഗ് നേതാക്കൾ തമ്മിലുള്ള അവസാന വട്ട ചർച്ച നടക്കുന്നത്. ലീഗിനെ അനുനയിപ്പിച്ചു നിർത്താൻ തന്നെയായിരിക്കും കോൺഗ്രസ് ശ്രമം. എന്നാൽ, ലോക്‌സഭയിൽ മൂന്നാം സീറ്റ് തന്നെ വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ലീഗ്. ഇല്ലെങ്കിൽ നേരത്തെ ലീഗിന്റെ കൈവശമുണ്ടായിരുന്ന രാജ്യസഭാ സീറ്റ് തിരിച്ചുനൽകണമെന്നാണ് ആവശ്യം. നേരത്തെ മുന്നണി സമവാക്യത്തിന്റെ ഭാഗമായി സീറ്റ് ലീഗ് കേരള കോൺഗ്രസിന് നൽകുകയായിരുന്നു. എന്നാൽ, കേരള കോൺഗ്രസ് മുന്നണി വിട്ട ശേഷവും സീറ്റ് ലീഗിനു തിരിച്ചുകിട്ടിയിട്ടില്ല.

കഴിഞ്ഞ ദിവസം കോൺഗ്രസിന് ഒളിയമ്പുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തിയിരുന്നു. തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ലീഗ് സ്ഥാനാർത്ഥികളുടെ വിജയം സൂചിപ്പിച്ചായിരുന്നു ഫേസ്ബുക്കിൽ സലാമിന്റെ കുറിപ്പ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ജനം ലീഗ് സ്ഥാനാർത്ഥികളെ വിജയിപ്പിച്ചതെന്നു പറഞ്ഞ അദ്ദേഹം കൂടുതൽ കരുത്തോടെ ലീഗ് മുന്നോട്ടുപോകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റിൽ യു.ഡി.എഫ് വിജയത്തെക്കുറിച്ച് ഒരു പരാമർശവും ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

മൂന്നാം സീറ്റ് ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ലീഗ് ഒരു കാര്യം പറഞ്ഞാൽ അതിൽ ഉറച്ചുനിൽക്കുമെന്നാണ് കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. നേരത്തെ എടുത്ത നിലപാടിൽ ഒരു വ്യത്യാസവുമില്ല. കാര്യങ്ങൾ തീരുമാനമാകുമ്പോൾ വ്യക്തമായി പറയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

നാളത്തെ കോണ്ഗ്രസ്-ലീഗ് ചർച്ചക്ക് ശേഷം മാധ്യമങ്ങളെ കാണാമെന്നാണ് ലീഗ് ജനറൽ  സെക്രട്ട്രറി പി.എം.എ സലാം അറിയിച്ചിരിക്കുന്നത്. 27ന് മുസ്ലീം ലീഗും പ്രത്യേക യോഗം ചേരുന്നുണ്ട്. നാളത്തെ ചർച്ചയിൽ ലീഗിന് മൂന്നാം സീറ്റ് ലഭിച്ചില്ലെങ്കിൽ എന്തായിരിക്കും തീരുമാനമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട്, മൂന്നാം സീറ്റ് ലഭിക്കാത്ത പ്രശ്നം ഉണ്ടാകില്ലെന്നും ലീഗും കോണ്ഗ്രസും തമ്മിൽ സൌഹാർദ്ദപരമായാണ് പോയി കൊണ്ടിരിക്കുന്നതെന്നുമാണ് പി.എം.എ സലാം മറുപടി നൽകിയത്.

തികഞ്ഞ ശുഭപ്രതീക്ഷയിലാണ് മുസ്ലീം ലീഗ് നേതൃത്വം. അതേ  സമയം കോണ്ഗ്രസ് നേതാക്കൾക്കിടയിൽ ആശങ്ക വർധിക്കുകയും ചെയ്തു. അതേ സമയം കോണ്ഗ്രസും ലീഗും തമ്മിൽ സൌഹാർദ്ദപരമായ നിലപാട് മാത്രമാണുള്ളതെന്നും ഇപ്പോഴത്തെ ചർച്ചകൾ സാധാരണ മുന്നണികളിൽ ഉണ്ടാകുന്നതാണെന്നും എല്ലാറ്റിനും യോജിച്ച തീരുമാനമുണ്ടാകുമെന്നും ഇരു വിഭാഗം നേതാക്കളും വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!