മൈക്കിന് മുന്നിൽ വീണ്ടും കുടുങ്ങി സുധാകരൻ! പത്രസമ്മേളനത്തിൽ വൈകിയ സതീശനെതിരേ അശ്ലീല പദപ്രയോഗം – വീഡിയോ

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ തെറിവാക്ക് പ്രയോഗിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ‘സമരാഗ്നി’യുടെ ഭാഗമായി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനായി സതീശന്‍ എത്താന്‍ വൈകിയതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓര്‍മിപ്പിച്ച് ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു.

സമാരഗ്നിയുടെ ഭാഗമായി വാര്‍ത്താസമ്മേളനം നടത്താനെത്തിയതായിരുന്നു സുധാകരന്‍. ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മറ്റൊരു പരിപാടി ഉള്ളതിനാല്‍ പത്രസമ്മേളനത്തിന് എത്താൻ വൈകി.

തുടര്‍ന്ന് ബാബു പ്രസാദിനോട് സതീശന്‍ എവിടെയെന്ന് സുധാകരന്‍ തിരക്കി, ‘ഒന്ന് വിളിച്ച് നോക്കാന്‍ പറ, ഇയാൾ എവിടെയെന്ന്. ഇയാള്‍ എന്ത്…(തെറി) പത്രക്കാരോട് പറഞ്ഞിട്ട് എന്തൊരു മോശമാണിത്’, സുധാകരന്‍ പറഞ്ഞു.

ഇതോടെ ഷാനിമോള്‍ ഉസ്മാന്‍ ഇടപെട്ടു. മൈക്ക് ഓണ്‍ ആണെന്ന് ഷാനിമോള്‍ ഉസ്മാനും പ്രസിഡന്റേ, ക്യാമറയും ഓണാണെന്ന് ബാബു പ്രസാദും ഓര്‍മിപ്പിച്ചു. ഇതോടെ സുധാകരന്‍ ഒതുങ്ങി. പിന്നീട് സതീശന്‍ എത്തിയെങ്കിലും അദ്ദേഹത്തോട് സുധാകരന്‍ നീരസം പ്രകടിപ്പിച്ചില്ല. ഇരുവരും പരസ്പരം സംസാരിക്കുകയും ഒന്നിച്ച് വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു.

ഏതാനും മാസങ്ങൾക്ക് മുൻപ് വാര്‍ത്തസമ്മേളനത്തിൽ മൈക്കിനും കാമറയ്ക്കും മുന്നിൽവെച്ച് സുധാകരനും സതീശനും തമ്മിലുള്ള അസ്വാരസ്യം പ്രകടമായത് വാർത്തയായിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ആദ്യം ആര് സംസാരിക്കണം എന്നത് സംബന്ധിച്ചായിരുന്നു ഇരുവരും തമ്മിലുള്ള ഭിന്നത കാമറയ്ക്കു മുന്നിൽ പ്രകടമായത്. സമാനമായ സാഹചര്യത്തിലാണ് ഇപ്പോഴത്തെയും സംഭവം.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!