ജോലി പോയി, പാസ്പോർട്ട് നഷ്ടപ്പെട്ടു, ഇഖാമയും തീർന്നു; നടന്നും കിട്ടിയ വണ്ടികയറിയും അലഞ്ഞ പ്രവാസി ഒടുവിൽ നാട്ടിലേക്ക്

റിയാദ്: ജോർദാൻ അതിർത്തിയോട് ചേർന്ന സൗദിയിലെ അൽജൗഫ് മേഖലയിൽ തോട്ടം തൊഴിലാളിയായിരിക്കെ ദുരിതത്തിൽ കഴിഞ്ഞ ഉത്തർപ്രദേശ് ബൻസ്പർ കോത്തി സ്വദേശി ഗോവിന്ദ് പ്രസാദ് മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ ഇന്ത്യൻ എംബസിയുടെ കാരുണ്യത്താൽ നാടണഞ്ഞു. പ്രായമായ അമ്മയും ഭാര്യയും അഞ്ച് പെൺകുട്ടികളുമടങ്ങുന്ന നിർധന കുടുംബത്തിന്റെ ഏക ആശ്രയമായ ഗോവിന്ദ് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കുന്നതിന് വേണ്ടിയാണ് 12 വർഷം മുമ്പ് സൗദി അറേബ്യയിലേക്ക് വിമാനം കയറിയത്.

 

തുച്ഛമായ കൂലിക്ക് തോട്ടം മേഖലയിൽ എല്ലുമുറിയെ പണിയെടുത്ത് പോന്നിരുന്ന ഗോവിന്ദിന് പക്ഷെ കഴിഞ്ഞ രണ്ട് വർഷമായി ഉണ്ടായിരുന്ന ജോലിയും നഷ്ടപ്പെട്ട് ജീവിതം കൂടുതൽ ദുരിതപൂർണമാവുകയും താമസരേഖ (ഇഖാമ) കാലാവധി തീരുകയും ആകെയുണ്ടായിരുന്ന പാസ്പോർട്ട് നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ ദുരിതത്തിലും ആശങ്കയിലും അകപ്പെട്ട് കഴിയുകയായിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ അൽജൗഫിൽ നിന്നും 15 ദിവസം കൊണ്ട് നടന്നും സ്വദേശികളും വിദേശികളുമായ ആളുകളുടെ കരുണയാൽ വാഹനങ്ങളിൽ കയറിയും ഗോവിന്ദ് പ്രസാദ് അൽഹസയിലെത്തി ഒ.ഐ.സി.സി ഭാരവാഹികളെ കണ്ട് സഹായം തേടുകയായിരുന്നു.

ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളി എംബസി കോൺസുലാർ പ്രകാശ് കുമാറുമായി സംസാരിച്ച് എമർജൻസി സർട്ടിഫിക്കറ്റ് തയ്യാറാക്കി കൊടുക്കുകയായിരുന്നു. തുടർന്ന് എംബസിയിൽ രജിസ്റ്റർ ചെയ്യുകയും സൗദി ലേബർ ഓഫീസിന്റെ സഹായത്തോടെ തർഹീലിൽ നിന്നും ഫൈനൽ എക്സിറ്റ് സമ്പാദിച്ച് നാടണയുകയും ചെയ്യുകയായിരുന്നു. ഗോവിന്ദിനുള്ള യാത്രാരേഖകൾ അൽഹസ ഒ.ഐ.സി.സി പ്രസിഡൻറ് ഫൈസൽ വാച്ചാക്കലിന്റെയും എക്സിക്യൂട്ടീവംഗം കെ.പി. നൗഷാദിന്റെയും സാന്നിദ്ധ്യത്തിൽ പ്രസാദ് കരുനാഗപ്പള്ളി കൈമാറി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!