മരണത്തെ മുഖാമുഖം കണ്ട ഞെട്ടലിൽ പ്രവാസി; വാഹനമൊതുക്കി പുറത്തിറങ്ങുമ്പോൾ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ചുതെറിപ്പിച്ചു

മരണത്തെ മുഖാമുഖം കണ്ട വലിയൊരു വാഹനാപകടത്തിൽനിന്ന് പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും മാനസിക ആഘാതത്തിൽനിന്ന് മോചിതനാവാതെ അബ്ദുൽ ഖാലിദ്. തുണയായി അൽഹസ ഒ.ഐ.സി.സി പ്രവർത്തകർ. റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഫർണിച്ചർ കമ്പനി ഉൽപന്നങ്ങളുടെ സൗദി കിഴക്കൻ പ്രവിശ്യയിലെ വിതരണക്കാരനായി ജോലി ചെയ്യുന്ന മലപ്പുറം വാഴക്കാട് ആക്കോട് സ്വദേശി അബ്ദുൽ ഖാലിദ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയമാണ് അബ്ദുൽ ഖാലിദ്.

ഈ മാസം 13നായിരുന്നു സംഭവം. ജോലി സംബന്ധമായി ദമ്മാമിൽ പോയശേഷം അൽഹസയിലേക്ക് തിരിച്ചു വരുന്നതിടയിൽ മുതൈർഫി എന്ന സ്ഥലത്തുവെച്ചാണ് ഖാലിദ് ഓടിച്ച വാഹനം അപകടത്തിൽ പെട്ടത്. ഡ്രൈവിങ്ങിനിടിയിൽ ക്ഷീണം തോന്നിയപ്പോൾ റോഡിൽ നിന്നും മൂന്നു മീറ്ററോളം വശത്തേക്ക് ഇറക്കി വാഹനം പാർക്ക് ചെയ്ത് പുറത്തേക്കിറങ്ങുമ്പോൾ പിന്നാലെ അതിവേഗതയിൽ വന്ന മിനിട്രക്ക് (ഡൈന) ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വാഹനത്തിന്റെ ഡോർ അടക്കമാണ് ഖാലിദ് തെറിച്ചത്. പുറത്തിറങ്ങി വെള്ളകുപ്പിയെടുക്കാൻ സീറ്റിലേക്ക് കുനിഞ്ഞതിനാൽ കാലിന്റെ ഭാഗമാണ് ട്രക്ക് വന്നിടിച്ചത്.

ട്രക്ക് ഡ്രൈവർ ഉറങ്ങിയതാവാനാണ് സാധ്യതയെന്ന് പറയപ്പെടുന്നു. ഖാലിദിനെ ഉടനെ ഏറ്റവും അടുത്തുള്ള ഉബൈദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. വലത് കാലിന്റെ തുടയെല്ലിന് സാരമായ പൊട്ടലുണ്ടായി. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സമയം മുതൽ സഹായഹസ്തവുമായി ഒ.ഐ.സി.സി നേതാക്കൾ സജീവമായി രംഗത്തുണ്ട്. ഖാലിദിന്റെ സുഹൃത്തുകൂടിയായ ദമ്മാം ഒ.ഐ.സി.സി ഭാരവാഹി ഷമീർ പനങ്ങാടൻ, അൽഹസ ഭാരവാഹി ഉമർ കോട്ടയിൽ എന്നിവരും സുഹൃത്തുക്കളും കൂടെയുണ്ട്.

തൊട്ടടുത്ത ദിവസം റിയാദിൽ നിന്നും സ്പോൻസറും സഹപ്രവർത്തകരുമെത്തിയിരുന്നു. നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷം ഇപ്പോൾ ഉബൈദ് ആശുപത്രിയിൽ തന്നെ ഒബ്സർവേസൻ വാർഡിൽ കഴിയുന്ന ഖാലിദിനെ ഒ.ഐ.സി.സി അൽഹസ ഏരിയാകമ്മിറ്റി പ്രസിഡൻറ് ഫൈസൽ വാച്ചാക്കൽ, ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ, വൈസ് പ്രസിഡൻറ് നവാസ് കൊല്ലം, ട്രഷറർ ഷിജോമോൻ വർഗീസ്, ദമ്മാം പാലക്കാട് ജില്ലാ കമ്മിറ്റി ട്രഷറർ ഷമീർ പനങ്ങാടൻ എന്നിവർ സന്ദർശിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!