വീട്ടിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: അക്യുപങ്ചര്‍ ചികിത്സകന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: നേമത്ത് വീട്ടിൽ നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സകന്‍ കസ്റ്റഡിയില്‍. വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ നേമം സ്‌റ്റേഷനിലെത്തിച്ചു. (ചിത്രത്തിൽ നയാസ്, നയാസിന്റെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘം)

ബീമാപള്ളിയിൽ ക്ലിനിക്ക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശിയായ ശിഹാബുദ്ദീൻ, ഷമീറയെ അക്യുപങ്ചർ ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നുവെന്ന് നേരത്തെ പോലീസിന് വിവരമുണ്ടായിരുന്നു. പാലക്കാടുള്ള വ്യാജ സിദ്ധൻറെ ശിഷ്യനാണ് ഇയാൾ എന്നാണ് സൂചന. പ്രസവം എടുക്കുന്നതിന് ശരിയായ പരിചരണം ലഭിക്കാതിരുന്നത് യുവതിയുടെ മരണത്തിലേക്ക് നയിച്ചെന്നാണ് വിവരം.

ചൊവ്വാഴ്ചയായിരുന്നു വീട്ടിൽ നടന്ന പ്രസവത്തിനിടയിൽ പുത്തൻ പീടികയിൽ കുഞ്ഞിമരയ്ക്കാർ, ഫാത്തിമബീവി ദമ്പതിമാരുടെ മകൾ ഷമീറ (36)യും നവജാത ശിശുവും മരിച്ചത്. സംഭവത്തിൽ, ആശുപത്രിയിൽ കൊണ്ടുപോകാതെ വീട്ടിൽത്തന്നെ പ്രസവം നടത്താൻ പ്രേരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഷമീറയുടെ ഭർത്താവ് നയാസിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ഷമീറയ്ക്ക് പ്രസവവേദനയുണ്ടായത്. വൈകീട്ട് അഞ്ചുമണിയോടെ ബോധരഹിതയായ ഷമീറയെ വീട്ടിലുണ്ടായിരുന്നവർ ആംബുലൻസ് വിളിച്ച് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേതന്നെ അമ്മയും കുഞ്ഞും മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

പാലക്കാട് സ്വദേശിനിയായ ഷമീറയുടെയും പൂന്തുറ സ്വദേശിയായ നയാസിന്‍റെയും രണ്ടാം വിവാഹമാണ്. ഷമീറയ്ക്കും നയാസിനും രണ്ട് കുഞ്ഞുങ്ങളുണ്ട്. ഷമീറ പൂർണഗർഭിണിയായപ്പോൾത്തന്നെ ആരോഗ്യവകുപ്പ് അധികൃതരും ഡോക്ടറും ആശുപത്രിയിലെത്തിച്ച് വിദഗ്‌ധ ചികിത്സ നൽകണമെന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്നു. ഇതിനു തയ്യാറാകാതെവന്നപ്പോൾ പോലീസ്‌ ഇടപെട്ടിട്ടും പ്രസവം വീട്ടിൽ മതിയെന്ന് നയാസ് വാശിപിടിക്കുകയായിരുന്നു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!