ഓർമയുണ്ടോ മിന്നുവിനെ?; 16 വർഷം മുമ്പ് മെഡിക്കൽ കോളജിൽ ഉമ്മ ഉപേക്ഷിച്ച പെൺകുട്ടി: 23ന് മിന്നുവിൻ്റെ നിക്കാഹാണ്

കോഴിക്കോട്: ഓർമ്മയുണ്ടോ ജംഷീറ എന്ന മിന്നുവിനെ. പലരും മറന്നുകാണും. 16 വർഷം മുൻപ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒരു വാർഡിൽ മാതാവ് ഉപേക്ഷിച്ചുപോയ രണ്ടു പെൺകുട്ടികളിൽ ഒരാൾ. നാളെ (ഫെബ്രു. 23) ന് മിന്നുവിന്റെ നിക്കാഹാണ്. 23ന് വൈകിട്ട് വൈകിട്ട് 4.30 ന് കിണാശ്ശേരി റോഡ് ഗാർഡൻ ഓഡിറ്റോറിയത്തിലാണ് നിക്കാഹ്. സഹോദരി പൊന്നു രണ്ടു വർഷം മുൻപ് വിവാഹിതയായി. ഉമ്മ ഉപേക്ഷിച്ചതിനു ശേഷം സംരക്ഷണം ഏറ്റെടുത്ത കിണാശ്ശേരി യത്തീംഖാനയിലെ മാനേജർ എം.പി.അഹമ്മദ് ഉൾപ്പെടെ ഒട്ടേറെ പേർക്കായി പ്രാർഥിച്ചുകൊണ്ട് നാളെ വിവാഹ ജീവിതത്തിലേക്കു പ്രവേശിക്കും.

2007 സെപ്റ്റംബർ 28 വെള്ളിയാഴ്ച രാത്രിയാണു രണ്ടര വയസ്സുകാരി ജംഷീറയും (മിന്നു) സഹോദരി നാലര വയസ്സുകാരി ജംഷീനയും (പൊന്നു) അനാഥരായത്. മാതാവ് നസീറ രണ്ടു മക്കളെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉപേക്ഷിച്ചു സ്ഥലംവിട്ടു. ചികിത്സയിൽ കഴിയുന്ന സുഹൃത്ത് സിന്ധുവിനെ കാണാനാണു നസീറ മക്കളെയും കൂട്ടി ആശുപത്രിയിൽ എത്തിയത്. സന്ധ്യയായപ്പോൾ ഭക്ഷണം വാങ്ങി വരാമെന്നു പറഞ്ഞു മക്കളെ വാർഡിൽ നിർത്തി നസീറ പോയി. അവൾ പിന്നെ വന്നില്ല. രാത്രി മെഡിക്കൽ കോളജ് പൊലീസ് ഏറെ പണിപ്പെട്ട് നസീറയുടെ ബന്ധുക്കളെ കണ്ടെത്തിയെങ്കിലും അവർക്കു കുട്ടികളെ സംരക്ഷിക്കാൻ നിവൃത്തി ഇല്ലായിരുന്നു.

ഇതൊന്നും അറിയാതെ മിന്നുവും പൊന്നുവും പൊലീസ് നൽകിയ ഭക്ഷണം കഴിച്ച് ഉമ്മയെ അന്വേഷിച്ചു തളർന്ന് ഉറങ്ങി. പിന്നീട് 2 കുട്ടികളുടെയും സംരക്ഷണം കിണാശ്ശേരി യത്തീംഖാന ഏറ്റെടുത്തു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജംഷീനയും ജംഷീറയും യത്തീംഖാനയാണു തങ്ങളുടെ വീട് എന്നു മനസാ ഉറപ്പിച്ചു. നിക്കാഹ് ചടങ്ങിൽ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ കാർമികത്വം നിർവഹിക്കും. ഇരിവേറ്റിയിലെ പാറമ്മൽ സ്വദേശി അബ്ദുൽ നാസറിന്റെ മകൻ സൽമാൻ ഫൈസൽ ആണു വരൻ. രാത്രി 9 വരെ സുഹൃദ്സൽക്കാരം ഉണ്ട്.
(കടപ്പാട്: മനോരമ)

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!