പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവം: കരാട്ടെ പരിശീലകൻ അറസ്റ്റിൽ, കൂടുതൽ വിവരങ്ങൾ പുറത്ത്
മലപ്പുറം: വാഴക്കാട്ട് 17കാരിയെ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഊർക്കടവ് സ്വദേശി വി. സിദ്ദീഖ് അലിയെ (43) ആണ് അറസ്റ്റ് ചെയ്തത്. (ചിത്രത്തിൽ അറസ്റ്റിലായ കരാട്ടെ പരിശീലകൻ സിദ്ദീഖ്)
ഇയാൾക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ഇയാൾ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമങ്ങൾ നടത്തുന്നത് പതിവാണ്. ഇതെല്ലാം കരാട്ടയുടെ ഭാഗമാണെന്നായിരുന്നു സിദ്ദീഖ് കുട്ടികളോട് പറഞ്ഞിരുന്നത്. ഇയാൾ നേരത്തെ പോക്സോ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ആളാണെന്നും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രിയോടെയാണ് പെൺകുട്ടിയെ വീടിന് സമീപത്തെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് ആറ് മുതൽ കാണാതായ പെൺകുട്ടിക്കായി ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് പുഴയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന ദിവസം അപരിചിതരായ രണ്ടുപേരെ ഇവിടെ കണ്ടിരുന്നു. അയൽവാസികൾ ചിലർ അടുത്തേക്ക് ചെന്നപ്പോൾ മുഖം നൽകാതെ ബൈക്ക് ഓടിച്ചുപോയി. ഇത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.
പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹ ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. പെൺകുട്ടിക്ക് കരാട്ടെ അധ്യാപകനിൽനിന്ന് മോശം അനുഭവം ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു. കുടുംബം നൽകിയ പരാതിയിലാണ് കരാട്ടെ അധ്യാപകനെ വാഴക്കാട് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
പെൺകുട്ടി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ജീവിതത്തെക്കുറിച്ച് വളരെ നല്ല കാഴ്ചപ്പാടാണ് അവൾക്ക് ഉണ്ടായിരുന്നതെന്നും ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്നും ജീവിക്കണമെന്നും ആഗ്രഹിച്ചിരുന്നതയും കുടുംബം പറയുന്നു.
തന്റെ അനിയത്തി ആത്മഹത്യ ചെയ്യുമെന്ന് തങ്ങൾ ആരും വിശ്വസിക്കുന്നില്ലെന്ന് സഹോദരി പറഞ്ഞു. ജീവിക്കണമെന്ന് അത്രക്ക് കൊതിയുണ്ടായിരുന്നു. ജീവിതത്തെക്കുറിച്ച് അത്രയും കാഴ്ചപ്പാട് ഉണ്ടായിരുന്നു. വളരെ മിടുക്കിയായ അവൾ ഹയർ സെക്കൻഡറിയിൽ കോർട്ട്ഏർളിലി എക്സാമിന് പോലും ടോപ്പ് ആയിരുന്നു. എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് ലഭിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.
പെൺകുട്ടിയോട് കാരാട്ടെ അധ്യാപകൻ മോശം രീതിയിൽ പെരുമാറിയിരുന്നതായും, ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടി കടുത്ത മാനസിക പ്രയാസം അനുഭവിച്ചിരുന്നുവെന്നും പരാതിയുണ്ട്. ഇയാൾക്കെതിരെ പോക്സോ കേസ് നൽകാനിരിക്കെയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് കുടുംബം പറയുന്നു.
2020 ഡിസംബർ മുതൽ കരാട്ടെ ക്ലാസിൽ പോകുന്നുണ്ടായിരുന്നു. കരാട്ടെ ക്ലാസിൽനിന്ന് പല മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ, 2023 സെപ്റ്റംബറിൽ വളരെ മോശമായ രീതിയിൽ കരാട്ടെ മാസ്റ്ററുടെ ഭാഗത്തുനിന്ന് സമീപനമുണ്ടായി. ഇതോടെ പെൺകുട്ടിയുടെ മാനസികാവസ്ഥ വളരെ മോശമായി.
പിന്നീട് പഠനത്തിൽ പോലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത വിധം കുട്ടി വിഷമിച്ചിരുന്നു. ഇതൊക്കെ കുടുംബം അറിയുന്നത് വളരെ വൈകിയാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
പെണ്കുട്ടി നേരിട്ട പീഡനങ്ങളേക്കുറിച്ച് സഹോദരിമാർ പറയുന്നത് ഇങ്ങിനെ:
അവളെ ഇത്രയും പിടിച്ചുകുലുക്കിയ സംഭവം നടക്കുന്നത് ഇക്കഴിഞ്ഞ സെപ്റ്റംബർ 15–ാം തീയതിയാണ്. അന്ന് കരാട്ടെ പഠിപ്പിക്കുന്ന സാറിനെ കാണാൻ പോയപ്പോൾ അയാൾ അവളെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. ആ സംഭവത്തിനു ശേഷം അവൾ വളരെ വിഷമത്തിലായിരുന്നു. കഴിഞ്ഞ മൂന്നു വർഷത്തോളമായി ഇയാൾ അവളെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്ന് അതു കഴിഞ്ഞാണ് ഞങ്ങൾ അറിയുന്നത്.
ഇവളെ മാത്രമല്ല, കരാട്ടെ പഠിക്കാൻ വന്നിരുന്ന എല്ലാ പെൺകുട്ടികളെയും ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു. കരാട്ടെയുടെ പാഠങ്ങളാണെന്ന് വിശ്വസിപ്പിച്ച് ഇയാൾ പല ആഭാസങ്ങളും നടത്തിയിരുന്നതായി ഇവളിലൂടെയാണ് ഞാൻ അറിയുന്നത്. പിന്നീട് ഞങ്ങൾ അന്വേഷിച്ചപ്പോഴാണ് ഇയാൾക്കെതിരെ നിലവിൽ രണ്ട് പോക്സോ കേസുകൾ ഉള്ളതായി അറിഞ്ഞത്.
കരാട്ടെ ക്ലാസിൽ ചേരുന്ന സമയത്തുതന്നെ ഇയാൾ ചില കാര്യങ്ങൾ പറയും. ഞാൻ നിങ്ങളുടെ ഗുരുവും ദൈവമാണെന്നും, നിങ്ങളുടെ ശരീരവും മനസ്സും ഗുരുവിന്റെ തൃപ്തിക്കായിട്ടുള്ളതാണെന്നും ഇയാൾ പറഞ്ഞു വിശ്വസിപ്പിക്കും. നിങ്ങളുടെ നെഞ്ചത്തു കൈവച്ചാലാണ് ഗുരുവിനു നിങ്ങളെ അറിയാൻ കഴിയുക, നിങ്ങളെ പൂർണമായും ഗുരുവിനു സമർപ്പിക്കണമെന്നും ആവശ്യപ്പെടും. ഗുരുവിലൂടെ മാത്രമേ നിങ്ങൾക്ക് വിജയമുള്ളൂ എന്നും പറഞ്ഞു വിശ്വസിപ്പിക്കും. എന്നിട്ട്, നിങ്ങൾ ഇനി ആരുടേതാണ് എന്ന് അയാൾ ചോദിക്കും. ‘മാഷിന്റേതാണ്’ എന്ന് കുട്ടികൾ ഒന്നടങ്കം പറയും. ഇയാളുടെ ക്ലാസിലുള്ള മുതിർന്ന കുട്ടികൾ ഇങ്ങനെ പറഞ്ഞാണ് പുതുതായി എത്തുന്ന കുട്ടികൾ കേൾക്കുന്നത്.
ഇത് ഒരു ഗ്രാമപ്രദേശമാണ്. മാത്രമല്ല, അവിടെ ചേരുന്നതെല്ലാം ചെറിയ കുട്ടികളുമാണ്. ഇവൾ തന്നെ എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് കരാട്ടെയ്ക്കു ചേരുന്നത്.
താൻ നല്ലൊരു വ്യക്തിയാണെന്നും ചെയ്യുന്ന കാര്യങ്ങളെല്ലാം വിദ്യാർഥികളുടെ ഗുണത്തിനു വേണ്ടിയാണെന്നുമുള്ള ഒരു ഇമേജും ഇയാൾ സൃഷ്ടിച്ചുവച്ചിട്ടുണ്ട്. പെൺകുട്ടികളുടെ ദേഹത്ത് തൊടുമ്പോൾത്തന്നെ അത് മോശമല്ല എന്ന് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. റിലാക്സേഷൻ വർക് എന്നു പറഞ്ഞ് കയറിയിരിക്കുന്നത് ശരീരവളർച്ചയെത്തിയ പെൺകുട്ടികളുടെ ദേഹത്താണ്. അവരുടെ മുൻഭാഗത്തും പിൻഭാഗത്തും ഇയാൾ കയറി കിടക്കാറുണ്ട്. തലോടാറുണ്ട്. ചുണ്ടുകളിൽ പരസ്യമായി ഉമ്മ വയ്ക്കാറുണ്ട്. ഇതെല്ലാം സാധാരണ കാര്യങ്ങളാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു. തീർത്തും നിസഹായരായ ഒരു കൂട്ടം ജനങ്ങൾക്കു വേണ്ടിയാണ് ഞങ്ങൾ സംസാരിക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക