പൊന്നാനിയില്‍ സി.പി.എമ്മിൻ്റെ സര്‍പ്രൈസ്! സ്വതന്ത്രനായി ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസയെ മത്സരിപ്പിക്കാൻ നീക്കം

മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ വീണ്ടും അപ്രതീക്ഷിത നീക്കവുമായി സി.പി.എം. മുസ്‌ലിം ലീഗില്‍നിന്ന് പുറത്താക്കിയ കെ.എസ്. ഹംസയെ പൊന്നാനിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനാണ് സി.പി.എം തീരുമാനമെന്നാണ് സൂചന. നേരത്തെ കെ.ടി.ജലീല്‍ എം.എല്‍.എ. അടക്കമുള്ളവരുടെ പേരുകള്‍ പൊന്നാനിയിലെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍, തീര്‍ത്തും അപ്രതീക്ഷിതമായാണ് മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറിയായ കെ.എസ്. ഹംസയെ പൊന്നാനിയില്‍ മത്സരിപ്പിക്കാനുള്ള തീരുമാനം വന്നത്. ഫെബ്രുവരി 27-നാകും ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം.

ഇത്തവണയും ഇടതുമുന്നണി പൊന്നാനിയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചേക്കുമെന്ന് ഏകദേശം ഉറപ്പായിരുന്നെങ്കിലും സ്ഥാനാര്‍ഥിയാരാകും എന്ന ചോദ്യം ബാക്കിനിന്നിരുന്നു. കെ.ടി.ജലീല്‍ സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു ആദ്യഘട്ടത്തിലെ സൂചന. നേരത്തെ ഹുസൈന്‍ രണ്ടത്താണി, വി.അബ്ദുറഹിമാന്‍ തുടങ്ങിയവരെ സ്വതന്ത്ര സ്ഥാനാര്‍ഥികളായി സി.പി.എം. പൊന്നാനിയില്‍ മത്സരിപ്പിച്ചിരുന്നു. അതിനാല്‍ പുതിയൊരു ‘സ്വതന്ത്രന്‍’ പൊന്നാനിയിലെത്തുമെന്നും അഭ്യൂഹങ്ങളുണ്ടായി. ഇതിനൊടുവിലാണ് കെ.എസ്.ഹംസയെ രംഗത്തിറക്കി പൊന്നാനി പിടിക്കാന്‍ സി.പി.എം. തീരുമാനിച്ചിരിക്കുന്നത്.

മുസ്‌ലിം ലീഗിനുള്ളിലെ പൊട്ടിത്തെറിക്ക് പിന്നാലെയാണ് 2023-ല്‍ കെ.എസ്. ഹംസയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായിരിക്കെ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിനാണ് കെ.എസ്.ഹംസക്കെതിരേ ആദ്യം പാര്‍ട്ടി നടപടിയുണ്ടായത്. തുടര്‍ന്ന് പാര്‍ട്ടി ചുമതലകളില്‍നിന്ന് കെ.എസ്.ഹംസയെ നീക്കി. ഇതിനുപിന്നാലെയാണ് ഗുരുതരമായ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്.

തൃശ്ശൂരിലെ മലബാര്‍ എന്‍ജിനിയറിങ് കോളേജിന്റെയും ഇഖ്‌റാ എജ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ചെയര്‍മാനാണ് കെ.എസ്. ഹംസ. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അറഫ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ ഇംഗ്ലീഷ്മീഡിയം സ്‌കൂളും ബി.എഡ്. കോളേജും പ്രവര്‍ത്തിക്കുന്നുണ്ട്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!