തെരുവോരത്തിരുന്ന് പഠിക്കുന്ന ബാലൻ, കുടുംബത്തെ സഹായിക്കാൻ‌ ഹെയര്‍ബാൻഡ് വിൽപ്പനയും; ഹൃദയം തൊട്ട വീഡിയോ

ദില്ലിയിലെ തെരുവോരത്തിരുന്ന് പഠിക്കുന്ന ഒരു കൊച്ചുബാലന്റെ ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ആളുകളുടെ ഹൃദയത്തെ തൊടുന്നത്. ദില്ലിയിൽ നിന്നുള്ള ഫോട്ടോ​ഗ്രാഫറായ ഹാരി എന്നയാളാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

പവൻ എന്ന കുട്ടിയാണ് വീഡിയോയിൽ ഉള്ളത്. ഹാരിയുമായി അവൻ സംസാരിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അതിൽ അവൻ‌ താൻ ആറാം ക്ലാസിലാണ് പഠിക്കുന്നത് എന്ന് പറയുന്നുണ്ട്. തന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിന് വേണ്ടി കമല നഗർ മാർക്കറ്റിന് സമീപത്തെ ഫുട്പാത്തിൽ താൻ ഹെയര്‍ബാൻഡുകൾ‌ വിൽക്കാറുണ്ട് എന്നും അവൻ ഹാരിയോട് പറയുന്നുണ്ട്.

മാതാപിതാക്കളെ കുറിച്ച് ഹാരി ചോദിക്കുമ്പോൾ അമ്മ വീട്ടിലുണ്ട് എന്നും അച്ഛൻ കൊൽക്കത്തയിലാണ് എന്നും പവൻ പറയുന്നുണ്ട്. എന്തുകൊണ്ടാണ് വീട്ടിലിരുന്ന് പഠിക്കാത്തത് എന്ന ചോദ്യത്തിന് വീട്ടിലിരുന്ന് പഠിക്കാൻ തനിക്ക് സമയമില്ല എന്നാണ് അവൻ പറയുന്നത്.

‘ഈ കൊച്ചുകുട്ടിയെ കമല ന​ഗർ മാർക്കറ്റിന് സമീപത്തെ ഒരു ഫൂട്പാത്തിൽ ഇരുന്ന് പഠിക്കുന്നതായിട്ടാണ് കണ്ടത്. അവന്റെ അച്ഛൻ കൊൽക്കത്തയിലാണ്, അവൻ കുടുംബത്തെ സഹായിക്കുന്നുണ്ട് എന്നും അവൻ എന്നോട് പറഞ്ഞു. എനിക്കവന്റെ സമർപ്പണമനോഭാവം ഇഷ്ടമായി, കുറച്ച് ഷോട്ട്സ് പകർത്തി’ എന്നാണ് വീഡിയോയ്ക്കൊപ്പം നൽകിയിരിക്കുന്ന കാപ്ഷനിൽ പറയുന്നത്.

വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. അവന്റെ ഇച്ഛാശക്തിയേയും അധ്വാനിക്കാനുള്ള മനസിനേയും ആളുകൾ അഭിനന്ദിച്ചു. ഒപ്പം, ‘അവന്റെ കണ്ണുകളിലെ വേദന… കരുത്തനായിരിക്കൂ, എല്ലാം നന്നായി വരും. ഒരുനാൾ നീ ജീവിതത്തിൽ വിജയിച്ച ഒരാളായിത്തീരും’ എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. സമാനമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് കിട്ടുന്നത്.

 

 

View this post on Instagram

 

A post shared by Harry (@ireelitforyou)

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!