നയാസ് വ്യാജ അക്യുപങ്ചര്‍ സിദ്ധൻ്റെ ശിഷ്യൻ? യുട്യൂബ് നോക്കി വീട്ടിൽ പ്രസവിക്കാമെന്ന് വാശി പിടിച്ചു; ഷമീറയെ കൊലക്ക് കൊടുത്തു

തിരുവനന്തപുരം: വീട്ടില്‍ പ്രസവമെടുക്കാന്‍ ശ്രമിച്ച് അമ്മയും നവജാതശിശുവും മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണം. പാലക്കാട് സ്വദേശിനിയായ ഷമീറ ബീവി(39)യുടെയും നവജാത ശിശുവിന്റെയും മരണത്തിലാണ് പൂന്തുറ സ്വദേശിയായ ഭര്‍ത്താവ് നയാസിനെതിരേ കൂടുതല്‍ ആരോപണമുയരുന്നത്. ഇയാള്‍ നിലവില്‍ നേമം പോലീസിന്റെ കസ്റ്റഡിയിലാണ്. (ചിത്രത്തിൽ നയാസ് (ഇടത്ത്) നയാസും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീട്(വലത്ത്))

നയാസും ഇയാളുടെ മകളും മറ്റൊരു യുവതിയും ചേര്‍ന്നാണ് ഷമീറ ബീവിയുടെ പ്രസവമെടുത്തതെന്നാണ് വിവരം. ഷമീറയുടെ മരണത്തിന് പൂര്‍ണ ഉത്തരവാദി നയാസ് തന്നെയാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ട്.

ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് ഗര്‍ഭിണിയായിരുന്ന ഷമീറ അമിതരക്തസ്രാവത്തെ തുടര്‍ന്ന് ബോധരഹിതയായത്. ഭര്‍ത്താവ് ആംബുലന്‍സ് വിളിച്ച് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേതന്നെ അമ്മയും കുഞ്ഞും മരണപ്പെട്ടിരുന്നതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. പാലക്കാട് സ്വദേശിനിയായ ഷമീറയുടെയും പൂന്തുറ സ്വദേശിയായ നയാസിന്റെയും രണ്ടാം വിവാഹമാണിത്. ഷമീറയ്ക്കും നയാസിനും രണ്ട് കുഞ്ഞുങ്ങളുണ്ട്. ഇരുവര്‍ക്കും ആദ്യവിവാഹത്തിലും മക്കളുണ്ട്.

ഷമീറ പൂര്‍ണ ഗര്‍ഭിണിയായപ്പോള്‍ത്തന്നെ ആരോഗ്യവകുപ്പ് അധികൃതരും ഡോക്ടറും ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്നു. നയാസ് ഇതിനു തയ്യാറാകാതെവന്നപ്പോള്‍ പോലീസ് ഇടപെട്ടിട്ടും പ്രസവം വീട്ടില്‍ മതിയെന്ന് നയാസ് വാശിപിടിക്കുകയായിരുന്നുവെന്നും വിവരങ്ങളുണ്ട്. അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ഷമീറയുടെ ഭര്‍ത്താവ് നയാസ് തിരൂര്‍ സ്വദേശിയായ വ്യാജ അക്യുപങ്ചര്‍ സിദ്ധന്റെ ശിഷ്യനാണെന്നും ആരോപണമുണ്ട്. ജില്ലാ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് കേരളത്തില്‍ പത്തോളം പഠനകേന്ദ്രങ്ങളുണ്ട്. കല്ലാട്ടുമുക്ക് പെട്രോള്‍ പമ്പിന് സമീപമാണ് തിരുവനന്തപുരത്തെ പഠനകേന്ദ്രം.

അക്യുപങ്ചര്‍ എന്ന പേരില്‍ ഇവര്‍ പ്രചരിപ്പിക്കുന്നത് യഥാര്‍ത്ഥ അക്യുപങ്ചറുമായി യാതൊരു ബന്ധവുമില്ലാത്ത ചികില്‍സയാണെന്നാണ് ആരോപണം. കേരളത്തില്‍ ഇതിന് ഇരകളായി ഇതിനുമുന്‍പും നിരവധി പ്രസവ മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍ വീടുകളില്‍ വര്‍ധിച്ചുവരുന്ന പ്രസവത്തിനും അപകടങ്ങള്‍ക്കും കാരണം ഈ വ്യാജ ചികിത്സകരുടെ സ്വാധീനമാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

തിരുവനന്തപുരത്തുതന്നെ ഏതാനും നാളുകള്‍ക്ക് മുന്‍പ് ചാല മാര്‍ക്കറ്റിലെ വ്യാപാരിയായിരുന്ന കല്ലാട്ടുമുക്ക് സ്വദേശി അമീര്‍ ഹംസ വ്യാജ ചികിത്സയുടെ ഫലമായി മരണപ്പെട്ടിരുന്നു. വ്യാജ അക്യുപങ്ചര്‍ ചികിത്സയാണ് ഇതിന് കാരണമെന്നും ആരോപണം ഉയർന്നിരുന്നു.

നയാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വാർഡ് കൗൺസിലർ ദീപികയും രംഗത്തെത്തി. ആദ്യത്തെ മൂന്നു പ്രസവവും സിസേറിയൻ ആയതിനാൽ പല തവണ അപകട മുന്നറിയിപ്പു നൽകിയിട്ടും നയാസ് ഗൗനിച്ചില്ലെന്ന് ദീപിക ആരോപിച്ചു. യുട്യൂബ് നോക്കി സാധാരണ പ്രസവം നടത്താനാണ് ശ്രമമെന്ന് നയാസ് പറഞ്ഞതായും ദീപിക വെളിപ്പെടുത്തി.

‘‘ഇവർ എന്റെ വാർഡിൽ വന്നിട്ട് ഒരു വർഷമായി. ഇവിടെ ഗർഭിണിയായ ഒരു യുവതി ഉള്ള കാര്യം കഴിഞ്ഞ ജനുവരിയിലാണ് ഞാൻ അറിയുന്നത്. ഞങ്ങൾ അവിടെ എത്തിയെങ്കിലും വീടിനകത്തു കയറാൻ അവർ അനുവദിച്ചില്ല. ഗർഭിണിയായ യുവതിയുടെ വിശദാംശങ്ങളും നൽകാൻ വിസമ്മതിച്ചു. ആശുപത്രിയിൽ പരിശോധനയ്ക്കു പോയോ എന്നു ചോദിച്ചപ്പോൾ പോയി എന്നു മാത്രം പറഞ്ഞു. വേറെയൊന്നും പറഞ്ഞില്ല.

ആ സമയത്ത് അവർ എട്ടു മാസം ഗർഭിണിയായിരുന്നു. സംശയം തോന്നി വീട്ടിൽ കയറി സംസാരിച്ചപ്പോഴാണ് ഇത് അവരുടെ നാലാമത്തെ പ്രസവമാണെന്ന് അറിയുന്നത്. ആദ്യത്തെ മൂന്നും സിസേറിയനായിരുന്നു. മൂന്നാമത്തെ സിസേറിയൻ കഴിഞ്ഞിട്ട് ഒരു വർഷമാകുന്നതേയുള്ളൂവെന്നും മനസ്സിലായി. അവർക്ക് ഒരു കാരണവശാലും നോർമൽ ഡെലിവറി സാധ്യമല്ലാത്ത സാഹചര്യമാണ്. നമ്മൾ ഫോൺ ചെയ്യുമ്പോൾ പോലും ആ സ്ത്രീക്ക് സംസാരിക്കാൻ ഭയമായിരുന്നു. അവർ ഭർത്താവിന്റെ സമ്പൂർണ നിയന്ത്രണത്തിലായിരുന്നു.

എങ്ങനെയെങ്കിലും ഇവരെ ആശുപത്രിയിൽ എത്തിക്കണമെന്ന ചിന്തയോടെ ഞാൻ വീണ്ടും അവരുടെ വീട്ടിൽ വന്നു. അപ്പോൾ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. അര മണിക്കൂറോളം അവിടെനിന്നു. കണ്ടിട്ടേ പോകൂ എന്ന് പറഞ്ഞപ്പോൾ ഒടുവിൽ അയാൾ വന്ന് വാതിൽ തുറന്നുതന്നു. ഭാര്യയെ ഒരു കാരണവശാലും ആശുപത്രിയിൽ കൊണ്ടുപോകില്ല എന്നാണ് അയാൾ പറയുന്നത്. കേരളത്തിലെ ആരോഗ്യസംവിധാനത്തെ മുഴുവൻ അടച്ചാക്ഷേപിച്ചാണു സംസാരം. എന്നോടു വീട്ടിൽനിന്ന് ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടു. അന്ന് അയാൾ പറഞ്ഞ കാര്യങ്ങൾ റെക്കോർഡ് ചെയ്യാൻ ഞാൻ ശ്രമിച്ചു. ഇതു കണ്ടിട്ട് വീട്ടിൽനിന്ന് ഇറങ്ങാൻ പറഞ്ഞു.

ഞാനും രണ്ട് സിസേറിയൻ കഴിഞ്ഞ ആളാണെന്നും ഇവരെ ആശുപത്രിയിൽ കൊണ്ടുപോകണമെന്നും ഞാൻ അയാളോടു വീണ്ടും പറഞ്ഞു. പിറ്റേന്ന് ഡിഎംഒ ഓഫിസിൽനിന്നു ഡോക്ടറെ കൊണ്ടുവന്നു. പക്ഷേ, പിന്നീട് വിളിച്ചാൽ ഫോൺപോലും എടുക്കാതായി. വന്നാൽ വാതിലും തുറക്കില്ല. ബാക്കി മൂന്നു കുഞ്ഞുങ്ങളെയും മണക്കാടു താമസിക്കുന്ന ആദ്യ ഭാര്യയുടെ അടുത്തു കൊണ്ടാക്കി. പിന്നീട് ഈ സ്ത്രീ ഒറ്റയ്ക്കായി.

ഈ സ്റ്റെപ്പ് ഇറങ്ങാൻ പോലും അവർക്കു ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാൻ പറഞ്ഞു. യുട്യൂബിൽ നോക്കി നോർമൽ ഡെലിവറിക്കു ശ്രമിക്കാനാണു തീരുമാനം എന്ന് അയാൾ പറഞ്ഞു. ആ സ്ത്രീക്ക് അതിനോട് ഒട്ടും യോജിപ്പില്ലെന്നാണു ഞാൻ മനസ്സിലാക്കിയത്. പക്ഷേ, അവർ അയാളുടെ പൂർണ നിയന്ത്രണത്തിലായിരുന്നു. അയാളെ മറികടന്ന് സംസാരിച്ചാൽ ഉപേക്ഷിക്കാൻ പോലും മടിക്കില്ലെന്ന് അവർ ഇടയ്ക്ക് പറഞ്ഞു. അവരാണെങ്കിൽ വേറെ നാട്ടുകാരിയുമാണ്. തീരെ സാമ്പത്തിക ചുറ്റുപാടില്ലാത്തതിനാൽ വീട്ടുകാർക്കും അവരെ വന്നു കൊണ്ടുപോകാൻ കഴിഞ്ഞില്ല’’ – ദീപിക പറഞ്ഞു.

നയാസിനെതിരെ നരഹത്യാക്കുറ്റം ചുമത്തുമെന്നാണ് ലഭിക്കുന്ന സൂചന. ഷമീറയ്ക്ക് അക്യുപങ്ചർ ചികിത്സ നൽകിയ ബീമാപള്ളിയിൽ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബിനെ പ്രതി ചേർക്കുന്ന കാര്യത്തിൽ അന്വേഷണത്തിനു ശേഷമാകും തീരുമാനമെടുക്കുക. സംഭവത്തിൽ നയാസിനെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ് ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഷമീറയ്ക്കു നൽകിയത് അംഗീകാരമില്ലാത്ത ചികിത്സയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഷമീറയുടേതു നരഹത്യയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെ വൈകിട്ട് നേമം പഴയകാരയ്ക്കാമണ്ഡപത്തിനു സമീപം തിരുമംഗലം ലെയ്നിലാണ് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചത്. നാട്ടുകാരുമായി കാര്യമായ ബന്ധമില്ലാതെ മാസങ്ങളോളമായി ഇവർ ഇവിടെ കഴിഞ്ഞുവരികയായിരുന്നു. പൂർണഗർഭിണിയായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നാട്ടുകാർ ആരോഗ്യ പ്രവർത്തകരെയും നേമം പൊലീസിനെയും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെയും വിവരമറിയിച്ചു. അവർ ഇടപെട്ടെങ്കിലും ഇവർ ആശുപത്രിയിൽ പോകാൻ തയാറായില്ല. ഇന്നലെ പ്രസവവേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയിൽ പോയില്ല. ഇതിനിടെ അമിത രക്തസ്രാവമുണ്ടായി.

തുടർന്ന് ബോധരഹിതയായ ഇവരെ നാട്ടുകാർ ഇടപെട്ട് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കു മുൻപേ അമ്മയും കുഞ്ഞും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്നു സ്ഥലത്തെത്തിയ പൊലീസ് ഭർത്താവ് നയാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ബന്ധുക്കളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. രാത്രിയോടെ ഇവർ താമസിച്ചിരുന്ന വാടക വീട് പൊലീസ് സീൽ ചെയ്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!