സൗദിയിൽ ചെറുകിട സ്ഥാപനങ്ങളുടെ ലെവി ഇളവ് മൂന്ന് വർഷത്തേക്ക് കൂടി നീട്ടി
സൌദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് ലെവിയിൽ അനുവദിച്ചിരുന്ന ഇളവ് മൂന്ന് വർഷത്തേക്ക് കൂടി നീട്ടാൻ മന്ത്രിസഭ അനുമതി നൽകി. നേരത്തെ അനുവദിച്ചിരുന്ന ഇളവ് ഫെബ്രുവരി 25ന് അവസാനിക്കാനിരിക്കെയാണ് മന്ത്രിസഭയുടെ സുപ്രധാന തീരുമാനം.
കഴിഞ്ഞ വർഷം (2023 ജനുവരിയിൽ) കാലാവധി അവസാനിക്കാറായ ഘട്ടത്തിൽ ഒരു വർഷത്തേക്ക് കൂടി നീട്ടിയതായിരുന്നു. ആ കാലാവധിയും അവസാനിക്കാനിരിക്കെയാണ് ഇപ്പോൾ മൂന്ന് വർഷത്തേക്ക് കൂടി നീട്ടിയത്.
ഒമ്പതോ അതിൽ കുറവോ ജീവനക്കാരുളള സ്ഥാപനങ്ങളിലെ നിശ്ചിത എണ്ണം വിദേശികളായ ജീവനക്കാർക്കായിരുന്നു ലെവിയിൽ ഇളവ് അനുവദിച്ചിരുന്നത്. എന്നാൽ തൊഴിൽ ഉടമ അതേ സ്ഥാപനത്തിൽ ജോലി ചെയ്തിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
ഒമ്പത് ജീവനക്കാരുള്ള സ്ഥാപനത്തിൽ സ്വദേശിയായ തൊഴിലുടമ മാത്രമാണ് ജോലി ചെയ്യുന്നതെങ്കിൽ രണ്ട് വിദേശികൾക്കും, മറ്റൊരു സ്വദേശി ജീവനക്കാരൻ കൂടി ജോലി ചെയ്യുന്നുണ്ടെങ്കിൽ നാല് വിദേശികൾക്കുമാണ് ലെവിയിൽ ഇളവ് ലഭിക്കുക.
നിരവധി പ്രവാസികൾക്ക് ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം. ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണം ഡിസംബറിൽ 145% വർധിച്ചതായി അധികൃതർ വ്യക്തമാക്കി. ചെറുകിട, ഇടത്തരം സംരംഭങ്ങൾ രാജ്യത്തിൻ്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തെ സഹായിക്കുന്നതായും അധികൃതർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക