വിവാഹത്തിന് മുമ്പ് ചിരി മനോഹരമാക്കാന്‍ ശസ്ത്രക്രിയ; പ്രതിശ്രുത വരന് ദാരുണാന്ത്യം
ചിരി മനോഹരമാക്കാനുള്ള ശസ്ത്രക്രിയക്കിടെ (സ്മൈൽ എൻഹാൻസ്മെന്റ് സർജറി) പ്രതിശ്രുത വരന് ദാരുണാന്ത്യം. ഹൈദരാബാദിൽ നിന്നുള്ള ഇരുപത്തിയെട്ടുകാരനായ ലക്ഷ്മി നാരായണ വിൻജാം ആണ് മരണപ്പെട്ടത്. വിവാഹത്തിന് മുന്നോടിയായി തന്റെ ചിരി മനോഹരമാക്കാനായി വീട്ടുകാരറിയാതെ ശസ്ത്രക്രിയക്ക് വിധേയനാകുകയായിരുന്നു. ഇതിനിടെയാണ് ദാരുണ മരണം സംഭവിച്ചത്.
ഹൈദരാബാദിലെ എഫ്.എം.എസ് ഇന്റർനാഷണൽ ഡെന്റൽ ക്ലിനിക്കിൽ വെച്ചായിരുന്നു സ്മൈൽ ഡിസൈനിങ് സർജറി. ശസ്ത്രക്രിയ നടക്കുന്നതിനിടെ മരിക്കുകയായിരുന്നു. അനസ്തേഷ്യയുടെ ഡോസ് അമിതമായതാണ് മരണകാരണമെന്നാണ് കുടുംബം പറയുന്നത്.
ഫെബ്രുവരി പതിനാറിന് വൈകുന്നേരം നാലരയ്ക്കാണ് ലക്ഷ്മി നാരായണയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് എത്തിക്കുന്നത്. രണ്ടുമണിക്കൂറോളം സർജറി നീണ്ടുവെന്നും ഏഴുമണിയോടെ ബോധക്ഷയം സംഭവിച്ചുവെന്നു പറഞ്ഞ് വീട്ടിലേക്ക് ഫോൺകോൾ വരികയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞയാഴ്ച്ചയാണ് ലക്ഷ്മി നാരായണയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. അടുത്തമാസം വിവാഹം നടക്കാനിരിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മകന്റെ മരണത്തിനു പിന്നിലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരിക്കുകയാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക