മുസ്ലീം ലീഗ് സ്ഥാനാര്‍ഥികള്‍ ഇ.ടിയും സമദാനിയും തന്നെ; പക്ഷെ സീറ്റുകള്‍ വെച്ചുമാറും, മൂന്നാം സീറ്റിന് സാധ്യത മങ്ങി
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളില്‍ തീരുമാനം. യു.ഡി.എഫില്‍ ലീഗിന് അനുവദിച്ച രണ്ടു സീറ്റുകളില്‍ നിലവിലെ എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീറും അബ്ദുസമ്മദ് സമദാനിയും മത്സരിക്കും. എന്നാല്‍, ഇരുവരുടേയും മണ്ഡലങ്ങളില്‍ മാറ്റമുണ്ടാവും.
നിലവില്‍ മലപ്പുറം എം.പിയാണ് അബ്ദുസമദ് സമദാനി. ഇത്തവണ അദ്ദേഹം പൊന്നാനിയില്‍ മത്സരിക്കും. പൊന്നാനി എം.പിയായ ഇ.ടി. മുഹമ്മദ് ബഷീര്‍ മലപ്പുറത്തായിരിക്കും ജനവിധി തേടുക. ഇ.ടി. മുഹമ്മദ് ബഷീര്‍ മലപ്പുറത്ത് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
അതേസമയം, ലീഗിന് ഇത്തവണയും ലോക്‌സഭയിലേക്ക് മൂന്നാം സീറ്റ് ലഭിക്കില്ല. പകരം രാജ്യസഭയില്‍ രണ്ടാം സീറ്റ് നല്‍കാനാണ് യു.ഡി.എഫിലെ ധാരണയെന്നാണ് വിവരം. ജൂണില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒന്നില്‍ യു.ഡി.എഫിന് വിജയിക്കാന്‍ സാധിക്കും. ഇത് ലീഗിന് നല്‍കിയേക്കും. നിലവില്‍ പി.വി. അബ്ദുള്‍വഹാബാണ് ലീഗിന്റെ രാജ്യസഭാംഗം.
അതേസമയം, ചര്‍ച്ചകള്‍ തുടരുകയാണെന്നും അതിന് ശേഷം മാത്രമേ മൂന്നാം സീറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന്‍ കഴിയൂ എന്നാണ് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ചര്‍ച്ചകള്‍ എവിടേയും വഴിമുട്ടിയിട്ടില്ല. യു.ഡി.എഫ്. യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ മറുപടി പറയേണ്ട വിഷയമല്ലെന്നായിരുന്നു മൂന്നാം സീറ്റില്‍ ഇപ്പോഴും പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തോട് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
നിലവില്‍ കൊല്ലത്തും കോട്ടയത്തും യു.ഡി.എഫ്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ഫ്രാന്‍സിസ് ജോര്‍ജാണ് കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി. കൊല്ലത്ത് ആര്‍.എസ്.പിയുടെ സിറ്റിങ് എം.പി. എന്‍.കെ. പ്രേമചന്ദ്രന്‍ യു.ഡി.എഫ്. ടിക്കറ്റില്‍ വീണ്ടും ജനവിധി തേടും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക