ആശങ്കക്ക് വിരാമം; തിരുവനന്തപുരത്ത് നിന്ന് കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി; കണ്ടെത്തിയത് 19 മണിക്കൂറുകൾക്ക് ശേഷം
തിരുവനന്തപുരം∙ നഗരത്തിൽ ചാക്കയിൽ നിന്ന് കാണാതായ 2 വയസുകാരി കുട്ടിയെ കണ്ടെത്തി. ഇന്നലെ രാത്രി കാണാതായ കുട്ടിയെ ഇന്നു രാത്രി 7.30ന് കൊച്ചുവേളി റെയിൽവെ സ്റ്റേഷനു സമീപം കണ്ടെത്തുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതെയായത്. സ്റ്റേഷന് അടുത്തുള്ള ഓടയ്ക്കു സമീപമാണ് കുട്ടി ഉണ്ടായിരുന്നത്. കാണാതായി 19 മണിക്കൂറുകൾക്കു ശേഷമായിരുന്നു കണ്ടെത്തൽ.
കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി എങ്ങനെ ആ ഭാഗത്തെത്തി എന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ഡിസിപി അറിയിച്ചു. പുറമേ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ല. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കൂടുതൽ കാര്യങ്ങൾക്കു മറുപടി പറയാമെന്നും ഡിസിപി അറിയിച്ചു. തട്ടിക്കൊണ്ടു പോയ വിവരം മാധ്യമശ്രദ്ധ നേടിയതോടെ കുട്ടിയെ ഉപേക്ഷിച്ചതാകുമെന്നാണ് പൊലീസ് കരുതുന്നത്.
പ്രതികളെ പിടികൂടാൻ പൊലീസ് ശ്രമം തുടരുന്നു. റെയിൽവേ സ്റ്റേഷനു സമീപം താമസിച്ചിരുന്ന അമർദീപ്–റബീന ദേവി എന്നിവരുടെ മകളെയാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഓൾ സെയിന്റ്സ് കോളജിനു സമീപത്തുനിന്നായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോയത്. അമർദീപ്–റബീന ദേവി ദമ്പതികൾക്ക് നാലു കുട്ടികളാണുള്ളത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പം കിടന്നുറങ്ങവേയാണ് രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയതെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. ഒരുമണിക്കുശേഷം ഉണർന്നപ്പോൾ കുട്ടിയെ കണ്ടില്ലെന്നാണ് ഇവർ പൊലീസിനു നൽകിയ മൊഴി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക