ടി.പി.ചന്ദ്രശേഖരൻ വധക്കേസ്: പ്രതികളുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി; 2 പേരെ വെറുതെ വിട്ടത് റദ്ദാക്കി
ടി. പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി. രണ്ടു പേരെ വെറുതെ വിട്ട വിചാരണ കോടതി നടപടി റദ്ദാക്കുകയും ചെയ്തു. കെ.കെ.കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ടതാണ് റദ്ദാക്കിയത്. പ്രതികളും സർക്കാരും ടി.പിയുടെ ഭാര്യ കെ.കെ. രമ എംഎൽഎയും നൽകിയ അപ്പീലുകളാണു ജസ്റ്റിസ് എ. കെ. ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
ടി.പി. വധക്കേസിൽ 10, 12 പ്രതികളായിരുന്ന ഒഞ്ചിയം ഏരിയ കമ്മിറ്റി മുൻ അംഗം കെ.കെ. കൃഷ്ണൻ, കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റിൻ മുൻ അംഗം ജ്യോതിബാബു എന്നിവരെ വെറുതേവിട്ട നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. അതേസമയം പി.മോഹനനെ വെറുതെ വിട്ടത് കോടതി ശരിവെച്ചു.
12 പ്രതികൾ ശിക്ഷാവിധിക്കെതിരേ നൽകിയ അപ്പീലും പരമാവധിശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ അപ്പീലും സി.പി.എം. നേതാവ് പി. മോഹനനടക്കമുള്ളവരെ കേസിൽ വെറുതേവിട്ടതിനെതിരേ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ എം.എൽ.എ. നൽകീയ അപ്പീലിലുമാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
36 പ്രതികൾ ഉണ്ടായിരുന്ന കേസിൽ, കൊലയാളി സംഘാംഗങ്ങളായ ഏഴുപേരടക്കം 12 പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്. എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, മുഹമ്മദ് ഷാഫി, ടി.കെ രാജീവൻ അടക്കം ഏഴുപേരായിരുന്നു കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നത്. പന്ത്രണ്ടുപേരിൽ മൂന്നുപേർ സി.പി.എമ്മുമായി ബന്ധപ്പെട്ട പ്രധാന ആളുകളായിരുന്നു. ഇതിൽ പി.കെ. കുഞ്ഞനന്തൻ ശിക്ഷാകാലയളവിൽ മരിച്ചിരുന്നു. ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ.സി. രാമചന്ദ്രൻ, ട്രൗസർ മനോജ് ഉൾപ്പടെയുള്ളവരെ ജീവപര്യന്തം തടവിനും പ്രതികളിൽ ഒരാളായ ലംബു പ്രദീപിന് മൂന്നു വർഷം കഠിന തടവും വിചാരണകോടതി ശിക്ഷ വിധിച്ചിരുന്നു.
2012 മേയ് നാലിനാണ് ആര്‍എംപി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരനെ വടകര വള്ളിക്കോട് വെച്ച് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മില്‍നിന്ന് വിട്ടുപോയി സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയ ചന്ദ്രശേഖരനോടുള്ള പകവീട്ടുന്നതിന് സിപിഎമ്മകാരായ പ്രതികള്‍ കൊലപാതകം നടത്തി എന്നാണ് കേസ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക