ഇസ്രായേൽ ആക്രമണം രൂക്ഷം: ഗസ്സയിലെ നാസ്സർ ആശുപത്രിയുടെ പ്രവർത്തനം പൂർണമായും നിലച്ചു, രോഗികൾക്ക് നേരെയും ക്രൂര ആക്രമണം – വീഡിയോ

ഇസ്രായേൽ രൂക്ഷ ആക്രമണം നടത്തിയതോടെ ഗസ്സയിലെ രണ്ടാമത്തെ വലിയ ആതുരാലയമായ നാസ്സർ ആശുപത്രിയുടെ പ്രവർത്തനം പൂർണമായും നിലച്ചു. കരമാർഗവും വ്യോമമാർഗവും സൈന്യം ആശുപത്രി ആക്രമിച്ചതോടെയാണ് 200 ഓളം രോഗികളുള്ള ആശുപത്രിയുടെ പ്രവർത്തനം നിലച്ചത്. ഒരു മാസമായി ഇസ്രായേൽ സൈന്യം വളഞ്ഞ ആശുപത്രിയുടെ പ്രവർത്തനം നിലച്ചത് ഗസ്സ ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും സ്ഥിരീകരിച്ചിട്ടുണ്ട്. ആഴ്ചകൾ നീണ്ട ഉപരോധം ഈയാഴ്ച ഇസ്രായേൽ സൈന്യം തീവ്രമാക്കിയതാണ് തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിച്ചത്.

 

‘നിലവിൽ നാല് ആരോഗ്യ പ്രവർത്തകർ മാത്രമാണ് രോഗികളുടെ കാര്യങ്ങൾ നോക്കാൻ ആശുപത്രിയിലുള്ളത്’ ഗസ്സ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റ് അൽ ഖുദ്‌റ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ആശുപത്രിയിൽ കടന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികളടക്കമുള്ളവരുടെ കാര്യങ്ങൾ നോക്കാൻ തങ്ങളുടെ സംഘത്തെ വെള്ളിയാഴ്ച മുതൽ ഇസ്രായേൽ സൈന്യം അനുവദിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

 

‘നിലവിൽ 200 ഓളം രോഗികൾ ആശുപത്രിയിലുണ്ട്, അവരിൽ 20 പേരെങ്കിലും അടിയന്തര ചികിത്സ നേടാൻ മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യപ്പെടേണ്ടവരാണ്. അത് രോഗിയുടെ അവകാശമാണ്. ഇത് വൈകുന്നതിന് രോഗിയുടെ ജീവനാണ് വില നൽകേണ്ടി വരിക’ ലോകാരോഗ്യ സംഘടനാ തലവൻ പറഞ്ഞു.

 

 

ഫലസ്തീനികൾ അഭയം പ്രാപിച്ച ആശുപത്രിയിൽ ഇസ്രായേലി സൈനികർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റെയ്ഡ് നടത്തിയിരുന്നു. അതിനിടെ, ഇസ്രായേൽ സൈന്യം പരിക്കേറ്റവരെ പരിചരിക്കുകയായിരുന്ന ആശുപത്രിയിലെ ഡയറക്ടർമാരെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തതായി ശനിയാഴ്ച ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. വെള്ളിയാഴ്ച, ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ഒരു സഹായ സംഘത്തെ ഏഴ് മണിക്കൂറോളം അധിനിവേശ സൈന്യം തടഞ്ഞുവെച്ചതായും മന്ത്രാലയം അറിയിച്ചു.

ഇസ്രായേൽ സൈന്യം നാസർ ഹോസ്പിറ്റലിനെ സൈനിക ഔട്ട്പോസ്റ്റാക്കി മാറ്റിയിരിക്കുകയാണെന്ന് ഖുദ്‌സ് ന്യൂസ് നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്തു. പ്രസവത്തിനായുള്ള കെട്ടിടത്തിൽ മെഡിക്കൽ സ്റ്റാഫിനെ ഇസ്രായേൽ സേന മണിക്കൂറുകളോളം തടഞ്ഞുനിർത്തിയതായും അവരുടെ കൈകൾ ബന്ധിച്ചതായും എക്‌സിൽ പറഞ്ഞു. അവരെ ആക്രമിക്കുകയും അവരുടെ വസ്ത്രങ്ങൾ അഴിക്കുകയും ചെയ്തതായും ട്വീറ്റ് ചെയ്തു. ആശുപത്രിയിൽനിന്ന് 70 ആരോഗ്യ പ്രവർത്തകരെ ഇസ്രായേൽ സേന അറസ്റ്റ് ചെയ്തതായും വ്യക്തമാക്കി.

 

 

 

പാടേ അവശരായ നിരവധി രോഗികളെ ഇസ്രായേൽ സൈന്യം പിടികൂടി, സ്ട്രെച്ചറുകളിലായി സൈനിക ട്രക്കുകളിൽ കയറ്റി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയതായി റിപ്പോർട്ട് ചെയ്തു. ഓക്‌സിജൻ ക്ഷാമം ഇതുവരെ എട്ട്‌ രോഗികളുടെ മരണത്തിലേക്ക് നയിച്ചതായും കൂടാതെ ഗുരുതരാസ്ഥയിലുള്ള ഡസൻ കണക്കിന് പേർ മരിക്കുമെന്ന് ഭയപ്പെടുന്നതായും ഇന്ന് വൈകീട്ട് പുറത്തുവിട്ട ട്വീറ്റിൽ പറഞ്ഞു.

അതേസമയം, ഖാൻ യൂനിസിൽ ഇപ്പോഴും പ്രവർത്തിക്കുന്ന ഒരേയൊരു പ്രധാന മെഡിക്കൽ സൗകര്യമായ അൽ-അമൽ ആശുപത്രിക്കെതിരെയും ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഇസ്രായേൽ സൈന്യം ആശുപത്രിയുടെ മൂന്നാം നിലയിലേക്ക് പീരങ്കി ലക്ഷ്യമിട്ടതായി ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി (പിആർസിഎസ്) ഞായറാഴ്ച പറഞ്ഞു.

 

 

 

അതേസമയം, 1.4 ദശലക്ഷത്തിലധികം ഫലസ്തീനികൾ അഭയം പ്രാപിച്ച റഫയിൽ കരയാക്രമണം നടത്തുമെന്നതിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉറച്ചുനിൽക്കുകയാണ്. റഫയിലെ അധിനിവേശം അംഗീകരിക്കില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സും മറ്റ് ഇസ്രായേൽ സഖ്യകക്ഷികളും പറഞ്ഞിട്ടുണ്ട്, എന്നാൽ ഇസ്രായേൽ സമ്പൂർണ വിജയമെന്ന സമീപനവുമായി മുന്നോട്ട് പോയാൽ അവർ എന്തുചെയ്യുമെന്ന് വ്യക്തമല്ല.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!