പ്രഭാത നമസ്കാരത്തിനുള്ള തയ്യാറെടുപ്പിനിടെ മക്കയിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

പ്രഭാത നമസ്കാരത്തിനുള്ള തയ്യാറെടുപ്പിനിടെ മക്കയിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വിളയിൽ എളങ്കാവ് സ്വദേശി പാമ്പോടൻ നൗഫൽ ആണ് മരിച്ചത്. 38 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു മരണം. മക്ക നവാരിയ്യയിലെ താമസസ്ഥലത്ത് നിന്ന് ഉറക്കമുണർന്ന് പ്രഭാത നമസ്കാരത്തിനായി അംഗശുദ്ധി വരുത്തിയിരുന്നു. തുടർന്ന് നമസ്കാരത്തിനായി തയ്യാറെടുക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു.

രണ്ട് മാസം മുമ്പാണ് ഇദ്ദേഹം അവധി കഴിഞ്ഞ് നാട്ടിൽ നിന്ന്  തിരിച്ചെത്തിയത്. ഐ.സി.എഫ് തൻഈം സെക്ടർ പബ്ലിക്കേഷൻ സെക്രട്ടറിയായിരുന്നു. ഹജ്ജ് കാലത്ത് തീർഥാടകർക്ക് സേവനം നൽകുന്നതിൽ മുൻപന്തിയിലായിരുന്നു ഇദ്ദേഹം. ഹാജിമാരുടെ സേവനത്തിനായി പ്രവർത്തിക്കുന്ന ഹജ്ജ് വളന്റിയർ കോർ കമ്മിറ്റിയിലെ സജീവ സാന്നിധ്യമായിരുന്നു.

പരേതനായ മമ്മൂസൻ കുട്ടി ഹാജിയുടേയും ആമിനയുടേയും മകനാണ്. നജ്മയാണ് ഭാര്യ. മക്കൾ: നഷ് വ (13), അജ് വ (ഒമ്പത്), ആയിഷ (ഒന്ന്).

സഹോദരങ്ങൾ: മൊയ്‌ദീൻ ഫൈസി, മൻസൂർ, അബ്ദുസ്സലാം, മൈമൂന, സുലൈഖ.

നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ഐ.സി.എഫ് മക്ക വെൽഫയർ ടീം അറിയിച്ചു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!