ഇലക്ടറല്‍ ബോണ്ട് ഭരണഘടനാവിരുദ്ധം, റദ്ദാക്കണം എന്ന് സുപ്രീം കോടതി; കേന്ദ്രത്തിന് കനത്ത തിരിച്ചടി

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നൽകാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി തടഞ്ഞ് സുപ്രീം കോടതി. ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് നിർണായക വിധി. രാഷട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന ഫണ്ടിന്റെ വിശദാംശങ്ങളറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പദ്ധതിയുടെ സുതാര്യതയും നിയമസാധുതയും പരിശോധിച്ച് വിധി പറഞ്ഞത്.

പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനയെക്കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭാവനകളുടെ വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. സംഭാവന സംബന്ധിച്ച രഹസ്യാത്മകത വിവരവകാശ നിയമത്തിന്റെ ലംഘനമാണ്. തിരഞ്ഞെടുപ്പിലെ കള്ളപ്പണ ഇടപാട് തടയാനുള്ള ഏകമാർഗമല്ല ഇലക്ടറൽ ബോണ്ട്. സംഭാവന സംബന്ധിച്ച് മുഴുവൻ വിവരങ്ങളും പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകണം. പാർട്ടികൾക്ക് ലഭിച്ച സംഭാവന വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അംഗീകൃത ബാങ്കിൽനിന്ന് തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവനയായി നൽകാമെന്നതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. ലഭിക്കുന്ന ബോണ്ടുകൾ 15 ദിവസത്തിനകം പാർട്ടികൾക്ക് പണമാക്കി മാറ്റാം. സംഭാവന നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമാണെന്നതാണ് പദ്ധതിയുടെ പ്രത്യേകത. അതിലെ സുതാര്യതക്കുറവുതന്നെയാണ് ചോദ്യംചെയ്യപ്പെട്ടതും.

രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവന പണമായി നൽകുന്ന പഴയരീതിയിലേക്ക് തിരിച്ചുപോകേണ്ടതില്ലെന്നും അതേസമയം, തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയിലെ ഗൗരവകരമായ പിഴവുകൾ പരിഹരിക്കണമെന്നും കേസ് വിധിപറയാൻ മാറ്റവേ സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, കോമൺ കോസ് തുടങ്ങിയ സംഘടനകളാണ് ബോണ്ട് പദ്ധതിക്കെതിരേ ഹർജി നൽകിയത്.

ബോണ്ടുകൾവഴി സംഭാവന നൽകുന്നവർ ആരെന്ന് സ്വീകരിക്കുന്ന രാഷ്ട്രീയപ്പാർട്ടിക്ക് അറിയാനാകും. അതേസമയം, മറ്റു പാർട്ടികൾക്ക് അറിയാനാവില്ല. ഈ രഹസ്യാത്മകതയാണ് ദാതാക്കൾ ഉദ്ദേശിക്കുന്നതെന്നും പ്രായോഗികത കണക്കിലെടുത്താണ് പദ്ധതി ആവിഷ്കരിച്ചതെന്നും കേന്ദ്രം വാദിച്ചിരുന്നു. 2018 മുതലാണ് ബോണ്ടുകൾ നൽകിത്തുടങ്ങിയത്.

 

എന്താണ് ഇലക്ടറൽ ബോണ്ട്

രാഷ്‌ട്രീയ പാർട്ടികൾക്കു സംഭാവന നൽകുന്നതു സുതാര്യമാക്കാൻ കഴിഞ്ഞ 2018ലെ പൊതു ബജറ്റിലാണ് കടപ്പത്ര പദ്ധതി (ഇലക്‌ടറൽ ബോണ്ട്) കേന്ദ്ര സർക്കാർ കൊണ്ടുവന്നത്.

വ്യവസ്‌ഥകൾ

∙ പലിശയില്ലാത്ത കടപ്പത്രം ഇന്ത്യൻ പൗരൻമാർക്കും ഇന്ത്യൻ കമ്പനികൾക്കും വാങ്ങാം.
∙ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിശ്‌ചിത ശാഖകളാണു നൽകുക.
∙ 1000, 10,000, 1,00,000 , 10,00,000, 1,00,00,000 എന്നിങ്ങനെ എത്ര രൂപയ്‌ക്കു വേണമെങ്കിലും വാങ്ങാം.
∙ ഇടപാടുകാരന്റെ വിശദാംശങ്ങൾ (കെവൈസി) സംബന്ധിച്ച വ്യവസ്‌ഥ പാലിക്കുന്നവർക്ക്, ബാങ്ക് അക്കൗണ്ടിൽനിന്നു പണം നൽകി വാങ്ങാം.
∙ വാങ്ങുന്നയാളുടെ പേരു കടപ്പത്രത്തിൽ രേഖപ്പെടുത്തില്ല.
∙ മൂല്യം 15 ദിവസത്തേക്കു മാത്രം.
∙ കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലോ നിയമസഭാ തിരഞ്ഞെടുപ്പിലോ ഒരു ശതമാനമെങ്കിലും വോട്ടു നേടിയ, റജിസ്‌റ്റർ ചെയ്‌ത രാഷ്‌ട്രീയ പാർട്ടികൾക്കാണ് ഇങ്ങനെ സംഭാവന സ്വീകരിക്കാവുന്നത്.
∙ ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്‌ടോബർ മാസങ്ങളിൽ 10 ദിവസം വീതമാണു ബാങ്ക് കടപ്പത്രം നൽകുക. പൊതുതിരഞ്ഞെടുപ്പിന്റെ വർഷത്തിൽ 30 ദിവസത്തെ അധികസമയം അനുവദിക്കും.
∙ കമ്മിഷനെ മുൻകൂട്ടി അറിയിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ പാർട്ടിക്കു കടപ്പത്രം മാറ്റിയെടുക്കാനാവൂ.
∙ കടപ്പത്രത്തിലൂടെ ലഭിച്ച പണത്തിന്റെ വിശദാംശങ്ങൾ പാർട്ടികൾ തിരഞ്ഞെടുപ്പു കമ്മിഷനു ലഭ്യമാക്കണം.
∙ കടപ്പത്രത്തിൽ പേരില്ലെങ്കിലും, അതു വാങ്ങുന്നവരുടെ ബാലൻസ് ഷീറ്റിൽ വിവരങ്ങളുണ്ടാവും. ആര്, ഏതു പാർട്ടിക്കു സംഭാവന നൽകി എന്നതു മാത്രമാവും അറിയാൻ സാധിക്കുക.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!