ഇരട്ടക്കുട്ടികളുടെ മൃതദേഹം കിടപ്പുമുറിയിൽ, കുളിമുറിയിൽ തോക്കും; നാലംഗ മലയാളി കുടുംബത്തിൻ്റെ മരണത്തിൽ വൻ ട്വിസ്റ്റ്

അമേരിക്കയില്‍ നാലംഗ മലയാളി കുടുംബത്തിന്റെ മരണം കുട്ടികളെ കൊലപ്പെടുത്തിയ ശേഷമുള്ള ആത്മഹത്യയാണെന്ന്‌ നിഗമനം. കാലിഫോര്‍ണിയ സാന്‍മറ്റേയോയില്‍ താമസിച്ചിരുന്ന കൊല്ലം സ്വദേശി ആനന്ദ് സുജിത് ഹെൻറി(42) ഭാര്യ ആലീസ് പ്രിയങ്ക ബെന്‍സിഗര്‍(40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍(4) എന്നിവരുടെ മരണത്തിലാണ് സാന്‍മറ്റേയോ പോലീസ് വിശദമായ അന്വേഷണം നടത്തുന്നത്.

ആനന്ദും ഭാര്യ ആലീസും മരിച്ചത് വെടിയേറ്റാണെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. നാട്ടിലുള്ള ഇവരുടെ ബന്ധുക്കള്‍ക്കും ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചു. വീട്ടിലെ കുളിമുറിയിലാണ് ദമ്പതിമാരുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. രണ്ടുപേരുടെയും ശരീരത്തില്‍ വെടിയേറ്റ പാടുകളുണ്ടായിരുന്നു. കുളിമുറിയില്‍നിന്ന് ലോഡ്‌ചെയ്ത നിലയിലുള്ള 9 എം.എം. പിസ്റ്റളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

അതേസമയം, കുട്ടികളുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ അടയാളങ്ങളില്ലെന്നാണ് പോലീസിന്റെ പ്രതികരണം. കുട്ടികളെ വിഷം നല്‍കിയോ ശ്വാസംമുട്ടിച്ചോ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കയിലെ പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം ആനന്ദ് സ്വയം വെടിയുതിര്‍ത്ത് മരിച്ചതാണെന്നാണ് പ്രാഥമികവിവരമെന്നും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്.

പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 9.13-നാണ് സാന്‍മറ്റേയോ അലമേഡ ഡി ലാസ് പല്‍ഗാസിലെ വീട്ടിനുള്ളില്‍ നാലുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്. രാവിലെ വീട്ടിലെത്തിയപ്പോള്‍ ആരുടെയും പ്രതികരണമുണ്ടായില്ല. പരിശോധനയില്‍ ബലംപ്രയോഗിച്ച് ആരെങ്കിലും വീടിനകത്ത് പ്രവേശിച്ചതിനും തെളിവ് കിട്ടിയില്ല. തുടര്‍ന്ന് വീടിനകത്ത് നടത്തിയ പരിശോധനയിലാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(സി.ഐ.ബി) അന്വേഷണം ഏറ്റെടുത്തതായും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുജനങ്ങള്‍ക്ക് അപകടസാധ്യതയില്ലെന്നും പോലീസ് അറിയിച്ചു.

വീട്ടില്‍നിന്ന് കുറിപ്പുകളോ മറ്റോ ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം. കുട്ടികളുടെ മൃതദേഹങ്ങള്‍ വീട്ടിലെ കിടപ്പുമുറിയിലായിരുന്നു. ഇവരുടെ മരണകാരണം സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

അതിനിടെ, 2016-ല്‍ ഇവര്‍ വിവാഹമോചനത്തിന് കേസ് ഫയല്‍ചെയ്തിരുന്നതായും പിന്നീട് ഇതുമായി മുന്നോട്ടുപോയില്ലെന്നും അമേരിക്കന്‍ പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, ബന്ധുക്കള്‍ക്ക് ഇതുസംബന്ധിച്ച വിവരങ്ങളൊന്നും അറിയില്ലായിരുന്നുവെന്നാണ് സൂചന.

ദമ്പതിമാര്‍ സാന്‍മറ്റേയോയിലെ വീട്ടില്‍ താമസം തുടങ്ങിയിട്ട് നാലുവര്‍ഷത്തിലേറെയായെന്നാണ് അയല്‍ക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഏറെ സന്തോഷത്തോടെയാണ് കുടുംബത്തെ കണ്ടിരുന്നതെന്നും ഇവര്‍ ഒരുമിച്ച് നടക്കാന്‍ പോകുന്നതെല്ലാം കാണാറുണ്ടെന്നും അയല്‍ക്കാര്‍ പ്രതികരിച്ചു. ആലീസ് ഗര്‍ഭിണിയായിരിക്കെ ദമ്പതിമാര്‍ നടക്കാന്‍ പോകുന്നത് കണ്ടിരുന്നു. കുഞ്ഞുങ്ങളുണ്ടായ ശേഷം അവരുമായാണ് ദമ്പതിമാര്‍ പുറത്തുപോയിരുന്നതെന്നും അയല്‍ക്കാര്‍ പറഞ്ഞു.

കൊല്ലം ഫാത്തിമാമാതാ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ പട്ടത്താനം വികാസ് നഗര്‍ 57-ല്‍ ഡോ.ജി.ഹെൻറിയുടെ മകനാണ് ആനന്ദ്. ഭാര്യ ആലീസ് കിളികൊല്ലൂര്‍ സ്വദേശിനിയാണ്. ഗൂഗിളില്‍ ജോലിചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ച് സ്റ്റാര്‍ട്ടപ്പ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയര്‍ അനലിസ്റ്റായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുടുംബം അമേരിക്കയിലേക്ക് പോയത്. അതിനുശേഷം നാട്ടിലേക്ക് വന്നിട്ടില്ല. ആലീസിന്റെ അമ്മ ജൂലിയറ്റും ഇവര്‍ക്കൊപ്പം അമേരിക്കയിലായിരുന്നു. ഞായറാഴ്ചയാണ് ജൂലിയറ്റ് അവിടെനിന്ന് നാട്ടിലേക്ക് തിരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെത്തി ആലീസിനെ വിളിച്ചിരുന്നു. അതിനുശേഷം ഇരുവരേയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അവിടെയുള്ള സുഹൃത്തുക്കള്‍ വഴി ആനന്ദിന്റെ വീട്ടില്‍ അന്വേഷിച്ചെങ്കിലും വീട് തുറന്നില്ല. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!