‘അഹ്​ലൻ മോദി’ യിൽ പങ്കെടുത്ത് പതിനായിരങ്ങൾ; മോദിയും യുഎഇ പ്രസിഡണ്ടും ചേർന്ന് യുഎഇയുടെ ഡിജിറ്റൽ കാർഡ് ‘ജെയ്‌വാൻ’ പുറത്തിറക്കി – വീഡിയോ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇയിലെ ഇന്ത്യൻ സംഘടനകൾ ഒരുക്കിയ അഹലൻ മോദി എന്ന സ്വീകരണ പരിപാടിയിൽ പങ്കെടുത്ത് ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ. അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലായിരുന്നു സ്വീകരണ പരിപാടി. സ്റ്റേഡിയത്തിൽ 35000 ത്തോളം പേർ പങ്കെടുത്തുവെന്നാണ് പ്രാഥമിക വിവരങ്ങൾ. ബിജെപി അനുകൂല പ്രവാസി സംഘടനയായ ഐപിഎഫ് ആണ് പരിപാടിയുടെ മുഖ്യ സംഘാടകർ. യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്‍ സ്വീകരണ വേദിയിൽ പ്രധാനമന്ത്രിയെ അനുഗമിച്ചു. ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടക്കുന്ന അഹ്ലൻ മോദി പരിപാടിക്ക് പുറമെ  ദുബായിലെ ലോക സർക്കാർ ഉച്ചകോടിയിലും നാളെ(14) നടക്കുന്ന ബാപ്സ് ഹിന്ദു ശിലാ ക്ഷേത്രം ഉദ്ഘാടന ചടങ്ങിലും മോദി പങ്കെടുക്കും.

നേരത്തെ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഗാഢമായ ആശ്ലേഷണത്തിലൂടെ മോദിയെ പ്രസിഡന്‍റ് സ്വീകരിച്ചു. ഊഷ്മളമായ സ്വാഗതത്തിന് മോദി നന്ദി പറഞ്ഞു. നിങ്ങളെ കാണാൻ ഞാൻ ഇവിടെ വരുമ്പോഴെല്ലാം ഞാനെന്‍റെ കുടുംബത്തെ കാണാൻ വന്നതായി തോന്നുന്നു. നമ്മൾ കഴിഞ്ഞ 7 മാസങ്ങളിൽ 5 തവണ കണ്ടുമുട്ടി. ഇത് വളരെ അപൂർവമാണ്. നമ്മുടെ അടുത്ത ബന്ധത്തെ ഇത്  പ്രതിഫലിപ്പിക്കുന്നു–അദ്ദേഹം പറഞ്ഞു.

.

യുഎഇയുടെ ഡിജിറ്റൽ കാർഡ് ‘ജെയ്‌വാൻ’; നരേന്ദ്ര മോദിയും പ്രസിഡന്റ് ഷേഖ് മുഹമ്മദും ചേർന്ന് പുറത്തിറക്കി

യുഎഇയുടെ സ്വന്തം ഡിജിറ്റൽ, കാർഡ് പേയ്മെന്‍റ് സംവിധാനം ജെയ്‌വാൻ നിലവിൽ വന്നു. ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫെയ്സിൽ (UPI) ആണ് യുഎഇയുടെ ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇന്ത്യയുടെ റൂപേ കാർഡാണ് ജെയ്‌വാൻ തയാറാക്കിയിരിക്കുന്നത്. ആദ്യ ജെയ്‌വാൻ കാർഡ് യുഎഇ പ്രസിഡന്‍റ് ഷേഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറി.

സ്വന്തം പേരിൽ ലഭിച്ച കാർഡ് ഉപയോഗിച്ച് ഷേഖ് മുഹമ്മദ് ആദ്യ ഡിജിറ്റൽ പണമിടപാടും നടത്തി. ഡിജിറ്റൽ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും യുഎഇ സെൻട്രൽ ബാങ്കും കഴിഞ്ഞ വർഷം കരാർ ഒപ്പിട്ടിരുന്നു. ജെയ്‌വാൻ കാർഡുകൾ നിർമിക്കാൻ യുഎഇ സെൻട്രൽ ബാങ്ക് കരാർ നൽകിയത് ഇന്ത്യയുടെ നാഷണൽ പേയ്മെന്‍റ് കോർപറേഷനാണ്. ജെയ്‌വാൻ കാർഡ് ഉപയോഗിച്ച് ഇന്ത്യയിലും റൂപേ കാർഡ് ഉപയോഗിച്ച് യുഎഇയിലും ഇനി മുതൽ പണമിടപാടുകൾ നടത്താം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

 

ഇന്ത്യയുടെ യുപിഐയും യുഎഇയുടെ ആനി(Aani) പേമെന്റ് സംവിധാനവും അതിരുകളില്ലാതെ ഇരുരാജ്യങ്ങളിലും ഉപയോഗിക്കുന്നത് സംബന്ധിച്ചും ഇരു രാജ്യങ്ങളും ഉഭയകക്ഷി കരാർ തയാറാക്കി. ഫോൺ നമ്പറിലേക്ക് വേഗത്തിൽ പണം അയക്കാൻ സാധിക്കുന്ന സംവിധാനം അടക്കം അടങ്ങിയതാണ് ആനി പേമെന്റ് സിസ്റ്റം.

 

ഊർജ മേഖലയിലെ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ഇരുനേതാക്കളും ചർച്ച നടത്തി. ക്രൂഡിന്റെയും എൽപിജിയുടെയും ഏറ്റവും വലിയ സ്രോതസ്സുകളിൽ ഒന്നാണ് യുഎഇ എന്നതിന് പുറമേ, ഇന്ത്യ ഇപ്പോൾ എൽഎൻജിക്കായി ദീർഘകാല കരാറുകളിൽ ഏർപ്പെടുകയാണ്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് നരേന്ദ്ര മോദി യുഎഇയിലെത്തിയത്. ബുധനാഴ്ച അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം അദ്ദേഹം ഉദ്ഘാടനം ചെയ്യും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!