‘ദില്ലി ചലോ’ കർഷക മാർച്ചിൽ സംഘർഷം; പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു, കർഷകരുടെ ട്രക്കുകൾ പിടിച്ചെടുത്തു – വീഡിയോ
ന്യൂഡൽഹി: കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ‘ദില്ലി ചലോ’ മാർച്ചിൽ സംഘർഷം. നൂറുകണക്കിനു ട്രക്കുകളിലായി എത്തിയ കർഷകരെ പഞ്ചാബ് – ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം രൂപപ്പെട്ടത്. കർഷകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കർഷകർ ഇവിടേക്ക് എത്തിയ ട്രക്കുകളും പൊലീസ് പിടിച്ചെടുത്തു. ‘ദില്ലി ചലോ’ മാർച്ച് കണക്കിലെടുത്തു അതിർത്തി പ്രദേശങ്ങളിൽ ഉൾപ്പെടെ ഡൽഹിയിൽ വൻ സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് അർധസൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. പ്രശ്ന സാധ്യത കണക്കിലെടുത്ത് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തി. വാഹന പരിശോധന കർശനമാക്കിയതോടെ ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
മൂന്നു വർഷം മുൻപ് കർഷക സമരത്തിന്റെ ഭാഗമായി ഡൽഹിയിലേക്കു നടത്തിയ മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചിരുന്നു. അന്നത്തെ സമരത്തെ അനുസ്മരിപ്പിച്ച് ഇത്തവണയും സമ്പൂർണ തയാറെടുപ്പുകളോടെയാണ് കർഷകർ ഡൽഹിയിലേക്ക് വരുന്നത് എന്നാണ് വിവരം. ഭക്ഷണം, വസ്ത്രം തുടങ്ങിയ സജ്ജീകരണങ്ങൾ കരുതിയിട്ടുണ്ട്.
#WATCH | Police fire tear gas to disperse protesting farmers at Punjab-Haryana Shambhu border. pic.twitter.com/LNpKPqdTR4
— ANI (@ANI) February 13, 2024
സമരത്തിനു മുന്നോടിയായി ഡൽഹിയിലെ മെട്രോ ഗേറ്റുകൾ അടച്ചു. മാർച്ചിനെ നേരിടാൻ പഞ്ചാബ്, ഡൽഹി, ഹരിയാന അതിർത്തികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ തിക്രു, സിംഘു, ഗാസിപൂർ, ബദർപൂർ എന്നിവിടങ്ങളിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്
രണ്ടായിരത്തിലേറെ ട്രാക്ടറുകളുമായി കാൽലക്ഷത്തിലേറെ കർഷകരാണ് ഡൽഹിയിലേക്കു വരാൻ തയാറെടുക്കുന്നത്. യാത്ര തടയാൻ ഡൽഹി അതിർത്തികളിൽ കോൺക്രീറ്റ് സ്ലാബും മുള്ളുവേലികളും പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏഴു ജില്ലകളിലെ ഇന്റർനെറ്റ് സംവിധാനം ഹരിയാന പൊലീസ് നിരോധിച്ചിരിക്കുകയാണ്. ഡൽഹിക്ക് അകത്തുള്ള കർഷകർ സംഘടിച്ചാൽ തടയാനും തീരുമാനിച്ചിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കർഷകർ വീണ്ടും രംഗത്തെത്തിയത്. 150ഓളം സംഘടനകളുടെ കൂട്ടായ്മയായ കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും സംയുക്തമായാണു പ്രക്ഷോഭം നടത്തുന്നത്. താങ്ങുവില, വിള ഇൻഷുറൻസ് എന്നിവ ലഭ്യമാക്കണമെന്നും കർഷകർക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം എന്നുമാണു പ്രധാന ആവശ്യം.
#WATCH | Security heightened at Delhi borders in view of the march declared by farmers towards the national capital today.
(Drone visuals from Tikri Border) pic.twitter.com/cR3NqJmT7u
— ANI (@ANI) February 13, 2024
കേന്ദ്രമന്ത്രി അർജുൻ മുണ്ടയുമായി ഇന്നലെ അർധരാത്രി കർഷക നേതാക്കൾ കൂടിക്കാഴ്ച നടത്തി. പ്രത്യേക കമ്മിറ്റി രൂപീകരിച്ച് കർഷകർ ഉന്നയിക്കുന്ന വിഷയങ്ങളിൽ പരിഹാരം കണ്ടെത്താമെന്ന് മന്ത്രി ഉറപ്പു നൽകിയെങ്കിലും, ഉറപ്പിനു വ്യക്തതയില്ലെന്നും സമരം തുടരുമെന്നും കർഷകസംഘടന നേതാക്കൾ അറിയിച്ചു. സമരത്തിനു പിന്തുണ നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നേതാക്കൾ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസിന്റെ വൻ സാന്നിധ്യവും ബാരിക്കേഡുകൾ സ്ഥാപിക്കുന്നതും വ്യാപാരത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് അതിർത്തിയിലെ കടയുടമകൾ. മുൻപ് ഡൽഹിയുടെ അതിർത്തികൾ സംഘർഷഭരിതമാക്കിയ കർഷക സമരം ആവർത്തിക്കുമോയെന്നാണ് വ്യാപാരികളുടെ പേടി. സമരം ശക്തമായാൽ പ്രദേശത്തെ കടകൾ അടച്ചിടേണ്ടിവരുമെന്നു വ്യാപാരികൾ പറയുന്നു.
സമരം നടത്തുന്ന കർഷകരുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് എഎപി ഡൽഹി കൺവീനർ ഗോപാൽ റായ് ആവശ്യപ്പെട്ടു. കർഷക മാർച്ച് തടയാൻ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സുരക്ഷാ നടപടികൾ അതിരു കടക്കുന്നതായും എഎപി നേതാവ് ആരോപിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക