ചാരക്കേസിൽ ഖത്തറിൽ വധശിക്ഷക്ക് വിധിച്ചിരുന്ന മലയാളി ഉൾപ്പെടെയുള്ള 8 മുൻ നാവികസേനാ ഉദ്യോഗസ്ഥരെയും വിട്ടയച്ചു; ഖത്തർ അമീറിന് നന്ദി അറിയിച്ച് ഇന്ത്യ – വീഡിയോ
ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളി അടക്കമുള്ള എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥർക്ക് മോചനം. ഇവർ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചാരക്കേസിൽ അറസ്റ്റിലായ മുൻ നാവികരുടെ വധശിക്ഷ നേരത്തെ ഖത്തർ റദ്ദാക്കിയിരുന്നു. ഇവരെ വെറുതേവിട്ട ഖത്തർ അമീറിന്റെ നിലപാടിൽ ഇന്ത്യ നന്ദി അറിയിച്ചു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ നാവികസേനാ ഉദ്യോഗസ്ഥരെയും മോചിപ്പിച്ചത് കേന്ദ്രസർക്കാരിന്‍റെ നയതന്ത്ര വിജയം. എട്ട് ഉദ്യോഗസ്ഥരിൽ ഏഴ് പേർ നാട്ടിലെത്തിയതായി വിദേശകാര്യമന്ത്രാലയം തിങ്കളാഴ്ച രാവിലെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരെ വെറുതെവിട്ട ഖത്തർ അമീറിന്റെ നിലപാടിനെ ഇന്ത്യ സ്വാഗതം ചെയ്തു. അതേസമയം, രഹസ്യസ്വഭാവമുള്ള നടപടിക്രമങ്ങളായതിനാൽ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തിയതിന്റെ സന്തോഷം ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പങ്കുവച്ചു. മോചനത്തിനായുള്ള പ്രധാനമന്ത്രിയുടെ ഇടപെടലിലും അവർ തങ്ങളുടെ നന്ദി അറിയിച്ചു. ക്യാപ്റ്റൻ നവ്തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, തിരുവനന്തപുരം സ്വദേശിയെന്നുകരുതുന്ന നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരായിരുന്നു ശിക്ഷ നേരിട്ടത്.
ഇന്ത്യൻ നാവികസേനയിൽനിന്ന് വിരമിച്ചശേഷം ഇറ്റാലിയൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള രഹസ്യസ്വഭാവമുള്ള മിഡ്‌ജെറ്റ് അന്തർവാഹിനികൾ നിർമിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ദഹ്‌റ ഗ്ലോബൽ ടെക്നോളജീസിൽ പ്രവർത്തിക്കുന്നതിനിടെ 2022 ഓഗസ്റ്റിലാണ് എട്ട് ഉദ്യോഗസ്ഥരെ ഖത്തർ ഇന്റലിജൻസ് അറസ്റ്റ് ചെയ്യുന്നത്. സൈനികസേവനം നൽകുന്ന കമ്പനിയുടെ ഉടമയായ ഖത്തർ പൗരനും കേസിൽ അറസ്റ്റിലായിരുന്നെങ്കിലും പിന്നീട് ഇയാളെ വിട്ടയച്ചു.
#WATCH | Delhi: Qatar released the eight Indian ex-Navy veterans who were in its custody; seven of them have returned to India. pic.twitter.com/yuYVx5N8zR
— ANI (@ANI) February 12, 2024
എന്നാൽ, ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങളെന്തെല്ലാമാണെന്ന് ഔദ്യോഗികമായി ഇതുവരെ പുറത്തുവന്നിട്ടില്ല. മുങ്ങിക്കപ്പൽ നിർമാണരഹസ്യങ്ങൾ ഇസ്രയേലിന് ചോർത്തി നൽകിയതിനാണ് കേസെന്ന് മാത്രമായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.
2023 മാർച്ചിൽ നടന്ന വിചാരണയ്ക്കുശേഷം ഒക്ടോബർ 26-ന് ഇവരെ വധശിക്ഷ വിധിച്ചത്. കുറ്റാരോപണം എന്തെന്ന് പോലും വ്യക്തമല്ലാതെ ഇന്ത്യൻ പൗരന്മാരെ ഖത്തർ വധശിക്ഷയ്ക്ക് വിധിച്ചതോടെ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് രൂക്ഷവിമർശനമുയർന്നിരുന്നു. ഇന്ത്യയെ വിശ്വഗുരു ആക്കുമെന്ന ബി.ജെ.പി.യുടെ അവകാശവാദത്തിലെ പൊള്ളത്തരം ഇത് തുറന്നുകാട്ടുന്നുവെന്ന് കോൺഗ്രസ് തുറന്നടിച്ചിരുന്നു.
വിധി പുറത്തുവന്നതിന് പിന്നാലെ 2023 നവംബറിൽ ഖത്തർ കോടതിയുടെ വിധിയിൽ ഇന്ത്യ അപ്പീൽ സമർപ്പിച്ചു. നിയമപരമായി വിഷയത്തിൽ പരിഹാരം കാണുക, അല്ലെങ്കിൽ ഭരണതലത്തിൽ രാഷ്ട്രീയ ഇടപെടൽ നടത്തി നയതന്ത്രപരമായി മോചനം സാധ്യമാക്കുക എന്നീ സാധ്യതകളായിരുന്നു ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നത്. വിഷയത്തിൽ ഖത്തർ അധികാരികളുമായി നിരന്തരം ചർച്ചനടന്നു. സാധ്യമായ എല്ലാ പിന്തുണയും തങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകുമെന്ന് വിദേശകാര്യമന്ത്രാലയം ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് ഉറപ്പുനൽകി. നവംബർ 23-ന് വധശിക്ഷയ്‌ക്കെതിരായ ഇന്ത്യയുടെ അപ്പീൽ അംഗീകരിച്ചതായി ഖത്തർ അറിയിച്ചു.
അപ്പീൽ സമർപ്പിച്ചതിന് ശേഷമാണ് കേസിന്റെ നാൾവഴിയിൽ ഏറ്റവും നിർണായകമെന്ന് കരുതുന്ന ചർച്ചയിലേക്ക് ഇന്ത്യ കടന്നത്. ദുബായിൽ നടന്ന കോപ്-28 ഉച്ചകോടിക്കിടെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഡിസംബർ ഒന്നിന് നടന്ന കൂടിക്കാഴ്ചയിൽ മുൻ നാവികസേനാ ഉദ്യോഗസ്ഥരുടെ വിഷയം ഉന്നയിച്ചിരുന്നെന്നാണ് റിപ്പോർട്ട്.
ഇരുവരുടേയും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഡിസംബർ 27-ന് നാവികസേനാ ഉദ്യോഗസ്ഥർക്ക് വിധിച്ച വധശിക്ഷ ഇളവുചെയ്തുകൊണ്ട് ഖത്തർ കോടതിയുടെ വിധി പുറത്തുവന്നു. പ്രധാനമന്ത്രി ഖത്തർ ഭരണാധികാരിയുമായി നടത്തിയ ചർച്ചകളായിരിക്കാം ഇക്കാര്യത്തിൽ രാജ്യത്തിന് അനുകൂലമായൊരു നിലപാടിലേക്ക് ഖത്തറിനെയെത്തിച്ചതെന്നാണ് കരുതുന്നത്. ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ മികച്ച നയന്ത്രബന്ധവും വിഷയത്തിൽ ഏറെ നിർണായകമായെന്ന് വേണം കരുതാൻ.
വധശിക്ഷ ഇളവുചെയ്തെങ്കിലും തുടർ ജയിൽശിക്ഷയുണ്ടെങ്കിൽ അത് ഖത്തറിൽത്തന്നെ അനുഭവിക്കേണ്ടിവരുമോയെന്ന കാര്യത്തിൽ അന്ന് വ്യക്തതയില്ലായിരുന്നു. ഖത്തറിലെ ഇന്ത്യൻ തടവുകാരുടെ തുടർശിക്ഷ ഇവിടെ അനുഭവിക്കുന്നതിനായി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഇരുരാജ്യങ്ങളും തമ്മിൽ 2015-ൽ കരാറുണ്ടാക്കിയിരുന്നു. ശിക്ഷനേരിടുന്നവരെ വിട്ടുതരണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെടാൻ ഇന്ത്യക്കാവില്ലെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഖത്തർ അധികൃതരാണെന്നും വിലയിരുത്തലുകളുണ്ടായിരുന്നു.
എന്നാൽ, ഉദ്യോഗസ്ഥരുടെ മോചനം ഉറപ്പുവരുത്തുന്നതിനാവശ്യമായ നയതന്ത്ര, നിയമ സഹായങ്ങൾ തുടർന്നും വിദേശകാര്യ മന്ത്രാലയം നൽകിയതിന്റെ ഫലമായി 2024 ഫെബ്രുവരി 12-ന് എട്ട് മുൻ നാവികസേനാ ഉദ്യോഗസ്ഥരെയും മോചിപ്പിച്ചുവെന്ന ശുഭവാർത്ത രാജ്യത്തെ തേടിയതെത്തുകയായിരുന്നു.
#WATCH | Delhi: One of the Navy veterans who returned from Qatar says, "It wouldn't have been possible for us to stand here without the intervention of PM Modi. And it also happened due to the continuous efforts of the Government of India." pic.twitter.com/bcwEWvWIDK
— ANI (@ANI) February 12, 2024
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക