തൃപ്പൂണിത്തുറയില്‍ പടക്കശാലയില്‍ ഉഗ്ര സ്‌ഫോടനം: ഒരാൾ മരിച്ചു, നിരവധിപ്പേർക്ക് പരുക്ക്

കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കം ശേഖരിച്ചുവെച്ച കെട്ടിടത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടികളടക്കം 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. പടക്കക്കട പൂർണമായും തകർന്നു. രണ്ട് വാഹനങ്ങൾ കത്തിനശിച്ചിട്ടുണ്ട്.

പുതിയകാവ് ക്ഷേത്രോത്സവത്തിനായി എത്തിച്ച പടക്കത്തിന് തീപിടിച്ചാണ് സ്‌ഫോടനം ഉണ്ടായത്. പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറിൽനിന്ന് ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

ടെമ്പോ ട്രാവലർ പൂർണമായും കത്തി നശിച്ചു. സമീപത്തുണ്ടായിരുന്ന കാറും കത്തി നശിച്ചിട്ടുണ്ട്. ടെമ്പോ ട്രാവലർ ജീവനക്കാരായ രണ്ടുപേർക്കാണ് ​ഗുരുതര പരിക്കേറ്റത്. പരിക്കേറ്റവരെ എറണാകുളം ജനറൽ ആശുപത്രി, കളമശ്ശേരി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സ്‌ഫോടനാവശിഷ്ടങ്ങള്‍ 400 മീറ്റര്‍വരെ അകലേക്ക് തെറിച്ചുവീണു. സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ സമീപത്തെ വീടുകളിലേക്കും പതിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഇരുപതോളം വീടുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. വീടുകളുടെ മേല്‍ക്കൂരകളടക്കം തകര്‍ന്നിട്ടുണ്ട്. സമീപത്തെ കടകളിലേക്കും തീ പടര്‍ന്നിരുന്നു. ആറുയൂണിറ്റ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീ പടരുന്നത് നിയന്ത്രണവിധേയമാക്കിയത്.

ആറു തവണ സ്ഫോടനം ഉണ്ടായതായാണ് വിവരം. ഫയൽഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. ആദ്യം ഗ്യാസ് പൊട്ടിത്തെറിച്ചത് എന്നാണ് എല്ലാവരും കരുതിയത്. പിന്നീടാണ് പടക്കപ്പുരയിൽ ഉണ്ടായ പൊട്ടിത്തെറി എന്നു മനസ്സിലാകുന്നത്. പന്ത്രണ്ട് വീടുകൾ സ്ഫോടനം നടന്നതിന്റെ സമീപത്തുണ്ട്.

∙ വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോർജ്

തൃപ്പൂണിത്തുറയിലെ പൊട്ടിത്തെറിയില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കളമശേരി മെഡിക്കല്‍ കോളജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യമേര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നടപടി സ്വീകരിച്ചു. തൃപ്പൂണിത്തുറ ആശുപത്രിയിലും കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിക്കാനും നിര്‍ദേശം നല്‍കി.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!