യു.എൻ ഏജൻസി ആസ്ഥാനത്തിന് താഴെ ഹമാസിൻ്റെ തുരങ്കമെന്ന് ഇസ്രായേൽ; മറുപടിയുമായി യു.എൻ ഏജൻസി തലവൻ

ഫലസ്തീൻ അഭയാർഥികൾക്കുള്ള യു.എൻ ഏജൻസി ആസ്ഥാനത്തിന് താഴെ ഹമാസിന്റെ തുരങ്കം കണ്ടെത്തിയെന്ന ഇസ്രായേൽ സേനയുടെ ആരോപണത്തിന് മറുപടിയുമായി യു.എൻ.ആർ.ഡബ്ല്യു.എ. ഗസ്സയിലെ ആസ്ഥാനത്തിന് താഴെ എന്താണെന്ന് തങ്ങൾക്ക് അറിയില്ലെന്ന് ഏജൻസി തലവൻ ഫിലിപ്പ് ലസാരിനി വ്യക്തമാക്കി.

തുരങ്കം സംബന്ധിച്ച വിവരം മാധ്യമങ്ങളിലൂടെയാണ് ഞങ്ങൾ അറിയുന്നത്. ഇസ്രായേലിന്റെ മുന്നറിയിപ്പിനെ തുടർന്ന് യു.എൻ.ആർ.ഡബ്ല്യു.എയുടെ ജീവനക്കാർ ഇവിടെനിന്ന് ഒക്ടോബർ 12ന് തന്നെ മാറിയിട്ടുണ്ട്.

ആസ്ഥാനം ഉപേക്ഷിച്ചശേഷം അവിടം ഞങ്ങൾ ഉപയോഗിച്ചിട്ടില്ല. അവിടെ എന്താണ് നടന്നത് എന്നതിനെക്കുറിച്ചും അറിയില്ല. ഗസ്സയിലെ ആസ്ഥാനത്ത് ഇസ്രായേൽ സൈന്യത്തെ വിന്യസിച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. അതിനാൽ തന്നെ ഈ റിപ്പോർട്ടുകൾ സ്ഥിരീകരിക്കാനോ അല്ലെങ്കിൽ അഭിപ്രായം പറയാനോ ഞങ്ങൾക്ക് കഴിയില്ല.

സംഘർഷങ്ങളില്ലാത്ത സമയങ്ങളിൽ ആസ്ഥാനത്തെ ഓരോ ഭാഗവും ഞങ്ങൾ പരിശോധിക്കാറുണ്ട്. ഇത്തരത്തിൽ 2023 സെപ്റ്റംബറിലാണ് അവസാനമായി പരിശോധന നടന്നത്.

യു.എൻ.ആർ.ഡബ്ല്യു.എ മാനുഷിക സംഘടനയാണ്. അതിന് സൈനികമായോ മറ്റു സുരക്ഷ ​​വൈദഗ്ധ്യമോ ഇല്ല. അതിനാൽ തന്നെ അത്തരം സൈനിക പരിശോധനകൾ നടത്താനുള്ള ശേഷിയില്ല.

മുൻകാലങ്ങളിൽ യു.എൻ.ആർ.ഡബ്ല്യു.എയുടെ പരിസരത്ത് സംശയാസ്പദമായ വല്ലതും കണ്ടെത്തിയാൽ ഹമാസിനെയും ഇസ്രായേലിനെയും അറിയിക്കാറുണ്ട്. ജനറൽ അസംബ്ലിയിൽ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടുകളിൽ ഇക്കാര്യം സ്ഥിരമായി റിപ്പോർട്ട് ചെയ്യുകയും പരസ്യമാക്കുകയും ചെയ്തിട്ടുള്ളതാണ്.

ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം വേണം. ആരോപിക്കപ്പെടുന്ന തുരങ്കത്തെക്കുറിച്ച് ഇസ്രായേൽ അധികൃതർ യു.എൻ.ആർ.ഡബ്ല്യു.എയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ഫിലിപ്പ് ലസാരിനി പറഞ്ഞു.

ഹമാസിന്റെ പോരാളികൾ യു.എൻ.ആർ.ഡബ്ല്യു.എയുടെ ആസ്ഥാനത്തിന് താഴെ ഡാറ്റാ സെന്ററായി ഉപയോഗിക്കുകയാണെന്നാണ് ഇസ്രായേലിന്റെ ആരോപണം. സ്കൂളുകളും ആശുപത്രികളും ശ്മാശനങ്ങളു​മെല്ലാം ഇത്തരത്തിൽ ഹമാസ് ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ ഇസ്രായേൽ ആരോപിച്ചിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ നിഷേധിച്ച് ഹമാസ് രംഗത്ത് വരികയുണ്ടായി. കൂടാതെ ഇസ്രായേലിന്റെ വാദങ്ങൾ തള്ളി അമേരിക്കൻ മാധ്യമങ്ങളടക്കം റിപ്പോർട്ട് നൽകിയിരുന്നു.

യു.എൻ.ആർ.ഡബ്ല്യു.എയുടെ ജീവനക്കാർ ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിൽ പ​​ങ്കെടുത്തതായും ഇസ്രായേൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ അമേരിക്കയുൾപ്പെടെ വിവിധ രാജ്യങ്ങൾ ഏജൻസിക്ക് ഫണ്ട് നൽകുന്നത് നിർത്തി. ഇതിനെതിരെ വലിയ പ്രതിഷേധമാണ് വിവിധ കോണുകളിൽനിന്ന് ഉയർന്നത്.

ഇസ്രായേലെന്ന അധിനിവേശ രാജ്യം രൂപീകൃതമായി ഒരു വര്‍ഷം കഴിഞ്ഞ് 1949ലാണ് ഏജന്‍സി ആരംഭിക്കുന്നത്. ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. വിദ്യാഭ്യാസം, ആരോഗ്യം, ദുരിതാശ്വാസം, സാമൂഹിക സേവനം, അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക സഹായം തുടങ്ങിയ വിവിധ മേഖലകളിലാണ് ഏജന്‍സി പ്രവര്‍ത്തിക്കുന്നത്.

ഒക്‌ടോബര്‍ ഏഴിന് ശേഷമുള്ള ഇസ്രായേല്‍ ആക്രമണത്തില്‍ ഏജന്‍സിയുടെ നിരവധി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. യുദ്ധാനന്തരം ഗസ്സയില്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ഇസ്രായേലിന്റെ നിലപാട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!