പ്രവാസിയോട് കൊടുംചതി; അവധി കഴിഞ്ഞ് മടങ്ങിയ പ്രവാസിയുടെ പക്കൽ സുഹൃത്തിൻ്റെ വീട്ടുകാർ ബീഫ് കൊടുത്തുവിട്ടു; സംശയം തോന്നി തുറന്ന് നോക്കിയപ്പോൾ കണ്ടത് കഞ്ചാവ് നിറച്ച കുപ്പി, പ്രതി പിടിയിൽ

മലപ്പുറം: അവധി കഴിഞ്ഞ് ഗൾഫിലേക്ക് തിരിച്ചുപോവുന്ന പ്രവാസിക്ക് ഇറച്ചിയെന്ന് പറഞ്ഞ് നൽകിയത് കുപ്പിയിൽ കഞ്ചാവ്. തുറന്നുനോക്കിയതിനാൽ രക്ഷപ്പെട്ടു. സംഭവത്തിൽ സുഹൃത്ത് അറസ്റ്റിലായി. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിലാണ് കേസിനാസ്പദമായ സംഭവം. ഓമാനൂർ സ്വദേശി പള്ളിപ്പുറായ നീറയിൽ പി.കെ. ഷമീം (23) ആണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രാത്രി 10ഓടെയാണ് കേസിനാസ്പദമായ സംഭവം. ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസൽ അവധി കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് സുഹൃത്ത് ഷമീം ഇറച്ചിയും മറ്റും അടങ്ങിയ പെട്ടിയിൽ കഞ്ചാവ് വെച്ച് കൊടുത്തയക്കാൻ ശ്രമിച്ചത്. ഗൾഫിലുള്ള മറ്റൊരു സുഹൃത്തിനെന്നാണ് ഷമീം പറഞ്ഞത്. യാത്രക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെ ഷമീം നൽകിയ പെട്ടിയിലെ വസ്തുക്കൾ മാറ്റി പായ്ക്ക് ചെയ്യാൻ അഴിച്ചപ്പോൾ സംശയം തോന്നുകയായിരുന്നു.

തുടർന്ന് വിശദമായി പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക്ക് പായ്ക്കിൽ പ്ലാസ്റ്ററിട്ട് ഒട്ടിച്ച നിലയിൽ കഞ്ചാവടങ്ങിയ ബോട്ടിൽ കണ്ടെത്തിയത്. ഉടൻ ഫൈസൽ വാഴക്കാട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് നീറയിൽ പി.കെ. ഷമീം അറസ്റ്റിലായത്. സംഭവത്തിൽ മുഴുവൻ കുറ്റക്കാരും അകത്താകുന്നത് വരെ കേസുമായി മുന്നോട്ടു പോകുമെന്ന് ഫൈസൽ പറഞ്ഞു.

പത്ത് വർഷമായി പ്രവാസിയായ താൻ സാധാരണയായി ആരുടേയും പാക്കറ്റുകൾ അഴിച്ച് നോക്കാറില്ലെന്നും അന്ന് ആദ്യമായാണ് അഴിച്ച് നോക്കിയതെന്നും ഫൈസൽ പറഞ്ഞു. പാക്കറ്റ് തുറന്ന് നോക്കിയപ്പോൾ കുപ്പികകത്ത് കഞ്ചാവ് കുത്തി നിറച്ച് മണം പുറത്ത് വരാതിരിക്കാനായി സ്പ്രേ അടിച്ചതായി കണ്ടെത്തുകയായിരുന്നു.

കുവൈത്തിലുള്ള നാട്ടുകാരനായ അർഷദ് എന്ന സുഹൃത്ത് അവധി കഴിഞ്ഞ് മടങ്ങാനിരുന്ന ഫൈസലിനെ ഫോണിൽ  വിളിച്ച് നടുവേദനക്കുള്ള ഒരു ബെൽറ്റും അൽപ്പം ബീഫും കൊണ്ടുവരാമോ എന്ന് ചോദിച്ചിരുന്നു. നാട്ടുകാരനും സുഹൃത്തുമായതിനാൽ കൊണ്ടുവരാമെന്ന് മറുപടി പറഞ്ഞു. പിന്നീട് അർഷദിൻ്റെ ഉമ്മയും വിളിച്ച് ഷമീമിനടുത്ത് സാധനം കൊടുത്തുവിടാമെന്ന് പറയുകയും ചെയ്തു. ഇതനുസരിച്ച് ഷമീം സാധനം ഏൽപിച്ച് മടങ്ങിയ ശേഷമാണ് ഫൈസൽ  പാക്കറ്റ് പൊട്ടിച്ച് നോക്കിയത്. അതോടെ ചതി പുറത്താവുകയായിരുന്നു.

തുടർന്ന് വാഴക്കാട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയ ഫൈസൽ കുവൈത്തിൽ  തിരിച്ചെത്തിയപ്പോൾ എയർപോർട്ടിൽ നിന്നും ഫൈസലിനെ കൂട്ടാനെത്തിയത് സുഹൃത്തായ അർഷദായിരുന്നു. ആ സമയത്ത് ഫൈസൽ അർഷദിനോട് നീ എന്തിന് ഇങ്ങിനെ എന്നോട് ചെയ്തു എന്ന് ചോദിച്ചപ്പോൾ ഈ സംഭവത്തിൽ താൻ നിരപരാധിയാണെന്നും സുഹൃത്തുക്കൾ സർപ്രൈസ് തരാനായി ഞാൻ അറിയാതെ ചെയ്തതാണെന്നുമായിരുന്നു പറഞ്ഞിരുന്നത്.

എന്നാൽ അടുത്ത ദിവസം അർഷദ് വീണ്ടും ഫൈസലിനെ ഫോണിൽ വിളിച്ച് താൻ അറിഞ്ഞു കൊണ്ട് ചെയ്തതായിരുന്നുവെന്നും മാപ്പ് നൽകണമെന്നും പറഞ്ഞുവെന്നും ഫൈസൽ പറയുന്നു.

താൻ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും ആരുടെ സാധനമാണെങ്കിലും തുറന്ന് നോക്കി ഉറപ്പ് വരുത്താതെ കൊണ്ടുവരരുതെന്നും ഫൈസൽ പ്രവാസികളോടാവശ്യപ്പെട്ടു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!