സൈനിക വേഷത്തിലെത്തി ഹണിട്രാപ്പിലൂടെ പണം തട്ടും; ഷീല സണ്ണിയെ വ്യാജകേസിൽ കുരുക്കിയ നാരായണദാസ് സ്ഥിരം കുറ്റവാളി

കൊച്ചി∙ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ എൽഎസ്‌ഡി കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട തൃപ്പൂണിത്തുറ എരൂർ സ്വദേശി നാരായണദാസ് സ്ഥിരം കുറ്റവാളിയെന്നു സൂചന. വിവിധ സേനാവിഭാഗങ്ങളുടെ യൂണിഫോമുകളിലെത്തി ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഹണി ട്രാപ്പ് കേസിലെ മുഖ്യപ്രതിയാണു നാരായണദാസ് എന്നു പൊലീസ് പറയുന്നു.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിഭാഗത്തിനു വേണ്ടി ഡിജിറ്റൽ തെളിവുകളിൽ കൃത്രിമം നടത്തിയെന്ന ആരോപണം നേരിടുന്ന പ്രതി സായ്ശങ്കറും ഇയാളുടെ കൂട്ടാളിയാണ്. ഹണിട്രാപ്പ് കേസിലും ഇവർ കൂട്ടുപ്രതികളാണ്.

വ്യാജ ലഹരിക്കേസിൽ പ്രതിയായ ഷീല സണ്ണിയുടെ അടുത്ത ബന്ധുവിന്റെ സഹോദരിയുടെ സുഹൃത്താണു  നാരായണ ദാസ്. ഈ കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണു പ്രതിയുടെ പശ്ചാത്തലം പുറത്തുവന്നത്. നാരായണദാസിനെതിരെ കേസ് റജിസ്റ്റർ ചെയ്താൽ നോട്ടിസ് നൽകിയേ വിളിപ്പിക്കാവു എന്നു കോടതി നേരത്തെ നിർദേശിച്ചിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സ്‌കൂട്ടറിന്റെ ഡിക്കിയിൽനിന്ന് എക്സൈസ് സംഘം 12 എൽഎസ്ഡി സ്റ്റാംപുകൾ പിടിച്ചെടുത്ത കേസിൽ ഷീലാ സണ്ണി 72 ദിവസം ജയിലിൽ കഴിഞ്ഞിരുന്നു. കേസിൽ നാരായണദാസിന്റെ പങ്കാളിത്തം പുറത്തുവന്നതോടെ ഗൂഢാലോചന സംബന്ധിച്ച വിശദാംശങ്ങളും അന്വേഷിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഇന്നു ഹാജരാകാനാണു നാരായണദാസിനോടു നിർദേശിച്ചിട്ടുള്ളത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!