സംസ്ഥാന ബജറ്റ്: ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കില്ല, കൃത്യമായി നല്‍കാന്‍ നടപടികള്‍; കേന്ദ്രത്തിന് വിമര്‍ശനം
ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാതെയും സ്വകാര്യ നിക്ഷേപത്തിനു വഴിതുറക്കുന്നത് ലക്ഷ്യമിട്ടും സംസ്ഥാന ബജറ്റ്. സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. അദ്ദേഹത്തിന്റെ നാലാമത്തെ ബജറ്റാണിത്. കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞുവെന്ന് ധനമന്ത്രി പറഞ്ഞു.
3 ലക്ഷം കോടിയുടെ നിക്ഷേപം അടുത്ത 3 വർഷത്തിൽ ലക്ഷ്യമിടുന്നു. മെഡിക്കൽ ഹബ്ബാക്കി കേരളത്തെ മാറ്റും. വിഴിഞ്ഞം ഈ വർഷം മേയ് മാസം പ്രവർത്തനം ആരംഭിക്കും. കേന്ദ്രത്തിന്റെ ശത്രുതാപരമായ സമീപനം സമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുന്നു. കേരളത്തെ തകർക്കാൻ കഴിയില്ല.
കെ റെയില്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരും. കേന്ദ്ര അവഗണന തുടർന്നാൽ പ്ലാൻ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരും. പ്രതിപക്ഷവും കേന്ദ്ര അവഗണന ഉണ്ടെന്ന് ഇപ്പോൾ സമ്മതിക്കുന്നു. കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ സ്വന്തം നിലയ്ക്കെങ്കിലും പ്രതിപക്ഷം തയാറാകണം. 100 രൂപ നികുതി പിരിച്ചാൽ കേരളത്തിന് കേന്ദ്രം തരുന്നത് 21 രൂപ. യുപിക്ക് ഇത് 46 രൂപയാണെന്നും ധനമന്ത്രി പറഞ്ഞു.
സാമൂഹിക ക്ഷേമ പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യാനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാരെന്ന് ധനമന്ത്രി. സാമ്പത്തിക പ്രതിസന്ധി കടുത്ത സാഹചര്യത്തില്‍ ഇക്കുറി പെന്‍ഷനില്‍ വര്‍ധനവ് പ്രഖ്യാപിച്ചിട്ടില്ല. പെന്‍ഷന്‍ കൃത്യമായി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ ചില നടപടികള്‍ മൂലം അത് വൈകുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ 62 ലക്ഷം ആളുകള്‍ക്കാണ് സര്‍ക്കാര്‍ സാമൂഹിക സുരക്ഷാപെന്‍ഷന്‍ നല്‍കുന്നത്. രാജ്യത്ത് ഏറ്റവും മികച്ച നിരക്കില്‍ പെന്‍ഷന്‍ നല്‍കിവരുന്ന സംസ്ഥാനമാണ് കേരളം. പ്രതിമാസം 1600 രൂപ നിരക്കില്‍ പെന്‍ഷന്‍ നല്‍കുന്നതിനായി പ്രതിവര്‍ഷം വേണ്ടിവരുന്നത് 9000 കോടി രൂപയാണ്. സാമൂഹികക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനായി നാമമാത്രമായ സഹായമാണ് കേന്ദ്രം നല്‍കുന്നത്. അതുപോലും കൃത്യമായി ലഭിക്കാത്ത സ്ഥിതിയാണുള്ളത്. എങ്കിലും അടുത്തവര്‍ഷം കൃത്യമായി സാമൂഹിക പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.
കേന്ദ്രനയം മൂലമാണ് സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ വിതരണം കൃത്യമായി വിതരണം ചെയ്യുന്നതില്‍ വീഴ്ച സംഭവിക്കുന്നതെന്ന് ധനമന്ത്രി വിശദീകരിച്ചു. പെന്‍ഷന്‍ കമ്പനിയിലൂടെ പുതിയതായി പെന്‍ഷന്‍ സമാഹരണം നടത്തി ക്ഷേമപെന്‍ഷന്‍ സമയബന്ധിതമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ല. പെന്‍ഷന്‍ കമ്പനിയുടെ ഈ ധനസമാഹരണത്തെ സര്‍ക്കാരിന്റെ പൊതുകടമായി കണക്കാക്കി പെന്‍ഷന്‍ വിതരണത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം സാമൂഹ്യസുരക്ഷിതത്വം ക്ഷേമ മേഖലയ്ക്ക് 553.31 കോടി രൂപ മാറ്റിവെയ്ക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഉത്തരമലബാറിലെ ആചാരസ്ഥാനീയര്‍ക്കും കോലാധികാരികള്‍ക്കും നല്‍കിവരുന്ന പ്രതിമാസ ധനസഹായം 1400 രൂപയില്‍ നിന്ന് 1600 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. അംഗനവാടി ജീവനക്കാര്‍ക്കായി പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതിയും പുതിയതായി പ്രഖ്യാപിച്ചിട്ടുണ്ട്. 1.2 കോടി രൂപയാണ് ഇതിനായി മാറ്റിവെയ്ക്കുക.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക