സൗജന്യ വൈദ്യുതി, പാർപ്പിടം, കൂടുതൽ മെഡിക്കൽ കോളേജുകൾ; ബജറ്റിൽ ജനസൗഹൃദ പ്രഖ്യാപനങ്ങൾ

ന്യൂഡൽഹി: മോദി സർക്കാരിന്‍റെ കഴിഞ്ഞ പത്തുവർഷത്തെ നേട്ടങ്ങൾ അക്കമിട്ടു നിരത്തി ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗം. 2047ഓടെ വികസിത ഭാരതമെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. മുൻപ് പ്രഖ്യാപിച്ച പദ്ധതികൾ തുടരുമെന്ന നയമാണ് സ്വീകരിച്ചത്. കഴിഞ്ഞ പത്തുവർഷത്തിനിടെ ആവിഷ്കരിച്ച വിവിധ പദ്ധതികൾ തുടരും. ആദായ നികുതി പരിധിയിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. നിലവിലുള്ള നിരക്കുകൾ തുടരും. പ്രത്യക്ഷ പരോക്ഷ നികുതി നിരക്കുകളില്‍ മാറ്റമില്ല. ഇറക്കുമതി തീരുവകളിലും മാറ്റമില്ല. പൊതുതിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്ന തികഞ്ഞ പ്രതീക്ഷയിലാണെന്നും അവർ വ്യക്തമാക്കി.

11 ലക്ഷംകോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി വകയിരുത്തിയത്. പുതിയ വിമാനത്താവളങ്ങൾക്ക് അ‌നുമതി നൽകും. 2047ഓടെ വികസിത ഭാരതമാണ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി.

പുരപ്പുര സോളാര്‍ പദ്ധതിയിലൂടെ ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതരാമൻ ബജറ്റിൽ വിശദീകരിച്ചു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പ്രധാനമന്ത്രിയുടെ തീരുമാനത്തെ തുടർന്നാണ് ഈ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

ഇടത്തരം കുടുംബങ്ങൾക്ക് പാർപ്പിട സൗകര്യം ഒരുക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം. വാടക വീടുകളിലോ ചേരികളിലോ കോളനികളിലോ താമസിക്കുന്ന മധ്യവർഗത്തിലെ അർഹരായ വിഭാഗങ്ങൾക്ക് സ്വന്തമായി വീട് വാങ്ങാനോ നിർമ്മിക്കാനോ സഹായിക്കുന്നതിന് പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

എല്ലാവരെയും ഉൾക്കൊള്ളുന്ന എല്ലായിടത്തും വ്യാപിച്ചുകിടക്കുന്ന സമ​ഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതരാമൻ ഇടക്കാല ബജറ്റ് അവതരണത്തിൽ പറഞ്ഞു.

 

 

Share
error: Content is protected !!