ആലപ്പുഴയെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം; എങ്ങുമെത്താതെ എസ്.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസ്

ആലപ്പുഴയെ ഞെട്ടിച്ച രണ്ടു കൊലപാതകങ്ങളിൽ രണ്ടാം കൊലയുടെ വിധി പറയുമ്പോൾ എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാൻ വധക്കേസ് എങ്ങുമെത്തിയില്ല. രൺജിത്ത് വധക്കേസിലെ കുറ്റവാളികൾക്കെല്ലാം വധശിക്ഷ ലഭിക്കുമ്പോൾ ഷാൻ വധക്കേസിലെ പ്രതികൾ ജാമ്യത്തിൽ പുറത്താണ്.

2021 ഡിസംബർ 18ന് രാത്രിയാണ് എസ്​.ഡി.പി.ഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെടുന്നത്. 19ന് രാവിലെ ബിജെപി നേതാവ് രണജീത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഈ രണ്ട് കേസുകളിലും അന്വഷണം നടത്തി പ്രതികളെ പിടികൂടിയിരുന്നു. പക്ഷേ ആദ്യ സംഭവമായ ഷാൻ കൊലക്കേസ് ഇഴഞ്ഞു നീങ്ങുകയാണ്. കുറ്റപത്രം സമർപ്പിച്ചിട്ട് രണ്ട് വർഷം പിന്നിട്ടു. കേസിൻ്റെ മുന്നോട്ട് പോക്കിനെ കുറിച്ച് വ്യാപക പരാതി ഉയർന്നതോടെയാണ് കഴിഞ്ഞയാഴ്ച പി.പി ഹാരിസിനെ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഇതിനുശേഷമാണ് അടുത്ത മാസം രണ്ടിന് ആലപ്പുഴ സെഷൻസ് കോടതി കേസ് പരിഗണിക്കാൻ തീരുമാനിച്ചത്.

ഷാൻ വധക്കേസിൽ 13 പ്രതികളാണുള്ളത്. ഇവരെല്ലാം ജാമ്യം ലഭിച്ച് പുറത്താണ്. രൺജിത്ത് വധക്കേസിലെ 15 പ്രതികളും വധശിക്ഷക്ക് വിധിക്കപ്പെടുമ്പോൾ ഷാൻ വധക്കേസിൽ പ്രാരംഭ നടപടികൾ പോലുമായിട്ടില്ല. ആദ്യ കേസ് ഇഴഞ്ഞു നീങ്ങുകയും രണ്ടാം കേസിൽ വേഗം വാദം പൂർത്തിയാക്കി വിധി പറയുകയും ചെയ്യുമ്പോൾ ഇരട്ടനീതിയെന്ന ആക്ഷേപമാണുയരുന്നത്.

 

എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനെ ആര്‍ എസ് എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇടതു സര്‍ക്കാര്‍ പക്ഷപാതരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ആലപ്പുഴയില്‍ തൊട്ടടുത്ത ദിവസങ്ങളിലായി നടന്ന ഇരട്ട കൊലപാതകങ്ങളില്‍ മതവും ജാതിയും നോക്കി പക്ഷപാതവും വിവേചനവും സ്വീകരിക്കുന്ന കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാരിന്റെ സമീപനമാണോ സംസ്ഥാന സര്‍ക്കാരിനും ഉള്ളതെന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. കെ എസ് ഷാന്‍ കൊല്ലപ്പെട്ട ആദ്യ സംഭവത്തിലെ പ്രതികള്‍ക്കെല്ലാം സര്‍ക്കാര്‍ താല്‍പ്പര്യത്തില്‍ ജാമ്യം ലഭിച്ചതായും അദ്ദേഹം ആരോപിച്ചു.

ഈ കേസില്‍ രണ്ടു വര്‍ഷത്തിനു ശേഷം, അടുത്ത ദിവസമാണ് പബ്ലിക് പ്രോസിക്യൂട്ടറെ പോലും നിയമിച്ചത്. കേസ് നടപടികള്‍ തുടക്കം മുതല്‍ ഇഴഞ്ഞു നീങ്ങുന്നു.  സര്‍ക്കാരും ആഭ്യന്തര വകുപ്പും പോലീസും ഈ വിവേചനം കാണിക്കുന്നതില്‍ പങ്കാളികളാണ് എന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ് രണ്ടാമത് നടന്ന സംഭവത്തിലെ വിധി പറയുന്നതിനായി കഴിഞ്ഞ ദിവസം കോടതി ചേര്‍ന്ന സമയത്ത് മാധ്യമങ്ങള്‍ക്കുള്‍പ്പെടെ പ്രവേശനം നിഷേധിക്കപ്പെട്ടപ്പോള്‍ ബിജെപി ജില്ലാ പ്രസിഡന്റിന് കൃത്യമായി ഇരിപ്പിടം ഉറപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. ആലപ്പുഴ സംഭവത്തില്‍ മാത്രമല്ല സംസ്ഥാനത്ത് സമീപകാലത്ത് ഉണ്ടായ സംഭവങ്ങളിലെല്ലാം ഈ വിവേചനവും പക്ഷപാതിത്വവും പ്രകടമാണെന്നും എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അരോപിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!