മഹാസഖ്യ സർക്കാർ വീണു; ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു

‘ഇന്ത്യ’ പ്രതിപക്ഷ സഖ്യത്തിന് കനത്ത ആഘാതമേല്‍പ്പിച്ച് ജെ.ഡി.യു. നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ബിഹാറിലെ മഹാസഖ്യംവിട്ട് നിതീഷ് എന്‍.ഡി.എയിലേക്ക് തിരിച്ചെത്തുന്നുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് അദ്ദേഹം ഞായറാഴ്ച രാവിലെ രാജിവച്ചത്.

ഔദ്യോഗിക വസതിയില്‍ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിനുശേഷമാണ് അദ്ദേഹം ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്. വൈകിട്ടോടെ എന്‍.ഡി.എ. മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്തേക്കും. എന്നാല്‍, മുന്നണിമാറ്റം സംബന്ധിച്ച് നിതീഷ് കുമാര്‍ ഇനിയും പ്രതികരിച്ചിട്ടില്ല.

ജെഡിയു– ആർജെഡി– കോൺഗ്രസ് മഹാസഖ്യ സർക്കീരിനെ വീഴ്ത്തിയ നിതീഷ് കുമാർ ഇന്നു വൈകിട്ട് നാലോടെ ബിജെപി–ജെഡിയു സഖ്യസർക്കാരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇതോടെ ഒൻപതാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. വൈകിട്ട് മൂന്നു മണിക്ക് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പിനഡ്ഡ പട്നയിലെത്തും.

ബിജെപിക്ക് 2 ഉപമുഖ്യമന്ത്രിമാരും സ്പീക്കറുമെന്നതാണ് പുതിയ സഖ്യത്തിലെ ധാരണയെന്നാണു വിവരം. ജെഡിയു എംഎൽഎമാരെ നിയമസഭാകക്ഷി യോഗം പൂർത്തിയായതിനു പിന്നാലെയാണ് നിതീഷ് ഗവർണറെ കണ്ട് രാജിക്കാര്യം അറിയിച്ചത്.

ശനിയാഴ്ച പട്‌നയില്‍ തിരക്കിട്ട രാഷ്ട്രീയനീക്കങ്ങളാണ് അരങ്ങേറിയത്. ആര്‍.ജെ.ഡി., ജെ.ഡി.യു. നേതാക്കള്‍ പ്രത്യേകം യോഗം ചേര്‍ന്നു. ബി.ജെ.പി.യുടെ സംസ്ഥാനനേതാക്കള്‍ കേന്ദ്രനേതൃത്വവുമായി നിരന്തരം ആശയവിനിമയം നടത്തി. നിതീഷിനെ മുന്നണിയില്‍ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.

അതിനിടെ, കോണ്‍ഗ്രസ് ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബഘേലിനെ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. ചില കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ നിതീഷുമായി രഹസ്യചര്‍ച്ച നടത്തുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഇത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിതീഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സംസാരിക്കാനായില്ല.

അതേസമയം, ആര്‍.ജെ.ഡി. നേതൃത്വം രാഷ്ട്രീയസ്ഥിതിഗതികള്‍ വിലയിരുത്തിവരുകയാണ്. തീരുമാനമെടുക്കാന്‍ ലാലു പ്രസാദ് യാദവിനെ പാര്‍ട്ടിയോഗം ചുമതലപ്പെടുത്തി. ജെ.ഡി.യു.വില്‍നിന്ന് നേതാക്കളെ അടര്‍ത്തി സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാമെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുയര്‍ന്നെങ്കിലും ലാലു കുടുംബം അനുകൂലിച്ചില്ല.

ശനിയാഴ്ച ചില പൊതുപരിപാടികളില്‍ നിതീഷ് കുമാര്‍ പങ്കെടുത്തു. വിനോദസഞ്ചാര വകുപ്പിനുകീഴില്‍നടന്ന ക്ഷേത്രനവീകരണത്തിന്റെ ഉദ്ഘാടനത്തിന് നിതീഷ് എത്തിയെങ്കിലും വകുപ്പുമന്ത്രികൂടിയായ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് വിട്ടുനിന്നു. അതേസമയം, ബി.ജെ.പി. നേതാവ് അശ്വിനികുമാര്‍ ചൗബേ ചടങ്ങിനെത്തി. വെള്ളിയാഴ്ചനടന്ന റിപ്പബ്ലിക്ദിനാഘോഷച്ചടങ്ങില്‍ നിതീഷും തേജസ്വിയും പങ്കെടുത്തിരുന്നെങ്കിലും പരസ്പരം മിണ്ടിയിരുന്നില്ല.

ആകെയുള്ള 243 സീറ്റുകളിൽ  122 സീറ്റുകളാണ് നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത്. നിലവിൽ ബിജെപി- 78, കോൺഗ്രസ്- 19, ഇടത് കക്ഷികൾ- 16, എച്ച്എഎം-4, എഐഎംഐഎം-1, സ്വതന്ത്രൻ- 1 എന്നിങ്ങനെയാണ് കക്ഷിനില. ജെഡിയു പോകുന്നതോടെ ആർജെഡി + കോൺഗ്രസ് + ഇടത് കക്ഷികൾക്കുള്ളത് 114 സീറ്റ്. കേവല ഭൂരിപക്ഷത്തിൽ നിന്ന് 8 സീറ്റ് കുറവാണിത്. അപ്പുറത്ത് ബിജെപിയും ജെഡിയും ഒന്നിക്കുന്നതോടെ  123 സീറ്റോടെ കേവല ഭൂരിപക്ഷം കടക്കാം.

2020 ൽ ബിജെപിയുമായി ചേർന്ന് അധികാരത്തിൽ വന്ന നിതീഷ്, 2022 ഓഗസ്റ്റ് 9ന് ആർജെഡിയും കോൺഗ്രസും ഉൾപ്പെടുന്ന മഹാസഖ്യവുമായി കൂട്ടുചേരാനായി രാജിവച്ചു. പിറ്റേന്ന് അവരുടെ പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇക്കുറി മഹാസഖ്യം വിട്ടു ബിജെപി സഖ്യത്തിലേക്കും ചേക്കേറി.

 

നിതീഷിന്റെ ചാട്ടങ്ങൾ

2014: ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ ജെഡിയുവിലെ ആഭ്യന്തരപ്രശ്നം മൂലം രാജി. 2015 ൽ ആർജെഡി, കോൺഗ്രസ് സഖ്യത്തിന്റെ പിന്തുണയോടെ മുഖ്യമന്ത്രി പദത്തിൽ.

2017: ആർജെഡി, കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ രാജി. തുടർന്നു ബിജെപി പിന്തുണയോടെ മുഖ്യമന്ത്രി.

2022: ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ സഖ്യം വിട്ടു. ആർജെഡി, കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രി

2024: ആർജെഡി, കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ സഖ്യം വിടുന്നു. ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയാകും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!