യുഎഇയെ കണ്ണീരിലാഴ്ത്തി 24കാരി ഹംദയുടെ വിയോഗം; സോഷ്യൽ മീഡിയയിലും അനുശോചന പ്രവാഹം

യുഎഇയിലെ അറിയപ്പെടുന്ന ഡ്രാഗ് റേസറും സോഷ്യൽ മീഡിയ താരവുമായ ഹംദ തർയമിന്റെ വിയോഗത്തിൽ അനുശോചന പ്രവാഹം. 24 വയസുകാരിയായ ഹംദ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. സംസ്കാര ചടങ്ങുകള്‍ ശനിയാഴ്ച രാത്രി ഇശാ നമസ്കാരത്തിന് ശേഷം ഷാര്‍ജയിൽ നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

നെറ്റ്ഫ്ലിക്സിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ‘ദ ഫാസ്റ്റസ്റ്റ്’ എന്ന ഷോയിലൂടെയാണ് നിരവധിപ്പേര്‍ യുഎഇയിലും പുറത്തും ഹംദ തർയമിനെക്കുറിച്ച് മനസിലാക്കിയത്. “ഹംദയുടെ വിയോഗം ശനിയാഴ്ച രാവിലെ സംഭവിച്ചുവെന്ന വിവരം അതിയായ ദുഃഖത്തോടെ അറിയിക്കുന്നു” എന്നാണ് അവരുടെ കുടുംബാംഗങ്ങള്‍ അറിയിച്ചത്. ശനിയാഴ്ച രാത്രി സംസ്കാര ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് എമിറാത്തികളുടെ രീതിയനുസരിച്ച് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അനുശോചനം അറിയിക്കാന്‍ പ്രത്യേകമായി അവസരമൊരുക്കും.

ബൈക്ക് റേസര്‍ക്ക് പുറമെ സംരംഭകയും മനുഷ്യസ്നേഹിയുമായിരുന്ന ഹംദ തന്റെ വരുമാനം ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ ഒരു സ്കൂളും ആശുപത്രിയും സ്ഥാപിക്കാനാണ് ഉപയോഗിച്ചത്. “ബഹുഭൂരിപക്ഷവും അനാഥകള്‍ അടങ്ങുന്ന അവിടുത്തെ കുട്ടികള്‍ ജീവിതത്തിൽ ആദ്യമായി സ്കൂളിലെത്തിയപ്പോൾ ഞാന്‍ കരഞ്ഞുപോയി. അവര്‍ക്ക് ആകെയുള്ള ആശ്രയമാണ് ഈ സ്കൂള്‍. അവര്‍ക്കുള്ള ഒരേയൊരു കുടുംബാംഗമാണ് ഞാന്‍. വളരെ ശുദ്ധമാണ് അവരുടെ സ്നേഹം” – നേരത്തെ ഒരു അഭിമുഖത്തിൽ ഹംദ പറഞ്ഞിരുന്നു.

അതേസമയം ഹംദ തർയമിന്റെ മരണത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അവരുടെ കുടുംബം പുറത്തുവിട്ടിട്ടില്ല. സോഷ്യല്‍ മീഡിയയിൽ സജീവമായിരുന്ന ഹംദ കഴിഞ്ഞ ദിവസവും പുതിയ പോസ്റ്റുകളിട്ടിരുന്നു. രാവിലെ കഴിച്ച ഭക്ഷണത്തെക്കുറിച്ച് പോലും ഷെയര്‍ചാറ്റിൽ പങ്കുവെച്ച അവര്‍ വെള്ളിയാഴ്ച വൈകുന്നേരം 5.58നാണ് അവസാനമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. അബുദാബിയിലേക്ക് ഡ്രൈവ് ചെയ്യുകയാണ് എന്നായിരുന്നു അതിലുണ്ടായിരുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!