ബിഹാറിലെ രാഷ്ട്രീയനാടകം ക്ലൈമാക്‌സിലേക്ക്; BJP പിന്തുണയോടെ നിതീഷ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും
പാട്‌ന: ദിവസങ്ങളോളമായി തുടരുന്ന ബിഹാറിലെ രാഷ്ട്രീയ നാടകം ക്ലൈമാക്‌സിലേക്ക് അടുക്കുന്നു. ബി.ജെ.പി. പിന്തുണയില്‍ ബിഹാര്‍ മുഖ്യമന്ത്രിയായി ജെ.ഡി.യു. നേതാവ് നിതീഷ് കുമാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും.അതിന് മുന്നോടിയായി നിതീഷിന്റെ തന്നെ നേതൃത്വത്തിലുള്ള നിലവിലെ മഹാസഖ്യ സര്‍ക്കാര്‍ പിരിച്ചുവിട്ടേക്കും.
ജനുവരി 28-ന് നിതീഷ് കുമാര്‍ നടത്താനിരുന്ന പരിപാടികളെല്ലാം മാറ്റിവെച്ചിട്ടുണ്ട്. ബി.ജെ.പി. നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടഞ്ഞവാതിലുകള്‍ തുറക്കപ്പെടുമെന്നും രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്നും സുശീല്‍കുമാര്‍ മോദി നടത്തിയ പ്രസ്താവന അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കിയിട്ടുണ്ട്.
ബിഹാറിലെ ഭരണകക്ഷിയായ മഹാസഖ്യത്തില്‍ വിള്ളല്‍ വീഴുന്നെന്ന് സൂചന കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ആര്‍.ജെ.ഡി.യും ജെ.ഡി.യു.വും പട്നയില്‍ പ്രത്യേകം യോഗംചേര്‍ന്നിരുന്നു. കര്‍പ്പുരി ഠാക്കൂര്‍ അനുസ്മരണവേദിയില്‍ നിതീഷ് നടത്തിയ പരാമര്‍ശവും സഖ്യം വിടുന്നതിന്റെ സൂചനകള്‍ നല്‍കുന്നതായിരുന്നു.
സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേര്‍ക്കറുമായി കഴിഞ്ഞയാഴ്ച നിതീഷ് കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിഹാറിലെ രാഷ്ട്രീയകേന്ദ്രങ്ങളില്‍ പുതിയ അഭ്യൂഹങ്ങള്‍ തല ഉയര്‍ത്തിയത്. നിതീഷ് മടങ്ങിവരാന്‍ തയ്യാറുണ്ടെങ്കില്‍ ബി.ജെ.പി. പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിച്ചതോടെ അതിന് ആക്കം കൂടി. പിന്നാലെയാണ് ബുധനാഴ്ച ജെ.ഡി.യു. സംഘടിപ്പിച്ച കര്‍പ്പൂരി ഠാക്കൂര്‍ അനുസ്മരണവേദിയില്‍ കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരേ നിതീഷ് രൂക്ഷവിമര്‍ശനമുയര്‍ത്തിയത്.
സ്വന്തം കുടുംബാംഗങ്ങളെ നേതാക്കളായി വാഴിക്കുന്ന സമീപകാല രീതിക്ക് അപവാദമാണ് കര്‍പ്പൂരി ഠാക്കൂര്‍ എന്നും അദ്ദേഹം ഒരിക്കലും കുടുംബവാഴ്ചയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും നിതീഷ് പറഞ്ഞു. തനിക്കും കുടുംബവാഴ്ചയില്‍ താത്പര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. ലാലുപ്രസാദ് യാദവിനെയും കുടുംബത്തെയും ഗാന്ധി കുടുംബത്തെയും ലക്ഷ്യമിട്ടുള്ള വിമര്‍ശനമാണിതെന്നാണ് വ്യാഖ്യാനം.
ജെ.ഡി.യു- ആര്‍.ജെ.ഡി. ബന്ധം ഉലയുന്നെന്ന സൂചന ദിവസങ്ങളായി സംസ്ഥാനത്ത് ഉയരുന്നുണ്ട്. തേജസ്വി യാദവിനായി മുഖ്യമന്ത്രിപദം ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് നിതീഷ് ഒഴിഞ്ഞുകൊടുക്കണമെന്നാണ് 2022-ലുണ്ടാക്കിയ ധാരണ. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പദവിയൊഴിയാന്‍ നിതീഷ് തയ്യാറല്ലെന്നാണ് സൂചന. ഇതും സഖ്യം വിടുന്ന തീരുമാനത്തിലേക്ക് നിതീഷിനെ എത്തിച്ചുവെന്നാണ് വിലയിരുത്തല്‍. ബിഹാറിലെ ലോക്‌സഭാ സീറ്റ് വിഭജനത്തിലും നിതീഷ് തൃപ്തനല്ല. 17 സീറ്റുകള്‍ ജെ.ഡി.യു.വിന് വേണം. ബാക്കി 23 സീറ്റുകള്‍ ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമെല്ലാം ചേര്‍ന്ന് പങ്കിടണമെന്നാണ് നിതീഷിന്റെ നിലപാട്. എന്നാല്‍, ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യണമെന്നാണ് ആര്‍.ജെ.ഡി.യുടെ ആവശ്യം
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക