ദുബൈയിൽ മലയാളിയെ കൊന്ന് മരുഭൂമിയിൽ കുഴിച്ചുമൂടി; രണ്ട് പാകിസ്ഥാൻ പൗരന്മാർ അറസ്റ്റിൽ

ദുബൈയിൽ മലയാളിയെ കൊന്ന് കുഴിച്ചുമൂടി. സംഭവത്തിൽ രണ്ട് പാകിസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ. തിരുവനന്തപുരം കല്ലയം സ്വദേശി അനിൽ കുമാർ വിൻസന്റാണ് മരിച്ചത്. 60 വയസായിരുന്നു. ടി സിങ് ട്രേഡിങ് എന്ന സ്ഥാപനത്തിലെ പി ആർ ഒ ആയി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. അനിൽകുമാറിനെ ഈമാസം രണ്ട് മുതൽ കാണാതിയിരുന്നു.

ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ കഴുത്ത് ഞെരിച്ച് കൊന്ന് ഷാർജയിലെ മരുഭൂമിയിൽ കുഴിച്ചുമൂടി എന്ന വിവരം ലഭിച്ചത്. ഈമാസം 12 ന് മൃതദേഹം പൊലീസ് കണ്ടെടുത്തുവെന്ന് ബന്ധുക്കൾ പറയുന്നു. അനിൽ കുമാർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഒരു ജീവനക്കാരനടക്കം രണ്ട് പാക് സ്വദേശികൾ ദുബൈയിൽ അറസ്റ്റിലായി എന്നാണ് ബന്ധുക്കൾക്ക് ലഭിക്കുന്ന വിവരം.

36 വർഷമായി ഈ കമ്പനിയിൽ ജീവനക്കാരനാണ് അനിൽകുമാർ. ഇദ്ദേഹം ശാസിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് വിവരം. കേസിലെ പ്രതിയായ മറ്റൊരു പാക് സ്വദേശി നാടുവിട്ടു. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

മൃതദേഹം ഇന്ന് രാത്രി 9.45 നുള്ള എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലെത്തിക്കും. സഹോദരൻ അശോക് കുമാറും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. നാളെ മുട്ടട ഹോളിക്രോസ് സെമിത്തേരിയിൽ സംസ്കരിക്കുമെന്ന് സഹോദരൻ അശോക് കുമാർ അറിയിച്ചു. ദുബൈയിൽ ഇതേ സ്ഥാപനത്തിൽ ജീവനക്കാരനാണ് അനിൽകുമാറിന്റെ ജേഷ്ഠ സഹോദരനായ അശോക് കുമാർ.

സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!