സൗദിയിൽ പണിനടക്കുന്ന കെട്ടിടത്തിന്​ മുകളിൽനിന്ന് അസ്ഥികൂടം കണ്ടെത്തി; രണ്ട്​ വർഷം മുമ്പ്​ കാണാതായ മലയാളിയുടേതെന്ന് സംശയം​

സൗദിയിൽ പണിനടക്കുന്ന കെട്ടിടത്തിന്​ മുകളിൽനിന്ന് മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തിയതായി ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തു. കിഴക്കൻ പ്രവശ്യയിലെ അൽ ഖോബാറിൽ തുഖ്​ബയിലുള്ള പണിനടക്കുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. മൂന്ന്​ വർഷമായി പണി നിർത്തിവെച്ചിരുന്ന കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു ഇത് കണ്ടെത്തിയത്.

സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയ ഇഖാമയിലേയും ലൈസൻസിലേയും വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇത് രണ്ട്​ വർഷം മുമ്പ്​ തുഖ്​ബയിൽനിന്ന്​ കാണാതായ തിരുവനന്തപുരം, വിഴിഞ്ഞം മുല്ലൂർ സ്വദേശി അനിൽ നായരുടേതാകാമെന്ന (51)  നിഗമനത്തിലാണ്​ പൊലീസും സാമൂഹിക പ്രവർത്തകരും. എന്നാൽ ശാസ്ത്രീയ പരിശോധനകൾക്ക്​ ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കൂ.

ആരോടും, പറയാതെ പെ​ട്ടെന്നൊരു ദിവസം അപ്രത്യക്ഷനായ ഇദ്ദേഹത്തെ അന്നുമുതൽ തിരയാത്ത സ്​ഥലങ്ങളില്ല. പൊലീസ്​ സ്​റ്റേഷനുകളിലും ആശുപത്രികളിലും ജയിലുകളും അന്വേഷണം നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല​. താമസസ്​ഥലം പുറത്തുനിന്ന്​ പൂട്ടിയ നിലയിലായിരുന്നു. എന്നാൽ കേസിൽ പെട്ട്​ നിർമാണം നിലച്ചിരുന്ന ഈ കെട്ടിടത്തിൽ ആരും പരിശോധന നടത്തിയിരുന്നില്ല. നിർമാണം പുനരാരംഭിച്ചതിനെ തുടർന്ന്​ പണിക്കായി കഴിഞ്ഞ ദിവസം തൊഴിലാളികൾ എത്തിയപ്പോഴാണ്​ അസ്ഥികൂടം കണ്ടെത്തിയത്​.

കൂടുതൽ പരിശോധനകൾക്കായി അസ്​ഥികൂടം ഖത്വീഫ്​ ആശുപത്രിയിലേക്ക്​ മാറ്റിയതായി ഇന്ത്യൻ എംബസി വളൻറിയർ മണിക്കുട്ടൻ പറഞ്ഞു. രണ്ട്​ വർഷം​ മുമ്പാണ്​ തുഖ്​ബയിലെ റിയാദ്​ സ്​​ട്രീറ്റിൽ ഏ.സി മെയിൻറനൻസ്​ കട നടത്തുകയായിരുന്ന അനിൽ നായരെ കാണാതാകുന്നത്.

ഒരു സുഹൃത്തിനെ മുറിയുടെ താക്കോൽ ഏൽപിച്ചിരുന്നതിനാൽ സ്​പോൺസറുടെ സാന്നിധ്യത്തിൽ മുറിതുറന്ന്​ പരിശോധിച്ചപ്പോൾ പാസ്​പോർട്ട്​ ഉൾപ്പടെയുള്ള രേഖകൾ അവിടെതന്നെ ഉണ്ടെന്ന്​ കണ്ടെത്തിയിരുന്നു. ഇദ്ദേഹം ഓടിച്ചിരുന്ന കാർ സ്​ഥാപനത്തിന്​ സമീപം നിർത്തിയിട്ടതായും കണ്ടെത്തിയിരുന്നു.

25 വർഷമായി ഇതേ സ്​ഥലത്ത്​ ജോലിചെയ്യുന്ന ഇദ്ദേഹം ഒളിച്ചുപോകാനോ ആത്​മഹത്യക്കോ സാധ്യതയില്ലെന്നായിരുന്നു കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടേയും ഉറച്ച വിശ്വാസം.

2022 ജൂലൈ മാസത്തിലാണ് ഇദ്ദേഹത്തെ കാണാതായ വാർത്ത പുറത്ത് വരുന്നത്. പെരുന്നാൾ അവധി കഴിഞ്ഞ്​ കട തുറന്നിട്ടും ആൾ എത്താതിരുന്നതിനെ തുടർന്ന്​ സുഹൃത്തുക്കൾ അന്വേഷിച്ചപ്പോൾ മുറിയിൽ ഉറങ്ങുകയായിരിക്കാമെന്നാണ് അന്ന് കൂടെ ജോലിചെയ്​തവർ പറഞ്ഞിരുന്നത്. എന്നാൽ പിറ്റേ ദിവസവും കാണാതിരുന്നതിനെ തുടർന്ന്​ കൂടുതൽ അന്വേഷണം നടത്തി​. ഇദ്ദേഹത്തിന്റെ കാർ സ്ഥാപനത്തിന്​ സമീപം തന്നെ നിർത്തിയിട്ടിരുന്നു​. സംഭവം നടന്ന ജൂലൈ 12ന് വൈകീട്ട് 6.25ന്​ വാട്​സ് ആപ്​ നോക്കിയതായി സ്റ്റാറ്റസിൽ നിന്ന് വ്യക്തമായിരുന്നു​. എന്നാൽ അതിന് ശേഷം ഫോൺ പ്രവർത്തനരഹിതമായിരുന്നതായും കണ്ടെത്തിയിരുന്നു.

ഇഖാമ നമ്പർ ഉപയോഗിച്ച്​ എമിഗ്രേഷൻ വിഭാഗത്തിൽ നടത്തിയ അന്വേഷണത്തിൽ സൗദി വിട്ടിട്ടില്ലെന്ന്​ കണ്ടെത്തിയിരുന്നു​. സ്​പോൺസർ തുഖ്​ബ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ജോലി ഇഷ്​ടപ്പെടാത്തതിനാൽ വേറെ​ ജോലി അന്വേഷിച്ച്​ പോയതാവും എന്നാണ്​ പൊലീസ് സംശയിച്ചിരുന്നത്. പൊലീസ്​ നിർദേശത്തെ തുടർന്ന്​ സ്​പോൺസർ ഇദ്ദേഹത്തെ ഹുറൂബാക്കുകയും ചെയ്തു​. 25 വർഷമായി ഇതേ സ്ഥലത്ത്​ ജോലിചെയ്യുന്ന അനിൽ നായർ ഒളിച്ചു പോകാൻ സാധ്യതയില്ലെന്ന് സുഹൃത്തുക്കളും പറഞ്ഞിരുന്നു.

ഭാര്യയും  രണ്ട്​ പെൺകുട്ടികളും അടങ്ങുന്നതാണ്​ കാണാതായ അനിൽ നായരുടെ കുടുംബം. ഇദ്ദേഹത്തെ കാണാതായതിനെത്തുടർന്ന്​ ഭാര്യ കവിത ഇന്ത്യൻ എംബസിയിലും നോർക്ക റൂട്​സിലും പരാതി നൽകിയിരുന്നു. അസ്​ഥികൂടം ലഭിച്ചതിനെ കുറിച്ച് കുടുംബത്തെ അറിയിച്ചിട്ടുണ്ട്​. എന്നാൽ ശാസ്ത്രീയ പരിശോധന പൂറത്തിയായാൽ മാത്രമേ അസ്ഥികൂടം ആരുടേതെന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു.

(കടപ്പാട്: സാജിദ് ആറാട്ടുപ്പുഴ, ഗൾഫ് മാധ്യമം)

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

 

Share
error: Content is protected !!