പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, നഗ്നചിത്രം പകർത്തി; ദമ്പതികൾ അടക്കം 3 പേർ അറസ്റ്റിൽ

വയനാട് കേണിച്ചിറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ദമ്പതിമാർ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. പൂതാടി കോട്ടവയൽ സ്വദേശിയായ, മാനന്തവാടി ഒഴക്കോടി വിമലനഗറിൽ താമസിക്കുന്ന കിഴക്കേമഞ്ചംങ്കോട് സുരേഷ് (59), പൂതാടി ചെറുകുന്ന് പ്രചിത്തൻ (45), ഭാര്യ സുജ്ഞാന (38) എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തിന് ഒത്താശ ചെയ്തു നൽകിയതിനാണ് സുജ്ഞാനയ്ക്കെതിരെ കേസ് ചുമത്തിയത്.

കഴിഞ്ഞയാഴ്ച കൽപറ്റ പോക്സോ കോടതിയിൽ കീഴടങ്ങിയ സുരേഷ് റിമാൻഡിലാണ്. ഒളിവിലായിരുന്ന ദമ്പതികൾ ഇന്ന് കേണിച്ചിറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. 2020 മുതല്‍ പ്രതികള്‍ ലൈംഗികമായി ഉപദ്രവിക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് പൊലീസ്‌ കേസെടുത്തത്. പരാതിപ്പെട്ടാല്‍ ഫോണില്‍ പകര്‍ത്തിയ നഗ്‌നചിത്രം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ദമ്പതിമാര്‍ ഒളിവില്‍പോവുകയായിരുന്നു. കഴിഞ്ഞദിവസം ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കല്പറ്റ അഡീ. സെഷന്‍സ് കോടതി തള്ളി. ഇതിനുപിന്നാലെയാണ് ഒളിവിലായിരുന്ന ദമ്പതിമാര്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയത്. കേസിലെ മറ്റൊരു പ്രതിയായ പൂതാടി കോട്ടവയല്‍ സ്വദേശി കിഴക്കേമഞ്ചംങ്കോട് സുരേഷ്(59) റിമാന്‍ഡിലാണ്. ഇയാളുടെ ജാമ്യാപേക്ഷയും കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ 2020 മുതല്‍ 2023 വരെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നാണ് പരാതി. ഒന്‍പതാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ ഭാര്യയുടെ ഒത്താശയോടെ പ്രചിത്തന്‍ പിഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിയെ സുരേഷ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി മാനഹാനി വരുത്തിയതായും പരാതിയിലുണ്ട്. പ്രചിത്തന്‍ തന്റെ വീട്ടില്‍വെച്ച് പരാതിക്കാരിയും വിദ്യാര്‍ഥിനിയുമായിരുന്ന പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചെന്നും ഭാര്യ ഇതിനെല്ലാം കൂട്ടുനിന്നെന്നും പരാതിയില്‍ പറയുന്നു.

കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റംതോന്നിയ മാതാപിതാക്കള്‍ ചോദിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒളിവില്‍പ്പോയ പ്രതികളെ അറസ്റ്റുചെയ്യാത്തതില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്ന് കേണിച്ചിറ എസ്.ഐ.യുടെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപവത്കരിച്ച് ഇവര്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെ പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായി വിവരം ലഭിച്ചതോടെ പോലീസ് സംഘം അവിടെയും അന്വേഷണം നടത്തി. കഴിഞ്ഞദിവസം പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ടെത്തിയതായാണ് പോലീസ് പറഞ്ഞിരുന്നത്. ഇതിനുപിന്നാലെയാണ് പ്രതികളായ ദമ്പതിമാര്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!