‘CMRL-നെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി’; ആര്‍.ഒ.സി റിപ്പോര്‍ട്ടിൽ വീണക്കൊപ്പം മുഖ്യമന്ത്രിക്കെതിരെയും ഗുരുതര പരമാർശം

തിരുവനന്തപുരം: സി.എം.ആര്‍.എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ പരാമര്‍ശവുമായി രജിസ്റ്റാര്‍ ഓഫ് കമ്പനീസ് (ആര്‍.ഒ.സി) റിപ്പോര്‍ട്ട്. സി.എം.ആര്‍.എല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാദ്യമായാണ് വിവാദത്തിലേക്ക് മുഖ്യമന്ത്രിയുടെ പേര് നേരിട്ട് കടന്നുവരുന്നത്.

സി.എം.ആര്‍.എല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്ന മുഖ്യമന്ത്രിക്ക് സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയില്‍ നേരിട്ടുള്ള നിയന്ത്രണമുണ്ട്. എക്‌സാലോജിക്കുമായി സി.എം.ആര്‍.എല്ലിനുണ്ടായിരുന്നത് തല്‍പ്പരകക്ഷി ഇടപാടാണ്. ഇടപാടിനെ കുറിച്ച് വെളിപ്പെടുത്താത്തത് നിയമലംഘനമാണെന്നും ആര്‍.ഒ.സി. റിപ്പോര്‍ട്ടില്‍ പറയുന്നു.

എക്സാലോജിക് -സി.എം.ആര്‍.എല്‍. ഇടപാടില്‍ അടിമുടി ദുരൂഹതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപാട് വിവരം സി.എം.ആര്‍.എല്‍. മറച്ചുവെച്ചുവെന്നും വിശദമായ അന്വേഷണം വേണമെന്നും ആര്‍.ഒ.സിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. ആര്‍.ഒ.സി. ചില വിവരങ്ങളും വിശദാംശങ്ങളും എക്സാലോജിക്കിനോടും സി.എം.ആര്‍.എല്ലിനോടും തേടിയിരുന്നു. എന്നാല്‍ അന്ന് വിശദാംശങ്ങളൊന്നും നല്‍കാന്‍ എക്സാലോജിക്കിനും വീണാ വിജയനും സാധിച്ചിരുന്നില്ല. ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കിയില്ലെന്നും ഒളിച്ചുകളിച്ചെന്നും ആര്‍.ഒ.സി. റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്‍.ഒ.സി. ആവശ്യപ്പെട്ട രേഖകള്‍ എക്സാലോജിക്ക് സമര്‍പ്പിച്ചിരുന്നില്ല. കരാറിന്റെ വിശദാംശങ്ങളും ഹാജരാക്കിയില്ല. ജി.എസ്.ടി. അടച്ചുവെന്ന് മാത്രമാണ് എക്സാലോജിക് മറുപടി നല്‍കിയത്. ഇടപാട് വിവരം സി.എം.ആര്‍.എല്‍. മറച്ചുവെച്ചെന്നും റിലേറ്റഡ് പാര്‍ട്ടിയായ എക്സാലോജിക്കുമായുള്ള ഇടപാട് അറിയിച്ചില്ലെന്നും ആര്‍.ഒ.സി. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഈ ആര്‍.ഒ.സി. റിപ്പോര്‍ട്ടാണ് വിഷയത്തില്‍ കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ വിശദമായ അന്വേഷണത്തിലേക്ക് വഴിതെളിച്ചത്.

ആരോപണവുമായി ബന്ധപ്പെട്ട് വീണയുടെ പേര് നേരത്തെ പലതവണ ഉയര്‍ന്നുവന്നിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ പേര് ഇതുവരെ പരാമർശിക്കപ്പട്ടിരുന്നില്ല. ഇപ്പോൾ മുഖ്യമന്ത്രിയുടെ പേര് റിപ്പോര്‍ട്ടില്‍ വന്നതോടെ സര്‍ക്കാരും സി.പി.എമ്മും പ്രതിരോധത്തിലായിരിക്കുകയാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!