കാമുകിക്കുവേണ്ടി പരീക്ഷയെഴുതാൻ സ്ത്രീവേഷത്തിലെത്തി യുവാവ്; വിരലടയാള പരിശോധനയിൽ പിടിയിലായി

ന്യൂഡൽഹി: പരീക്ഷയിലെ ആള്‍മാറാട്ടവും കോപ്പിയടിയും മറ്റു തട്ടിപ്പുകളുമൊക്കെ പതിവായി വാര്‍ത്തകളിൽ ഇടംപിടിക്കാറുള്ളതാണ്. എന്നാല്‍, തന്റെ കാമുകിയ്ക്കുവേണ്ടി പരീക്ഷയെഴുതുന്നതിന് യുവാവ് പെണ്‍വേഷം കെട്ടി പരീക്ഷാകേന്ദ്രത്തില്‍ എത്തുകയും ഒടുവില്‍ പിടിക്കപ്പെടുകയും ചെയ്ത തമാശ നിറഞ്ഞ ഒരു വാർത്തയാണ് ഇപ്പോൾ പഞ്ചാബിൽനിന്ന് പുറത്തുവന്നിരിക്കുന്നത്. (ചിത്രത്തിൽ ആൾമാറാട്ടം നടത്തിയ യുവാവ്)

ഫാസിൽക സ്വദേശി അംഗ്‌രേസ് സിങ്ങാണ് തന്റെ കാമുകി പരംജിത് കൗറിന് പകരം സ്ത്രീ വേഷം ധരിച്ച് പരീക്ഷ എഴുതാനെത്തിയത്. ജനുവരി ഏഴിന് പഞ്ചാബിലെ ഫരീദ്കോട്ടിലെ പരീക്ഷാകേന്ദ്രത്തിലാണ് സംഭവം. ബാബ ഫരീദ് യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, കോട്‌കപുരയിലെ ഡി.എ.വി. പബ്ലിക് സ്‌കൂളിൽ നടത്തിയ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കേഴ്സ് പരീക്ഷയിലാണ് കാമുകിക്കായി യുവാവ് ആൾമാറാട്ടം നടത്തിയത്.

ചുവന്ന വളകളും ബിന്ദി, ലിപ്സ്റ്റിക്, ലേഡീസ് സ്യൂട്ട് മുതലായവ ധരിച്ച് ഒരു സ്ത്രീ വേഷത്തിലാണ് അംഗ്‌രേസ് സിങ് പരീക്ഷാകേന്ദ്രത്തിൽ എത്തിയത്. വ്യാജ തിരിച്ചറിയൽ കാർഡും ആധാർ കാർഡും ഹാജരാക്കിയായിരുന്നു തട്ടിപ്പിനുള്ള ശ്രമം. പക്ഷേ, ബയോമെട്രിക് പരിശോധനയിൽ വിജയിക്കാൻ അംഗ്‌രേസ് സിങ്ങിനായില്ല. വിരലടയാളം പരിശോധിച്ച അധികൃതർക്ക് ഇത് പരംജിത് കൗർ അല്ലെന്ന് വ്യക്തമായി. ഇതോടെയാണ് പദ്ധതി പാളിയത്.

തട്ടിപ്പ് വെളിപ്പെട്ടതോടെ അംഗ്‌രേസ് സിങിനെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. പരംജിത് കൗറിനെ അധികൃതർ പരീക്ഷയിൽനിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!