തെരുവില്‍ ജീവിച്ചയാളുടെ പാസ്പോര്‍ട്ട് കണ്ടവര്‍ ഞെട്ടി; യാത്ര ചെയ്തത് ഇരുപതില്‍പ്പരം രാജ്യങ്ങളില്‍, പ്രമുഖ കമ്പനിയുടെ ഓവര്‍സീസ് ഓപ്പറേഷന്‍ മാനേജര്‍, തെരുവിലെത്തിയത് ഇങ്ങിനെ
തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപം വഴിയോരത്ത് എല്ലും തോലുമായി കിടന്നിരുന്ന മഹേഷ് അയ്യരുടെ (46) പാസ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നത് ഒരുകാലത്ത് ഇദ്ദേഹം വിമാനക്കമ്പനിയുടെ ‘ഫ്രീക്വന്റ് ഫ്‌ലൈയര്‍’ ആനുകൂല്യങ്ങള്‍ നേടിയ വ്യക്തിയായിരുന്നുവെന്ന്. മുംബൈയിലെ ഋദ്ദി സിദ്ധി സ്റ്റീല്‍ കോര്‍പറേഷന്‍ കമ്പനിയില്‍ ഓവര്‍സീസ് ഓപ്പറേഷന്‍ മാനേജര്‍ ആയിരുന്നു മഹേഷ്. ജോലിയുടെ ഭാഗമായി മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെ ഇരുപതില്‍പ്പരം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മുംബൈയില്‍ ബൃഹത്തായ സൗഹൃദവലയത്തിന് ഉടമയുമായിരുന്നു മഹേഷ് എന്ന് സുഹൃത്തുക്കള്‍ പറയുന്നു.
ഏറ്റക്കുറച്ചിലുകളുടെ ഗ്രാഫാണ് സ്വാമി എന്ന് വിളിക്കുന്ന മഹേഷ് അയ്യരുടെ ജീവിതമെന്നാണ് സഹപാഠിയും അയല്‍വാസിയുമായ ബെംഗളൂരുവിലെ ജിന്‍സണ്‍ പറയുന്നത്. ബി.കോം. ജയിച്ചശേഷം ചാലക്കുടി ടൗണില്‍ ഓട്ടോ ഓടിച്ചാണ് മഹേഷിന്റെ തുടക്കം. വെള്ളാഞ്ചേരിയിലെ വീട്ടില്‍ മാതാപിതാക്കള്‍ മുറുക്ക് ഉണ്ടാക്കുമായിരുന്നു. ഇത് ഓട്ടോയില്‍ കൊണ്ടുപോയി വിറ്റായിരുന്നു ഉപജീവനം.
അതിനിടെ ബാങ്കില്‍നിന്ന് വായ്പയെടുത്ത് വീടുപണി തുടങ്ങി. പണി പൂര്‍ത്തിയാകുംമുന്നേ അച്ഛന് അര്‍ബുദം ബാധിച്ചു. വീടുപണി നിലച്ചു. വായ്പതിരിച്ചടവു മുടങ്ങി. പലയിടങ്ങളില്‍നിന്നും വന്‍പലിശയ്ക്ക് പണം എടുത്ത് ചികിത്സ നടത്തി. വീട് ജപ്തിയായി. കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് അച്ഛന്റെ മൃതദേഹം കൊണ്ടുവരാന്‍ ആംബുലന്‍സിന് പണമില്ലാതെ മഹേഷ് പതറിയപ്പോള്‍ ജിന്‍സണാണ് സ്വന്തം ജീപ്പില്‍ മൃതദേഹം വീട്ടിലെത്തിച്ചത്.
അച്ഛനും വീടും നഷ്ടപ്പെട്ട മഹേഷ് അമ്മയോടൊപ്പം വെറുംകൈയോടെ മുംബൈയിലേക്ക് പോയി. അവിടെ നല്ല കമ്പനിയില്‍ നല്ലനിലയിലും നല്ല ശമ്പളത്തിലുമുള്ള ഉയര്‍ന്ന ഉദ്യോഗം കിട്ടി. സ്വന്തമായി ഫ്‌ലാറ്റ് വാങ്ങി. ഇരുമ്പുകമ്പികള്‍ കയറ്റുമതിചെയ്യുന്ന സ്ഥാപനത്തിന്റെ വിദേശവിപണി കൈകാര്യംചെയ്യുന്ന മാനേജര്‍ ആയിരുന്നു മഹേഷ്. അങ്ങനെ നിരന്തരമായി വിമാനയാത്രകള്‍ നടത്തി.
വിദേശവിപണിയുടെ സാധ്യത മനസ്സിലാക്കി മുംബൈയില്‍ സ്വന്തമായി ഇതേ ബിസിനസ് തുടങ്ങി. വൈകാതെ കോവിഡ്കാലം എത്തി. കമ്പനി പൂട്ടി. നാട്ടില്‍നിന്ന് മുംബൈയിലേക്ക് പോയ അതേപോലെ വെറുംകൈയുമായി മുംബൈയില്‍നിന്ന് അമ്മയെയും കൂട്ടി മഹേഷ് നാട്ടിലേക്ക് മടങ്ങി. എറണാകുളത്തെ വാടകവീട്ടില്‍ താമസിച്ചു. വാടക കൊടുക്കാനോ ഭക്ഷണം കഴിക്കാനോപോലും പണമില്ലാത്ത അവസ്ഥ വന്നു. അമ്മ വൈകാതെ മരിച്ചു. വാടക കൊടുക്കാത്തതിനാല്‍ ഉടമ ഇറക്കിവിട്ടു. ജോലിയൊന്നുമില്ലാതെ മഹേഷ് തെരുവിലേക്കിറങ്ങി.
കുറച്ചുനാള്‍ തൃശ്ശൂരില്‍ വാടകയ്ക്ക് ഓട്ടോറിക്ഷ ഓടിച്ചു. അതിനിടെ ക്ഷയരോഗം ബാധിച്ചു. തെരുവില്‍ അഭയം തേടി. സുമുഖനായ ഒരു യുവാവ് മൂന്നുവര്‍ഷത്തില്‍ എല്ലും തോലുമായി വഴിയരികില്‍ ജീവച്ഛവമായി. തൃശ്ശൂരില്‍നിന്ന് തെരുവോരം മുരുകന്‍ ഏറ്റെടുത്ത് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിച്ച മഹേഷ് സുഖംപ്രാപിച്ചുവരുന്നു. മഹേഷിന് സഹായവും വാഗ്ദാനങ്ങളുമായി നിരവധി സംഘടനകള്‍ രംഗത്തുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക