ഉറക്കം ഉണർന്നപ്പോൾ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന് അറസ്റ്റിലായ അമ്മ; ചുമസിറപ്പ് നൽകി മയക്കികിടത്തിയ ശേഷം കൊലപ്പെടുത്തിയതെന്ന് നിഗമനം: മുറിയിൽ രക്തക്കറ കണ്ടെത്തി
ബെംഗളൂരുവിൽ നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കൺസൽറ്റിങ് കമ്പനി സിഇഒ സുചേന സേത്തിന്റെ മുറിയിൽനിന്നു ചുമയ്ക്കുള്ള സിറപ്പുകൾ കണ്ടത്തി. കുട്ടിയെ തലയിണ ഉപയോഗിച്ച ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്. എന്നാൽ ഉയർന്ന ഡോസിൽ കുട്ടിക്ക് കഫ് സിറപ്പ് നൽകി മയക്കി കിടത്തിയശേഷമാണ് തലയിണ കൊണ്ട് ശ്വാസംമുട്ടിച്ചതെന്നാണ് സംശയം. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന നിഗമനത്തിലേക്കും ഇതു പൊലീസിനെ എത്തിക്കുന്നു.
മകനെ കൊലപ്പെടുത്തി ട്രാവൽ ബാഗിലാക്കി ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സുചനയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച മകനൊപ്പം ഗോവയിലെ അപ്പാർട്മെന്റിൽ എത്തിയ സുചന, തിങ്കളാഴ്ച ഒറ്റയ്ക്കാണ് ബെംഗളൂരുവിലേക്ക് യാത്ര പുറപ്പെട്ടത്. ഇതേക്കുറിച്ചു ചോദിച്ച അപാർട്മെന്റ് ജീവനക്കാരോട് മകനെ മഡ്ഗാവിലെ സുഹൃത്തിനെ ഏൽപിച്ചെന്നായിരുന്നു മറുപടി.
എന്നാൽ, മുറിയിൽ രക്തക്കറ കണ്ടെത്തിയ ജീവനക്കാർ ഗോവ പൊലീസിനെ വിവരം അറിയിച്ചു. സുഹൃത്തിന്റെ മേൽവിലാസം വ്യാജമാണെന്ന് കണ്ടെത്തിയ പൊലീസ് ചിത്രദുർഗ സ്റ്റേഷനിൽ തടഞ്ഞുവച്ച് പരിശോധിച്ചപ്പോൾ ഡിക്കിയിലെ ബാഗിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സുചന താമസിച്ചിരുന്ന സർവീസ് അപാർട്മെന്റ് മുറിയിൽ നടത്തിയ പരിശോധനയിൽ കഫ് സിറപ്പിന്റെ ചെറുതും വലുതുമായ ഒഴിഞ്ഞ രണ്ട് കുപ്പികൾ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിൽ കുട്ടി ശ്വാസം മുട്ടിച്ച് മരിച്ചതാകാനാണ് സാധ്യതയെന്നും മർദ്ദനത്തിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അപ്പാർട്ട്മെന്റ് ജീവനക്കാരോട് തനിക്ക് ചുമയുണ്ടെന്ന് പറഞ്ഞ സുചന ഒരു ചെറിയ കുപ്പി കഫ് സിറപ്പ് വാങ്ങിയിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വലിയ കുപ്പി നേരത്തെ കയ്യിൽ കരുതിയതാകാം.
അതേസമയം, ചോദ്യം ചെയ്യലിൽ സുചന കുറ്റകൃത്യം നിഷേധിച്ചതായും സൂചനയുണ്ട്. രാവിലെ ഉറക്കം ഉണർന്നപ്പോൾ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയെന്നാണ് സുചന നൽകിയ മൊഴി. എന്നാൽ ഇതു വിശ്വസിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സുചന സേത്തിനെ ഗോവയിലെ മപുസ ടൗൺ കോടതി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ജക്കാർത്തയിൽ (ഇന്തൊനീഷ്യ) ഉണ്ടായിരുന്ന കുട്ടിയുടെ പിതാവ് വെങ്കട്ടരാമൻ ചൊവ്വാഴ്ച രാത്രി ചിത്രദുർഗയിലെ ഹിരിയൂരിലെത്തി പോസ്റ്റ്‌മോർട്ടത്തിന് ശേഷം മകന്റെ മൃതദേഹം ഏറ്റുവാങ്ങി.
മലയാളിയായ ഭർത്താവ് പി.ആർ.വെങ്കട്ടരാമനെതിരെ സുചന ഗാർഹിക പീഡന പരാതി നൽകിയിരുന്നതായും വിവരമുണ്ട്. വിവാഹമോചന കേസിന്റെ വിചാരണയ്ക്കിടെ കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് വെങ്കട്ടരാമനെതിരെ സുചന ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. കുട്ടിയെയും തന്നെയും ശാരീരികമായി പീഡിപ്പിക്കുന്നെന്നായിരുന്നു സുചനയുടെ ആരോപണം. ഒരു കോടിയിലധികം രൂപ വാർഷിക വരുമാനമുള്ള വെങ്കട്ടരാമൻ പ്രതിമാസം 2.5 ലക്ഷം രൂപ തനിക്ക് ജീവനാംശം നൽകണമെന്നും സുചന കോടതിയിൽ ആവശ്യപ്പെട്ടു.
ഗാർഹിക പീഡനം തെളിയിക്കാൻ സുചന വാട്സാപ് സന്ദേശങ്ങളുടെയും ചിത്രങ്ങളുടെയും മെഡിക്കൽ രേഖകളുടെയും പകർപ്പുകൾ സമർപ്പിച്ചിരുന്നു. ഇക്കാര്യങ്ങൾ കോടതിയിൽ വെങ്കട്ടരാമൻ നിഷേധിച്ചെങ്കിലും ഭാര്യയുടെ വീട്ടിൽ പ്രവേശിക്കുന്നതിനോ അവരുമായോ കുട്ടിയുമായോ ഫോണിലൂടെയോ സമൂഹ മാധ്യമങ്ങളിലൂടെയോ ആശയവിനിമയം നടത്തുന്നതിനോ വെങ്കട്ടരാമനെ വിലക്കി. ഈ മാസം 29ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് മകനെ കൊന്ന് സുചനയുടെ ക്രൂരകൃത്യം.
സുചേനയും വെങ്കട്ടരാമനും തമ്മിലുള്ള വിവാഹമോചന ഹർജി അവസാനഘട്ടത്തിലാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മകന്റെ അവകാശത്തെച്ചൊല്ലിയുള്ള തർക്കമാണ് ഇപ്പോൾ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. എല്ലാ ഞായറാഴ്ചയും അച്ഛനു മകനെ കാണാമെന്ന് കോടതി ഉത്തരവിട്ടിരുന്നു. കുട്ടിയെ അച്ഛനൊപ്പം അയയ്ക്കാനുള്ള കോടതി നിർദേശം പാലിക്കാതിരിക്കാനാണ് കൊല നടത്തിയതെന്ന് സുചന മൊഴി നൽകിയതായും സൂചനയുണ്ട്. 2010ലായിരുന്നു ഇവരുടെ വിവാഹം. 2019ലാണ് മകനുണ്ടായത്. 2021 മുതൽ ഇരുവരും വേർപിരിഞ്ഞു താമസിക്കുകയാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക