അടുക്കരുത്, ഒപ്പം നീന്തരുത്; ദ്വീപിനടുത്ത് കണ്ടെത്തിയത് കൊലയാളി തിമിംഗലത്തെ, ഫറസാനിൽ ജാഗ്രതാ നിര്‍ദേശം
റിയാദ്: സൗദി അറേബ്യയിലെ ചെങ്കടലില്‍ ഫറസാന്‍ ദ്വീപിന് സമീപം കൊലയാളി തിമിംഗലം എന്ന് അറിയപ്പെടുന്ന ഓര്‍കയെ കണ്ടെത്തി. ഭീമന്‍ കൊലയാളി തിമിംഗലങ്ങളെ കണ്ടെത്തിയതായി വന്യജീവി സംരക്ഷണ വകുപ്പാണ് അറിയിച്ചത്. കില്ലര്‍ തിമിംഗലം എന്നറിയപ്പെടുന്ന ഓര്‍ക ഇനത്തില്‍പ്പെട്ടവയാണെന്നും സമുദ്ര ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തില്‍ ഇവയ്ക്ക് പ്രാധാന്യമേറെയുണ്ടെന്നും വകുപ്പ് അറിയിച്ചു.
ദ്വീപിനോട് ചേര്‍ന്നുള്ള ചെങ്കടലിലെ സംരക്ഷിത ഭാഗത്താണ് ഭീമന്‍ തിമിംഗലങ്ങളെ കണ്ടെത്തിയത്. രണ്ട് തിമിംഗലങ്ങളെയാണ് കണ്ടെത്തിയത്. ഇതിന്‍റെ വീഡിയോ വന്യജീവി വികസന കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്. ഓർക തിമിംഗലം മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അതിൻറെ വലിയ ഘടനയും സ്വഭാവം പ്രവചിക്കാനുള്ള ബുദ്ധിമുട്ടും മൂലം തിമിംഗലത്തെ സമീപിക്കുകയോ അതിനോടൊപ്പം നീന്തുകയോ ചെയ്യരുതെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘കൊലയാളി തിമിംഗലം’ എന്ന പേരിലാണ് പ്രധാനമായും ഓർക തിമിംഗലം അറിയപ്പെടുന്നത്. കറുത്ത നിറത്തിലുള്ള തിമിംഗല കുടുംബത്തിൽപെടുന്ന ഒരു തരം തിമിംഗലമാണിത്. ഏറ്റവും വലിയ ഇനമാണിത്.
ശക്തമായ പേശികളുള്ള ശരീരഘടനയുള്ള ഇവ സമുദ്രത്തിലെ വേട്ടക്കാരാണ്. വൈരുധ്യ നിറങ്ങളാണ് ഓര്‍കയുടെ സവിശേഷത. പിന്‍ഭാഗവും മുകള്‍ഭാഗവും കറുപ്പും വയറും താഴത്തെ വശവും വെളുത്തതുമാണ്. കൂറ്റന്‍ തലയും മൂര്‍ച്ചയുള്ളതും മാരകവുമായ പല്ലുകളും ശക്തമായ താടിയെല്ലുകളും ഇതിനുണ്ട്. പരമാവധി ഒമ്പത് മീറ്റര്‍ വരെ നീളം വരും. തണുത്തതും മിതശീതോഷ്ണവുമായ സമുദ്രങ്ങളിലാണ് ഓര്‍കകള്‍ ജീവിക്കുന്നത്. മത്സ്യങ്ങള്‍, ചെറിയ തിമിംഗലങ്ങള്‍, നീരാളികള്‍ എന്നിവയെ ഭക്ഷിക്കുന്ന ഇവ സാമൂഹിക ജീവികളാണ്. എപ്പോഴും കൂട്ടങ്ങളായാണ് ഇവ കാണപ്പെടുക. ശബ്ദങ്ങളും ചലനങ്ങളും ഉപയോഗിച്ച് സങ്കീര്‍ണ്ണമായ ആശയവിനിമയം ഓര്‍ക തിമിംഗലങ്ങളുടെ സവിശേഷതയാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക