സമൃതി ഇറാനിയും വി. മുരളീധരനും മദീനയിലെയും ജിദ്ദയിലെയും ചരിത്ര സ്ഥലങ്ങൾ സന്ദർശിച്ചു – വീഡിയോ
കേന്ദ്ര ന്യൂനപക്ഷ- വനിതാക്ഷേമ മന്ത്രി സ്മൃതി ഇറാനിയും, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മദീനയിലെയും ജിദ്ദയിലെയും ചരിത്ര സ്ഥലങ്ങൾ സന്ദർശിച്ചു. ഇന്ത്യ – സൗദി ഹജ്ജ് കരാറിൽ ഒപ്പുവെക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് ഇരുവരും ജിദ്ദയിലെത്തിയത്. ഇന്നലെ ഇരുവരും ജിദ്ദയിലെ യുനെസ്കോയിൽ ഇടംപിടിച്ച ബലദിലെ പൈതൃക നഗരം സന്ദർശിച്ചു. സൌദി അധികൃതരും ഇന്ത്യൻ കോണ്സുലേറ്റ് അധികൃതരും സംഘത്തിലുണ്ടായിരുന്നു.
സൗദി അറേബ്യയുടെ സമ്പന്നമായ ഭൂതകാലത്തിന്റെ സത്ത ഉൾക്കൊള്ളുന്നതാണ് ചരിത്ര പ്രാധാന്യമുള്ള ബലദ് എന്ന് സ്മൃതി ഇറാനി പറഞ്ഞു. ജിദ്ദയുടെ ഊർജ്ജസ്വലമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്ന യുനെസ്കോയുടെ ലോക പൈതൃക സൈറ്റ് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.
Union Minister @smritiirani along with MoS @VMBJP explores the cultural richness of Al-Balad, a #UNESCO World Heritage Site, preserving the vibrant cultural heritage of Jeddah
Take a look! 📽️@MIB_India @MinistryWCD @DDNewslive pic.twitter.com/79A2B0gHHb
— PIB India (@PIB_India) January 8, 2024
ഇന്ന് രാവിലെ ഇരുവരും ഹറമൈൻ അതിവേഗ ട്രെയിനിൽ മദീനയിലെത്തി. സൗദി അധികൃതരും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഹജ് കോൺസൽ മുഹമ്മദ് ജലീൽ എന്നിവരും ഇവരോടൊപ്പമുണ്ടായിരുന്നു.
മദീനയിൽ പ്രവാചകൻ്റെ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലവും ചരിത്ര പ്രസിദ്ധമായ ഉഹ്ദ് മലയും ഖുബ മസ്ജിദിന്റെ ഭാഗവും സംഘം സന്ദർശിച്ചു.
ഇസ്ലാമിന്റെ ഏറ്റവും വിശുദ്ധമായ നഗരങ്ങളിലൊന്നായ മസ്ജിദു നബവിയും ഉഹുദ് പർവ്വതവും ആദ്യത്തെ പള്ളിയായ ഖുബ മസ്ജിദിന്റെ പ്രാന്തപ്രദേശവും സന്ദർശിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സമൃതി ഇറാനി പറഞ്ഞു. ആദ്യകാല ഇസ് ലാമിക ചരിത്രവുമായി ഇഴുകിച്ചേർന്നിരിക്കുന്ന സൗദിയിലെ ഈ സ്ഥലങ്ങളിലെ സന്ദർശനത്തിന്റെ പ്രാധാന്യം നമ്മുടെ സാംസ് കാരികവും ആത്മീയവുമായ ഇടപെടലുകളുടെ ആഴം അടിവരയിടുന്നതായും സമൃതി ഇറാനി എക്സിൽ കുറിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക