‘ഞാനിപ്പോഴും യുവാവാണെന്നാണ് മന്ത്രി കണ്ടുപിടിച്ചത്, കാഴ്ചയിൽ മാത്രമേ അങ്ങിനെയുള്ളൂ, സത്യത്തിൽ വയസ് പത്തു തൊണ്ണൂറായി’ – മമ്മൂട്ടി
കൊല്ലം: ജനസാഗരത്തെ സാക്ഷിയാക്കി കലോത്സവക്കിരീടം കണ്ണൂർ ജില്ലയ്ക്കു സമ്മാനിച്ച് നടൻ മമ്മൂട്ടി. യാതൊരു വിവേചനവുമില്ലാതെ പലതരം കലകളുടെ സമ്മേളനമാണു സംസ്ഥാന സ്കൂൾ കലോത്സവമെന്നും ഇതു തുടരണമെന്നും മുഖ്യാതിഥിയായെത്തിയ മമ്മൂട്ടി പറഞ്ഞു. ജനങ്ങളുടെ ആഗ്രഹപ്രകാരം വെള്ള ഷർട്ടും മുണ്ടും ധരിച്ചാണ് എത്തിയതെന്നു വേഷം സദസ്സിനെ കാണിച്ചുകൊണ്ടു മമ്മൂട്ടി പറഞ്ഞപ്പോൾ ആശ്രാമം മൈതാനത്ത് കയ്യടികളുയർന്നു. മണിക്കൂറുകൾക്കു മുന്നേ മമ്മൂട്ടിയെ കാണാനായെത്തിയ ജനക്കൂട്ടത്താൽ മൈതാനം തിങ്ങിനിറഞ്ഞു. താരത്തിന്റെ ഓരോ വാക്കുകളും വൻ കയ്യടിയോടെയാണു ജനം വരവേറ്റത്.
‘‘എന്നെപ്പോലൊരാൾക്ക് ഈ പരിപാടിയിൽ എന്തുകാര്യം എന്നാണു സ്കൂൾ യുവജനോത്സവത്തിന്റെ സമാപന സമ്മേളനത്തിനു ക്ഷണിച്ചപ്പോൾ ഞാൻ ചിന്തിച്ചത്. നിങ്ങളാണ് ഈ പരിപാടിക്ക് യോഗ്യനെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഞാനിപ്പോഴും യുവാവാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടിത്തം. കാഴ്ചയിലേ അങ്ങനെയുള്ളൂ, എനിക്കു വയസ്സ് പത്തുതൊണ്ണൂറായി. എന്തായാലും വരാമെന്നു തീരുമാനിച്ച് പുതിയ ഉടുപ്പും കൂളിങ് ഗ്ലാസുമൊക്കെ ഒരുക്കിവച്ചു. അപ്പോഴാണ് ഒരു വിഡിയോ കണ്ടത്. മമ്മൂട്ടി ഏത് ഉടുപ്പിട്ടിട്ടാവും ഇവിടെ വരികയെന്നാണ് അതിൽ ചോദിക്കുന്നത്. മുണ്ടും വെള്ള ഷർട്ടും ധരിച്ചാകും വരികയെന്നു പറയുന്നതും കേട്ടു. അതുപ്രകാരമാണ് ഇങ്ങനെ അണിഞ്ഞൊരുങ്ങി വന്നതെന്നും താരം പറഞ്ഞു.
‘‘ഇത്ര വലിയ ജനക്കൂട്ടം കാണുമ്പോൾ പരിഭ്രമമുണ്ട്. വാക്കുകൾ കൊണ്ട് നിങ്ങളെ സന്തോഷിപ്പിക്കണം എന്നതാണ് അതിലൊന്ന്. മഴ വരാനുള്ള സാധ്യതയുള്ളതാണു മറ്റൊന്ന്. പെട്ടെന്നു മഴ പെയ്താൽ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ഓടുമ്പോൾ എന്തെങ്കിലും സംഭവിക്കുമോയെന്നാണ് ആശങ്ക. ഞാൻ പഠിച്ച കാലത്തെ സ്കൂളല്ല ഇപ്പോൾ. അന്ന് പത്താം ക്ലാസ്സ് വരെയേ സ്കൂളുള്ളൂ. ഇന്ന് പന്ത്രണ്ടാം ക്ലാസ് വരെയുണ്ട്. കലാപരിപാടികളിലെ വിജയപരാജയങ്ങൾ കലാപ്രവർത്തനങ്ങളെ ബാധിക്കരുത്. നാം അവതരിപ്പിക്കുന്നത് കലാപ്രകടനം മാത്രമാണ് എന്നോർക്കണം. മത്സരത്തിൽ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും കലാലോകത്ത് അവസരങ്ങൾ ഒരുപോലെയാണ്.
ഒരു യൂണിവേഴ്സിറ്റി യൂത്ത്ഫെസ്റ്റിവലിൽപ്പോലും പങ്കെടുക്കാത്തയാളാണ് ഞാൻ. ആ എനിക്ക് നിങ്ങളുടെ മുമ്പിൽ സംസാരിക്കാൻ അർഹത നേടിയെങ്കിൽ ഈ കലാപാരിപാടിയിൽ പങ്കെടുത്ത പരാജയപ്പെട്ടവർക്കും വിജയിച്ചവർക്കും ഒരുപോലെ അവസരങ്ങൾ ലഭിക്കും. ക്ഷേത്രകലകൾ, മാപ്പിളപ്പാട്ട് മത്സരം തുടങ്ങി കേരളത്തിലുള്ള എല്ലാ തരത്തിലുള്ള മത്സരങ്ങളും യാതൊരു വിവേചനവുമില്ലാതെ കൂടിച്ചേരുന്ന സമ്മേളനമാണ് ഈ യൂത്ത് ഫെസ്റ്റിവൽ. ചെറുപ്പത്തിൽ തന്നെ അവരുടെ മനസ്സിലേക്ക് അനാവശ്യ ചിന്തകളില്ലാതെ, ഒരു വിവേചനവും വേർതിരിവുകളുമില്ലാതെ, കൂടെയുള്ളത് കൂട്ടുകാരനാണ് അല്ലെങ്കിൽ കൂട്ടുകാരിയാണെന്ന ബോധ്യത്തോടെയാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു സിഗരറ്റ് ഗേറ്റിന്റെ വാതിൽക്കൽനിന്ന് വലിച്ചാൽ ക്ലാസിന്റെ വാതിക്കൽ നിന്നാവും അവസാന പുക കിട്ടുക. അതുവരെ ആരൊക്കെ അതു വലിച്ചുവെന്ന് അറിയില്ല. അവിടെ ഒരുപാട് വിവേചനങ്ങൾ വേണമെങ്കിൽ തോന്നാം. അന്നും ഇന്നും അത്തരത്തിലുള്ള വിവേചനം വിദ്യാർഥികളെ ബാധിച്ചിട്ടില്ല.
കൊല്ലത്ത് ഇത്ര വലിയ പരിപടി സംഘടിപ്പിക്കാൻ സാധിച്ച സംഘാടകരോടും മത്സരങ്ങൾ കാണാൻ പ്രോത്സാഹിപ്പിച്ച ഇവിടുത്തെ ജനങ്ങളോടും നന്ദി പറയുന്നു. കൊല്ലംകാർക്കല്ല സമ്മാനം കിട്ടിയത്. കണ്ണൂർ സ്ക്വാഡിനാണ്. കൊല്ലംകാരെ പ്രോത്സാഹിപ്പിച്ച് നന്നാക്കാം എന്ന് ആരും കരുതിയില്ല. അത് കൊല്ലംകാരുടെ മഹത്വമായാണ് കരുതുന്നത്. ഇതാണ് നമ്മൾ മലയാളികൾ, കേരളീയർ. ഇത് അങ്ങോളം പുലർത്തുമെന്ന് എനിക്ക് വിശ്വാസമുണ്ട്. എല്ലാവർക്കും ആശംസകൾ നേരുന്നു. വളരെ വ്യത്യസ്തമായ ജനസമൂഹമുള്ള സ്ഥലമാണ് കൊല്ലം. ഇത്ര നല്ല മീൻ കിട്ടുന്നത് ഞങ്ങളുടെ നാട്ടിലാണെന്നാണ് ആദ്യം കരുതിയത്. നല്ല മനുഷ്യരേക്കൊണ്ടും നല്ല പ്രകൃതിസമ്പത്തുകൊണ്ടും സമ്പന്നമാണ് കൊല്ലം. എല്ലാവർക്കും സമാധാനവും സന്തോഷവുമുണ്ടാകട്ടെ എന്നും മമ്മൂട്ടി ആശംസിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക