സൗദിയിലേക്കുള്ള എല്ലാ തൊഴിൽ വിസകൾക്കും വിരലടയാള പരിശോധന നിർബന്ധമാക്കി; സൗദിയിലേക്ക് പ്രവേശന വിലക്കുള്ളവരെ ഇന്ത്യയിൽ വെച്ച് തന്ന തടയും

സൗദിയിലേക്കുള്ള എല്ലാ തൊഴിൽ വിസകൾക്കും വിരലടയാളം നിർബന്ധമാക്കി. ഈ മാസം (ജനുവരി) 15 മുതൽ ചട്ടം പ്രാബല്യത്തിൽ വരുമെന്ന് മുംബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ട്രാവൽ ഏജൻസികൾക്കയച്ച സർക്കുലറിൽ അറിയിച്ചു. ജനുവരി 15 മുതൽ സൗദിയിലേക്ക് തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ അപേക്ഷിക്കുന്നവർ നിലവിലെ രീതിയിൽ വ്യത്യസ്ഥമായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടി വരും. വിസിറ്റ്  വിസ, ബിസിനസ് വിസിറ്റ് വിസ എന്നിവക്ക് നിലവിൽ വിഎഫ്എസ് കേന്ദ്രങ്ങൾ വഴി നടപ്പിലാക്കി വരുന്ന വിരലടയാള പരിശോധനയാണ് ഇപ്പോൾ തൊഴിൽ വിസകൾക്കും നിർബന്ധമാക്കിയത്.

അപേക്ഷകൻ പൂർണ്ണമായ വിവരങ്ങൾ ഓണ്ലൈനായി സമർപ്പിക്കുന്നതോടെ ബയോമെട്രിക് രജിസ്ട്രേഷനുള്ള (വിരലടയാളം) അപ്പോയിൻ്റ്മെൻ്റ് നേടണം.  നേരത്തെ സൌദിയിലുണ്ടായിരുന്നവരുൾപ്പെടെ പലരും സൌദിയിലേക്ക് പ്രവേശിക്കാൻ വിലക്കേർപ്പെടുത്തപ്പെട്ടവരുണ്ട്. ഇത്തരക്കാരെ സ്വന്തം നാട്ടിൽ വെച്ച് തന്നെ തിരിച്ചറിയാനും സൌദിയിലേക്കുള്ള യാത്ര തടയാനും ലക്ഷ്യം വെച്ചുളളതാണ് പുതിയ നീക്കം. ഇതിലൂടെ സൌദിയിലെത്തിയ  ശേഷം വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനാകാത്ത സാഹചര്യം ഒഴിവാക്കാനാകും. സൌദിയിലെ വിമാനത്താവളങ്ങളിലെ വിരലടയാള പരിശോധനയിലൂടെയാണ് നിലവിൽ പ്രവേശന വിലക്കുള്ളവരെ കണ്ടെത്താനാകുക. എന്നാൽ പുതിയ സംവിധാനത്തിലൂടെ ഇന്ത്യയിൽ വെച്ച് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുമ്പ് തന്നെ ഇവരെ കണ്ടെത്താനും യാത്ര തടയാനും സാധിക്കും.

പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ഉംറ വിസ ഒഴികെയുള്ള എല്ലാ വിസകൾക്കും  ബയോമെട്രിക് പരിശോധന നിർബന്ധമാകും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!