23 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കലാകിരീടത്തില്‍ മുത്തമിട്ട് കണ്ണൂർ; സ്വർണ്ണക്കപ്പിൽ കണ്ണൂർ മുത്തമിടുന്നത് നാലാം തവണ

കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 952 പോയന്റോടെ കലാകിരീടത്തില്‍ മുത്തമിട്ട് കണ്ണൂര്‍ ജില്ല. 949 പോയന്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂര്‍ നാലാം സ്ഥാനത്തുെമത്തി.

23 വര്‍ഷത്തിന് ശേഷമാണ് കണ്ണൂരിലേക്ക് സ്വര്‍ണക്കപ്പെത്തുന്നത്. 1960, 1997, 1998, 2000 വര്‍ഷങ്ങളിലാണ് ഇതിന് മുന്‍പ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്‌. ആദ്യ നാല് ദിവസവും കണ്ണൂർ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. സമാപന ദിവസം പത്ത് മത്സരങ്ങളാണ് ബാക്കിയുണ്ടായിരുന്നത്. അഞ്ചിന് ഒന്നാം വേദിയിലാണ് സമാപനച്ചടങ്ങുകള്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി നടന്‍ മമ്മൂട്ടിയെത്തും.

ആശ്രാമം മൈതാനത്തെ മുഖ്യവേദിയിലാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞത്. മുഖ്യന്ത്രി പിണറായി വിജയന്‍ നിലവിളക്ക് കൊളുത്തിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

മറ്റു ജില്ലകളുടെ പോയന്റു നില

തൃശൂർ 925
മലപ്പുറം 913
കൊല്ലം 910
എറണാകുളം 899
തിരുവനന്തപുരം 870
ആലപ്പുഴ 852
കാസർകോട് 846
കോട്ടയം 837
വയനാട് 818
പത്തനംതിട്ട 774
ഇടുക്കി 730

സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂള്‍ (249 പോയന്റ്) ഒന്നാമതെത്തി. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് (116 പോയന്റ്) രണ്ടാം സ്ഥാനത്ത്.

അടുത്ത കലോത്സവം സംബന്ധിച്ച് ഇന്നു പ്രഖ്യാപനം നടത്തില്ലെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒന്നിലധികം ജില്ലകളിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്. ചില എംഎൽഎമാരും ഇതേ ആവശ്യം പറഞ്ഞിട്ടുണ്ട്. എല്ലാം പരിഗണിച്ച ശേഷമേ അടുത്ത വേദി എവിടെയെന്നു നിശ്ചയിക്കൂവെന്നും മന്ത്രി പറഞ്ഞു.

2024–25 വർഷത്തെ കലോത്സവങ്ങൾ പുതിയ ചട്ടം അനുസരിച്ചായിരിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി. വർഷങ്ങൾ പഴക്കമുള്ള കലോത്സവ മാനുവൽ പരിഷ്കരിക്കും. അതിന് ഏകദേശം 7 മാസമെടുക്കും. മുന്നോടിയായി കരട് ചട്ടം തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!