ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസ്: ‘ഗുജറാത്ത് സർക്കാർ അധികാരദുർവിനിയോഗം നടത്തി, പ്രതികൾ കോടതിയെ കബളിപ്പിച്ചു’, പ്രതികൾ രണ്ടാഴ്ചയ്ക്കുള്ളിൽ കീഴടങ്ങണം.; 56 മിനിറ്റ് നീണ്ട വിധിപ്രസ്താവം

ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ച സംഭവത്തിൽ ഗുജറാത്ത് സർക്കാർ അധികാരദുർവിനിയോഗം നടത്തിയെന്ന് സുപ്രീം കോടതി. പ്രതികൾ കോടതിയെ കബളിപ്പിച്ചുവെന്നും 56 മിനിറ്റ് നീണ്ട വിധിപ്രസ്താവത്തിൽ ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. ശിക്ഷാ ഇളവ് നൽകേണ്ടത് മഹാരാഷ്ട്ര സർക്കാരാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി പ്രതികളോട് രണ്ടാഴ്ചയ്ക്കുള്ളിൽ കീഴടങ്ങണമെന്നും നിർദേശിച്ചു.

പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ല. അവകാശമുണ്ടായിരുന്നത് വിചാരണ നടന്ന മഹാരാഷ്ട്ര സർക്കാരിനാണ്. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് പ്രതികളുടെ ശിക്ഷാ ഇളവ് സംബന്ധിച്ച തീരുമാനം എടുക്കുന്നത് എന്ന് ഗുജറാത്ത് സർക്കാരിന് അറിയാമായിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുക്കുന്നത് എന്നാണ് ഗുജറാത്ത് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നത്. സുപ്രീം കോടതിയുടെ മുൻ ഉത്തരവിൽ പിഴവ് ഉണ്ടെന്ന് ബോധ്യമായിരുന്നുവെങ്കിൽ അത് തിരുത്താൻ ഗുജറാത്ത് സർക്കാർ പുനഃപരിശോധന ഹർജി ആയിരുന്നു നൽകേണ്ടിയിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അത് ചെയ്യാതെ കുറ്റവാളികൾക്കൊപ്പം സംസ്ഥാന സർക്കാർ ഒത്ത് കളിക്കുകയായിരുന്നുവെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി.

ഗുജറാത്ത് സർക്കാരാണ് ശിക്ഷാ ഇളവ് സംബന്ധിച്ച തീരുമാനം എടുക്കേണ്ടതെന്ന സുപ്രീം കോടതിയുടെ മുൻ ഉത്തരവ് കരസ്ഥമാക്കിയ കേസിലെ പ്രതികളിൽ ഒരാളുടെ നടപടിയേയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. വസ്തുതകൾ മറച്ചുവെച്ചുകൊണ്ടും, കോടതിയെ കബിളിപ്പിച്ചു കൊണ്ടുമാണ് ഇത്തരം ഒരു ഉത്തരം കരസ്ഥമാക്കിയതെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതുകൊണ്ട് തന്നെ മുൻ ഉത്തരവും, അതിന്റെ അടിസ്ഥാനത്തിൽ എടുത്ത നടപടികളും റദ്ദാക്കുന്നതായി സുപ്രീം കോടതി ഉത്തരവിട്ടു. നിയമം ലംഘിച്ച കുറ്റവാളികളെ തിരികെ ജയിലിലേക്ക് അയച്ചേ മതിയാകു എന്നും സുപ്രീം കോടതി വ്യക്തമാക്കി. ജയിലിന് പുറത്ത് കഴിഞ്ഞ് കൊണ്ട് ശിക്ഷാ ഇളവിനായി മഹാരാഷ്ട്ര സർക്കാരിന് പുതിയ അപേക്ഷ നൽകാൻ അനുവദിക്കണം എന്ന കുറ്റവാളികളുടെ ആവശ്യവും സുപ്രീം കോടതി തള്ളി.

 

സമീകാലത്തെ ദൈർഘ്യമേറിയ വിധി പ്രസ്താവം

സുപ്രീം കോടതിയിൽ ഭരണഘടനാ ബെഞ്ചുകളുടെ വിധി പ്രസ്താവം ഒഴികെയുള്ള വിധികളുടെ പ്രസ്‌താവം സാധാരണ ഹ്രസ്വമായിരിക്കും. ഭിന്നവിധികൾ ഉണ്ടെങ്കിൽ മാത്രമാണ് വിധി പ്രസ്താവം നീണ്ടു പോകാറ്. വിധി ദൈർഘ്യമേറിയതാണെങ്കിലും അതിന്റെ അവസാന ഭാഗം മാത്രമാണ് ജഡ്ജിമാർ സാധാരണ കോടതിയിൽ വായിക്കാറ്. എന്നാൽ ജസ്റ്റിസ് ബി.വി. നാഗരത്ന ഇന്ന് 56 മിനുറ്റ് എടുത്താണ് വിധി പ്രസ്താവം പൂർത്തിയാക്കിയത്.

വിധിയിൽ ചില സുപ്രധാന നിരീക്ഷണങ്ങളും ജസ്റ്റിസ് നാഗരത്ന നടത്തി. ശിക്ഷ പ്രതികാര നടപടി അല്ലെന്ന പ്ലേറ്റോയുടെ വാചകങ്ങൾ ഉദ്ദരിച്ചുകൊണ്ടാണ് വിധിപ്രസ്താവം ആരംഭിച്ചത്. ജനാധിപത്യത്തിൽ നിയമവാഴ്ച നടന്നേ മതിയാകൂ. നിയമവാഴ്ച ഉണ്ടെങ്കിൽ മാത്രമേ സമത്വമുണ്ടാകു. ഒരു സ്ത്രീ ബഹുമാനം അർഹിക്കുന്നു. സ്ത്രീകൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങൾക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും വിധി പ്രസ്താവം നടത്തിയ ജസ്റ്റിസ് ബി.വി. നാഗരത്ന ആരാഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!