ട്രാൻസ്ജെൻഡറായ ഭർത്താവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊന്നു; യുവതിയും കൂട്ടാളികളും പിടിയിൽ

ഹൈദരാബാദ്∙ ട്രാൻസ്ജെൻഡറായ ഭർത്താവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ യുവതിയും കൂട്ടാളികളും അറസ്റ്റിൽ. തെലങ്കാനയിലെ സിദ്ധിപേട്ട് ജില്ലയിലാണ് സംഭവം. സ്വകാര്യ സ്‌കൂളിൽ അക്കൗണ്ടന്റായ വേദശ്രീ (30), ഇവരുടെ സഹായികളായ രണ്ടു പുരുഷന്മാർ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ട്രാൻസ്ജെൻഡറായ വെങ്കടേഷ് (റോജ– 35) ആണ് കൊല്ലപ്പെട്ടത്. ഡിസംബർ 11നു നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. (ചിത്രത്തിൽ കൊല്ലപ്പെട്ട ട്രാൻ‍സ്ജെൻഡർ വെങ്കടേഷ് (റോജ)

വെങ്കടേഷിന്റെ ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിനു കേസെടുത്താണ് പൊലീസ് അന്വേഷണം നടത്തിയത്. വെങ്കടേഷിനെ കൊലപ്പെടുത്താൻ 18 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് വേദശ്രീ വാടകക്കൊലയാളികളെ ഏർപ്പെടുത്തിയത്. ഇതിൽ 4.6 ലക്ഷം രൂപ കൈമാറിയതായി പൊലീസ് പറഞ്ഞു. വെങ്കടേഷിനെ ബീയർ കുടിപ്പിച്ച് മയക്കിയശേഷം ഉറക്കത്തിൽ തലയണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

2014ലാണ് വേദശ്രീയും വെങ്കടേഷും വിവാഹിതരായത്. 2015ൽ ഇവർക്ക് കുഞ്ഞു പിറന്നു. 2019ൽ, വെങ്കടേഷ് സ്ത്രീയാകാൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും റോജ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. അന്നുമുതൽ ഇവർ വേർപിരിഞ്ഞു കഴിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒരു സ്വകാര്യ സ്‌കൂളിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന വേദശ്രീയെ പിന്നീട് വെങ്കടേഷ് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.

ഭർത്താവിൽനിന്നു ജീവനാംശം ലഭിക്കണമെന്ന് ആവശ്യപ്പെട്ട വേദശ്രീയെ, വെങ്കടേഷ് സ്കൂളിലെത്തി നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു. ഇതിനെത്തുടർന്ന് വേദശ്രീയെ സ്കൂൾ അധികൃതർ ജോലിയിൽനിന്നു പുറത്താക്കി. ഇതിന്റെ വൈരാഗ്യത്തിലാണ് വെങ്കടേഷിനെ കൊലപ്പെടുത്താൻ വേദശ്രീ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!